ദോഹ: ആഫ്രിക്കൻ രാജ്യമായ നമീബിയയുടെ തീരത്തായി പുറംകടലിൽ ഖത്തർ എനർജിയുടെ നേതൃത്വത്തിലുള്ള പര്യവേക്ഷണ സംഘം എണ്ണനിക്ഷേപം കണ്ടെത്തി.
ഖത്തർ എനർജിയും ഓയിൽ ഗ്യാസ് കമ്പനിയായ ഷെല്ലും നമീബിയ ദേശീയ പെട്രോൾ കോർപറേഷനും നമീബയിലെ ഓറഞ്ച് ബേസിൻ മേഖലയിൽ നടത്തിയ സമുദ്രാന്തർ ഘനനത്തിലാണ് വൻ എണ്ണനിക്ഷേപം കണ്ടെത്തിയത്. ഖത്തർ എനർജി അധികൃതരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഖത്തർ സർക്കാറിനു കീഴിലുള്ള എണ്ണ-പ്രകൃതിവാതക സ്ഥാപനമായ ഖത്തർ എനർജി, ഷെൽ, നമീബിയ നാഷനൽ പെട്രോളിയം കോർപറേഷൻ (നാംകോർ) എന്നിവർ സംയുക്തമായുള്ള കൺസോർട്യത്തിന് കീഴിലായിരുന്നു പര്യവേക്ഷണം.
നിക്ഷേപത്തിന്‍റെ വ്യാപ്തി ഉൾപ്പെടെ കൂടുതൽ വിശദാംശങ്ങൾ അറിയാൻ പഠനം പുരോഗമിക്കുന്നതായും ബന്ധപ്പെട്ടവർ അറിയിച്ചു.
നമീബിയയിലെ ഓറഞ്ച് സെൻങ്കു നദീതീര നഗരമായ ഓറഞ്ച്മുണ്ടിൽ നിന്നും 270 കി.മീ അകലെ ഉൾക്കടലിലായാണ് ഖത്തർ എനർജി നേതൃത്വത്തിൽ കഴിഞ്ഞ വർഷം വിപുലമായ പര്യവേക്ഷണം ആരംഭിച്ചത്. 45 ശതമാനം ഖത്തർ എനർജനിയും 45 ശതമാനം ഷെല്ലും 10 ശതമാനം നാംകോറുമാണ് പര്യവേക്ഷണത്തിൽ മുതൽമുടക്കുന്നത്.
ഖത്തർ എനർജിയുടെ സാങ്കേതിക സഹായവും പിന്തുണയുമാണ് നമീബിയൻ ഉൾക്കടലിലെ വൻ നിക്ഷേപം കണ്ടെത്താൻ വഴിയൊരുക്കിയത്.
നമീബിയയുടെ കടൽതീരത്തെ ഗ്രാഫ് വൺ പര്യവേക്ഷണ ഫലം പ്രചോദനം നൽകുന്നതും കൂടുതൽ അന്വേഷണങ്ങൾക്ക് സാധ്യത വർധിപ്പിക്കുന്നതുമാണെന്ന് ഖത്തർ എനർജി സി.ഇ.ഒയും ഊർജ മന്ത്രിയുമായ സഅദ് ഷെരിദ അൽ കഅബി പറഞ്ഞു. പര്യവേക്ഷണത്തിലെ പങ്കാളികളായ ഷെൽ, നാംകോർ, ഖത്തർഎനർജിയിലെ സഹപ്രവർത്തകർ എന്നിവരെ അദ്ദേഹം അഭിനന്ദിച്ചു.
പര്യവേക്ഷണത്തിലെ കണ്ടെത്തലിനു പിന്നാലെ, നമീബിയൻ സർക്കാറുമായി സഹകരിച്ച് ഭാവി പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. 12,299 ചതുരശ്ര കി.മീ വിസ്തൃതിയിലുള്ള മേഖലയിൽ 5376 മീറ്റർ ആഴത്തിലാണ് ഗ്രാഫ് വൺ പര്യവേക്ഷണം നടന്നത്.
250 ദശലക്ഷം മുതൽ 300 ദശലക്ഷം ബാരൽ വരെ എണ്ണ നിക്ഷേപമുണ്ടാവുമെന്ന് നമീബിയൻ സർക്കാറിനെ ഉദ്ധരിച്ച് 'എനർജി കാപിറ്റൽ ആൻഡ് പവർ' റിപ്പോർട്ട് ചെയ്തു. മേഖലയുടെ തന്നെ സാമ്പത്തിക അഭിവൃദ്ധിയിലേക്ക് നയിക്കാനുള്ള നിക്ഷേപമാണിതെന്നും വിലയിരുത്തുന്നു.
ഖത്തർ എനർജിയുടെ നേതൃത്വത്തിൽ നമീബിയൻ കടൽ തീരത്ത് മൂന്ന് മേഖലകളിലായി എണ്ണ പര്യവേക്ഷണം തുടരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.