ദോഹ: സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷനൽ ഈസ്റ്റേൺ ട്രേഡിങ് കമ്പനിയുമായി (ഷെൽ) അഞ്ച് വർഷത്തെ ക്രൂഡോയിൽ വിതരണകരാർ പ്രഖ്യാപിച്ച് ഖത്തർ എനർജി.
2024 ജനുവരി മുതൽ ഷെല്ലിന് ഖത്തർ ലാൻഡ്, ഖത്തർ മറൈൻ ക്രൂഡോയിലുകൾ പ്രതിവർഷം 18 ദശലക്ഷം ബാരൽ വരെ വിതരണം ചെയ്യാൻ കരാർ വ്യവസ്ഥ ചെയ്യുന്നു.
ആദ്യ അഞ്ച് വർഷത്തെ ക്രൂഡോയിൽ വിൽപന കരാറിൽ ഒപ്പുവെക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ഊർജകാര്യ സഹമന്ത്രിയും ഖത്തർ എനർജി പ്രസിഡന്റും സി.ഇ.ഒയുമായ സഅദ് ഷെരീദ അൽ കഅ്ബി പറഞ്ഞു.
ഷെല്ലുമായുള്ള ഖത്തർ എനർജിയുടെ ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ കരാർ സഹായിക്കുമെന്നും, വിശ്വസനീയമായ ക്രൂഡോയിൽ ഓഫ് ടേക്കർ എന്നതിനപ്പുറം പ്രധാന ഉപഭോക്താവും ഖത്തർ എനർജിയുടെ തന്ത്രപ്രധാന പങ്കാളിയുമാണ് ഷെൽ എന്നും അൽ കഅ്ബി കൂട്ടിച്ചേർത്തു.
ദീർഘകാലത്തെ വ്യാപാര ബന്ധവും സഹകരണവും സ്ഥാപിക്കുന്നതിലെ ഖത്തർ എനർജിയുടെ ശ്രമമാണ് കരാർ പ്രതിഫലിപ്പിക്കുന്നത്. ഖത്തറിലും ആഗോളതലത്തിലും ഊർജ വ്യവസായത്തിൽ ഖത്തർ എനർജിയും ഷെല്ലും നിരവധി മേഖലകളിൽ പങ്കാളികളാണ്. ഖത്തർ എനർജി എൽ.എൻ.ജി പദ്ധതികൾ, പേൾ ജി.ടി.എൽ പ്ലാന്റ് തുടങ്ങിയ സംയുക്ത നിക്ഷേപ പദ്ധതികൾ ഇവയിൽ പ്രധാനപ്പെട്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.