അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെയും ഈജിപ്ഷ്യൻ പ്രസിഡന്‍റ് അബ്ദുൽ ഫതാഹ് അൽ സീസിയുടെയും സാന്നിധ്യത്തിൽ വിവിധ സഹകരണ കരാറുകളിൽ ഒപ്പുവെക്കുന്നു 

സൗഹൃദം ദൃഢമാക്കി ഖത്തർ-ഈജിപ്ത്

ദോഹ: നിരവധി മേഖലകളിൽ സഹകരണകരാറുകളിൽ ഒപ്പുവെച്ച്, സൗഹൃദം ശക്തിപ്പെടുത്തി ഈജിപ്ത് പ്രസിഡന്‍റ് അബ്ദുൽ ഫതാഹ് അൽ സീസിയുടെ ഖത്തർ സന്ദർശനം. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ദോഹയിലെത്തിയ ഈജിപ്ഷ്യൻ പ്രസിഡന്‍റും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും കൂടിക്കാഴ്ച നടത്തി. ഇതിനു പുറമെ, വിവിധ കരാറുകളിലും ഇരു വിഭാഗവും ഒപ്പുവെച്ചു. നിക്ഷേപം, വാണിജ്യം, സാമൂഹിക വികസനം, ഊർജം തുടങ്ങിയ വിവിധ കരാറുകളിലാണ് ധാരണയായത്. പ്രസിഡന്‍റിന്‍റെ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം ശക്തിപ്പെടുത്തുമെന്ന് അമീർ പറഞ്ഞു. സുരക്ഷയിലും സമാധാനത്തിലും ജനങ്ങളുടെ ക്ഷേമത്തിലും ഊന്നിയ സൗഹൃദവും സഹകരണവും അറബ് മേഖലയുടെ വളർച്ചക്കും ഗുണകരമാവുമെന്ന് വ്യക്തമാക്കി.

അമിരി ദിവാനിൽ ഈജിപ്ഷ്യൻ പ്രസിഡന്‍റിന് ഔപചാരിക സ്വീകരണം നൽകി. അമീറുമായി നടന്ന കൂടിക്കാഴ്ചയിൽ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി, അമിരി ദിവാൻ ചീഫ് ശൈഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി, ഊർജ സഹമന്ത്രി സാദ് ബിൻ ഷെരിദ അൽ കഅബി, വാണിജ്യമന്ത്രി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖാസിം ആൽഥാനി എന്നിവരും പങ്കെടുത്തു. ഖത്തറിന്‍റെ ലോകകപ്പ് ആതിഥേയത്വത്തെ അഭിനന്ദിച്ച പ്രസിഡന്‍റ്, ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്ബാൾ മേളക്കായിരിക്കും വർഷാവസാനം വേദിയാവുന്നതെന്നും വ്യക്തമാക്കി. അറബ് മേഖലക്ക് അഭിമാനമാണെന്നും ഖത്തർ ന്യൂസ് ഏജൻസിക്ക് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

സന്ദർശനത്തിന്‍റെ ഭാഗമായി ഖത്തരി വ്യാപാരികളും വ്യവസായികളുമായി പ്രസിഡൻറ് അൽ സീസി കൂടിക്കാഴ്ച നടത്തി. ഈജിപ്ത് സന്ദർശിക്കാനായി അവരെ ക്ഷണിച്ച പ്രസിഡന്‍റ് വിവിധ മേഖലകളിലെ നിക്ഷേപ അവസരങ്ങൾ തുറന്നു നൽകുന്നതായി അറിയിച്ചു. ഖത്തർ വാണിജ്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖാസിം ആൽഥാനിയും ഖത്തരി-ഈജിപ്ത് ബിസിനസ് ഫോറത്തിൽ പങ്കെടുത്തു. കാർഷിക, വാണിജ്യ, റിയൽ എസ്റ്റേറ്റ്, വ്യാവസായിക മേഖലകളിൽ സർക്കാറുമായി ചേർന്നും സ്വകാര്യ തലത്തിലുമുള്ള നിക്ഷേപത്തിലേക്ക് ഖത്തരി നിക്ഷേപകരെ ക്ഷണിച്ചു. 

Tags:    
News Summary - Qatar-Egypt strengthen friendship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.