ദോഹ: തായ്വാനിലെ സി.പി.സി കോർപറേഷനുമായി ദീർഘകാല എൽ.എൻ.ജി കരാറുകളിൽ ഒപ്പുവെച്ച് ഖത്തർ എനർജി. തായ്വാൻ സി.പി.സിയിലേക്കുള്ള എൽ.എൻ.ജിയുടെ ദീർഘകാലത്തേക്കുള്ള വിതരണത്തോടൊപ്പം നോർത്ത് ഫീൽഡ് വിപുലീകരണ പദ്ധതിയിലെ (എൻ.എഫ്.ഇ) പങ്കാളിത്തവും കരാറുകളിൽ ഉൾപ്പെടുന്നു. പ്രതിവർഷം 40 ലക്ഷം ടൺ എന്ന നിലയിൽ 27 വർഷത്തേക്കാണ് ഖത്തർ എനർജിയും തായ്വാൻ കമ്പനിയുമായി ദ്രവീകൃത പ്രകൃതി വാതക വിതരണത്തിൽ കരാറിലെത്തിയത്. ഖത്തർ കൈമാറുന്ന എൽ.എൻ.ജിക്ക് തുല്യമായിരിക്കും നോർത്ത്ഫീൽഡ് വിപുലീകരണ പദ്ധതിയിലെ തായ് കമ്പനിയുടെ നിക്ഷേപം. കരാർ പ്രകാരം പദ്ധതിയിലെ മറ്റു ഓഹരിയുടമകളുടെ ഏതെങ്കിലും പങ്കാളിത്ത താൽപര്യങ്ങളെ ബാധിക്കാതെയാണ് സി.പി.സി പങ്കാളിത്തം.
ദോഹയിലെ ഖത്തർ എനർജി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഊർജകാര്യ സഹമന്ത്രിയും ഖത്തർ എനർജി പ്രസിഡന്റും സി.ഇ.ഒയുമായ സഅദ് ഷെരീദ അൽ കഅ്ബിയും സി.പി.സി കോർപറേഷൻ ചെയർമാൻ ഷുൻ ചിൻ ലീയും കരാറുകളിൽ ഒപ്പുവെച്ചു. ഇരു കമ്പനികളിലെയും മുതിർന്ന ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു. നോർത്ത് ഫീൽഡ് എക്സ്പാൻഷൻ പദ്ധതിയിലെ പ്രധാന പങ്കാളികളിലൊരാളായി സി.പി.സിയെ സ്വാഗതം ചെയ്യുകയാണെന്നും മൂന്ന് പതിറ്റാണ്ടിലേറെയായുള്ള ഖത്തർ എനർജിയുടെ ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്നും സഅദ് ഷെരീദ അൽ കഅ്ബി ചടങ്ങിൽ പറഞ്ഞു. ലോകത്തിലെ മുൻനിര എൽ.എൻ.ജി കമ്പനിയായ ഖത്തർ എനർജി കഴിഞ്ഞ ദശകങ്ങളിലായി തായ്വാനിലെ ആഭ്യന്തര വാതക വിപണി ചലിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുവെന്നും, ഇരു കമ്പനികളും തമ്മിലുള്ള സഹകരണവും ബന്ധവും ശക്തിപ്പെടുത്തുകയുമാണ് കരാറിലൂടെ ലക്ഷ്യം വെക്കുന്നതെന്നും ഷുൻ ചിൻ ലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.