ദോഹ: 20 വർഷം ദൈർഘ്യമുള്ള 18 ദശലക്ഷം ടണിന്റെ നാഫ്ത വിതരണ കരാറിൽ ഒപ്പുവെച്ച് ഖത്തർ എനർജിയും സിംഗപ്പൂർ ആസ്ഥാനമായ ഷെൽ ഇന്റർനാഷനലും. ഖത്തർ എനർജിയുടെ ഏറ്റവും വലിയ നാഫ്ത വിതരണ കരാറിനാണ് ഒപ്പുവെച്ചത്. അടുത്തവർഷം ഏപ്രിൽ മുതൽ ഇതു പ്രകാരമുള്ള വിതരണം ആരംഭിക്കും.
ക്രൂഡോയിലിൽനിന്ന് വേർതിരിച്ചെടുക്കുന്ന പെട്രോളിയം അനുബന്ധ ഉൽപന്നമായ നാഫ്തയുടെ ലോകത്തെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ കയറ്റുമതി രാജ്യമാണ് ഖത്തർ. കഴിഞ്ഞ ഓരോ വർഷങ്ങളിലായി നാഫ്ത ഉൽപാദനത്തിൽ ഗണ്യമായ പുരോഗതി കൈവരിക്കുന്ന ഖത്തറിന്റെ ഏറ്റവും വലിയ കയറ്റുമതി കരാറിനാണ് ‘ഷെൽ ഇന്റർനാഷനലുമായി’ ഒപ്പുവെച്ചതെന്ന സവിശേഷതയുമുണ്ട്.
2023ലെ കണക്കു പ്രകാരം പ്രതിവർഷം 10 ദശലക്ഷം ടൺ ആണ് ഖത്തർ എനർജിയുടെ നാഫ്ത ഉൽപാദനം. ഒളിമ്പിക്സ് മത്സരങ്ങൾക്കായി ഉപയോഗിക്കുന്ന 5480 നീന്തൽ കുളത്തിന് അനുപാതമായി വരും ഈ അളവ്. ഡീസൽ എൻജിനുകൾക്കുള്ള ഇന്ധനമായും പെട്രോകെമിക്കൽ വ്യവസായത്തിലും നിർണായക അസംസ്കൃത വസ്തുവായാണ് ഇത് ഉപയോഗിക്കുന്നത്.
മരുന്ന്, കോസ്മെറ്റിക്സ്, സിന്തറ്റിക് ഫൈബർ, വസ്ത്രങ്ങൾ, ക്ലീനിങ് ഉൽപന്നങ്ങൾ, റബർ, ഇന്ധനം, സോൾവെന്റ്, വാഹനങ്ങളുടെ ആവശ്യം തുടങ്ങിയവയിലും ഉപയോഗിക്കുന്ന പ്രധാന വ്യവസായിക അസംസ്കൃത വസ്തുവാണ് നാഫ്ത. ഖത്തർ ഉൽപാദിപ്പിക്കുന്ന നാഫ്തയുടെ 90 ശതമാനവും പ്രകൃതി വാതകത്തിൽ നിന്നാണെന്നതും അന്താരാഷ്ട്ര വിപണിയിൽ ആവശ്യകത വർധിപ്പിക്കുന്നു.
ഖത്തർ എനർജിയുടെ ഏറ്റവും വലിയ നാഫ്ത വിതരണ കരാറിൽ ഷെല്ലുമായി കരാറിൽ ഒപ്പുവെച്ചത് അഭിമാനകരമാണെന്ന് ഊർജ സഹമന്ത്രിയും ഖത്തർ എനർജി സി.ഇ.ഒയുമായ സഅദ് ശരിദ അൽ കഅ്ബി പറഞ്ഞു. ഷെൽ സി.ഇ.ഒ വാഇൽ സവാനും കരാർ ഒപ്പുവെക്കൽ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.