ദോഹ: ഖത്തറിന്റെ ദ്രവീകൃത പ്രകൃതിവാതക നീക്കത്തിനാവശ്യമായ കൂറ്റൻ എൽ.എൻ.ജി കപ്പലുകളുടെ നിർമാണത്തിൽ ചൈനയുമായി കരാറിൽ ഒപ്പുവെച്ച് ഖത്തർ എനർജി. ചൈന സ്റ്റേറ്റ് ഷിപ്പ്ബിൽഡിങ് കോർപറേഷൻ (സി.എസ്.എസ്.സി)യിൽനിന്നും 18 അത്യാധുനിക ക്യൂ.സി മാക്സ് സൈസ് എൽ.എൻ.ജി കപ്പലുകളുടെ നിർമാണത്തിനാണ് ഒപ്പുവെച്ചത്. 2.71 ലക്ഷം ക്യൂബിക് മീറ്റർ ശേഷിയുള്ളതാണ് പുതുതായി നിർമിക്കുന്ന ഓരോ കപ്പലും. ചൈനയിലെ ഹുഡോങ് ഴോങ്വ ഷിപ്പ്യാഡിലാകും നിർമാണം. കരാർപ്രകാരം ആദ്യ എട്ട് കപ്പലുകൾ 2028-29ലും, ശേഷിച്ച പത്ത് കപ്പലുകൾ 2030-31 വർഷങ്ങളിലുമായി കൈമാറ്റം പൂർത്തിയാക്കും. ഖത്തർ ഊർജ സഹമന്ത്രിയും ഖത്തർ എനർജി സി.ഇ.ഒയുമായ സഅദ് ഷെരിദ അൽ കഅബിയും ഹുഡോങ് ഴോങ്വ ഷിപ്പ്ബിൽഡിങ് ഗ്രൂപ്പ് ചെയർമാൻ ചെൻ ജിയാൻലിയാങ്, ചൈന ഷിപ് ബിൽഡിങ് ട്രേഡിങ് കമ്പനി ചെയർമാൻ ലി ഹോങ്ടാവോ എന്നിവർ കരാറിൽ ഒപ്പുവെച്ചു. ബെയ്ജിങ്ങിൽ നടന്ന ചടങ്ങിൽ ഖത്തർ അംബാസഡർ മുഹമ്മദ് അബ്ദുല്ല അൽ ദിഹൈമി ഉൾപ്പെടെ പ്രമുഖർ പങ്കെടുത്തു.
പ്രകൃതിവാതക വ്യവസായ ചരിത്രത്തിലെ ഏറ്റവും വലിയ കപ്പൽ നിർമാണ കരാറിനാണ് ഖത്തർ എനർജിയും ചൈനീസ് കമ്പനിയും തമ്മിൽ ഒപ്പുവെച്ചതെന്ന് ചടങ്ങിൽ പങ്കെടുത്തുകൊണ്ട് സഅദ് ഷെരിദ അൽ കഅബി പറഞ്ഞു. 600 കോടി ഡോളർ മൂല്യമുള്ളതാണ് കരാർ എന്നു അദ്ദേഹം വ്യക്തമാക്കി. നിലവിൽ ഇതേ ചൈനീസ് കമ്പനിയിൽ ഖത്തറിനാവശ്യമായ 12 സാധാരണ വലുപ്പത്തിലെ കപ്പലുകളുടെ നിർമാണം പുരോഗമിക്കുന്നുണ്ട്. ആദ്യഘട്ടം ഈ വർഷം തന്നെ ഖത്തറിന് കൈമാറും. 1.74 ലക്ഷം ക്യൂബികാണ് പരമ്പരാഗത സൈസ് കപ്പലുകളുടെ ശേഷി. ഖത്തറിന്റെ പ്രധാന എൽ.എൻ.ജി ഉപഭോക്താക്കൾ കൂടിയാണ് ചൈന. 2023ൽ 17 ദശലക്ഷം ടൺ എൽ.എൻ.ജിയാണ് ചൈന ഖത്തറിൽ നിന്നും ഇറക്കുമതി ചെയ്തത്. ഇതിനുപുറമെ, മറ്റു വിവിധ ഉൽപന്നങ്ങളുടെയും പ്രധാന വിപണിയും ചൈനയാണ്. നോർത്ത് ഫീൽഡ്, നോർത്ത് ഫീൽഡ് സൗത്ത് തുടങ്ങിയ വികസന പദ്ധതികളിലൂടെ ദ്രവീകൃത പ്രകൃതി വാതക ഉൽപാദനം 2030ഓടെ പ്രതിവർഷം 142 ദശലക്ഷം ടൺ ആയി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.