ദോഹ: ലോകത്തിന്റെ വർധിച്ച ദ്രവീകൃത പ്രകൃതി വാതക ആവശ്യത്തിനിടെ ഉൽപാദനം ഇരട്ടിയായി വർധിപ്പിക്കുമെന്ന പ്രഖ്യാപനവുമായി ഖത്തർ എനർജി. ലോകത്തെതന്നെ ഏറ്റവും വലിയ എൽ.എൻ.ജി നിക്ഷേപ മേഖലയായ നോർത്ത് ഫീൽഡ് മേഖലയിലെ ഉൽപദാനം വർധിപ്പിച്ച് 2030 ഓടെ പ്രതിവർഷം 142 ദശലക്ഷം ടൺ ആയി ഉയർത്തുമെന്ന് ഖത്തർ എനർജി സി.ഇ.ഒയും ഊർജ സഹമന്ത്രിയുമായ സഅദ് ബിൻ ഷെരീദ അൽ കഅബി അറിയിച്ചു. നിലവിലെ ഉൽപാദനത്തിന്റെ 85 ശതമാനത്തോളമാണ് ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ ഉയർത്താൻ ലക്ഷ്യമിടുന്നതെന്ന് ഞായറാഴ്ച നടന്ന വാർത്ത സമ്മേളനത്തിൽ പ്രഖ്യാപിച്ചു.
നിലവിൽ പ്രതിവർഷം 77 ദശലക്ഷം ടൺ ആണ് ഖത്തറിന്റെ ഉൽപാദനം. നോർത്ത് ഫീൽഡ് പദ്ധതി പൂർത്തിയാകുന്നതോടെ 2027ൽ പ്രതിവർഷ ഉൽപാദനം 126 ദശലക്ഷം ടൺ ആയി വർധിക്കുമെന്ന് 2022ൽ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി വെസ്റ്റ് ഫീൽഡിലേക്ക് കൂടി പര്യവേക്ഷണം വിപുലീകരിച്ചതാണ് വരും വർഷങ്ങളിലായി ഉൽപാദനം വർധിപ്പിക്കുന്നത്. ഖത്തറിന്റെ പ്രധാന ഉൽപാദന കേന്ദ്രമായ റാസ് ലഫാനിലെ പര്യവേക്ഷണം കൂടുതൽ വിപുലീകരിക്കാനുള്ള ഡ്രില്ലിങ് പരിശോധന പൂർത്തിയാക്കിയതായി സഅദ് അല്‍-കഅബി പറഞ്ഞു. നോർത്ത് ഫീൽഡിന് പടിഞ്ഞാറൻ മേഖലയിലെ പര്യവേക്ഷണ സാധ്യതകൾ കൂടുതൽ വിലയിരുത്തുന്നതിലാണ് ഇപ്പോൾ ശ്രദ്ധയെന്ന് അദ്ദേഹം പറഞ്ഞു. നോര്‍ത്ത് ഫീല്‍ഡില്‍, 240 ക്യൂബിക് അടി അധിക വാതകത്തിന്റെ അളവ് കണ്ടെത്തിയതായി അധികൃതര്‍ വ്യക്തമാക്കി. ഇതുവഴി വാതക ശേഖരം 1,760 ക്യൂബിക് അടിയില്‍നിന്ന് 2000 ട്രില്യണ്‍ ക്യുബിക് അടിയിലേക്ക് ഉയരും.
ഇതിന്റെ ഭാഗമായി 80 ലക്ഷം ടൺ ശേഷിയുള്ള രണ്ട് എൽ.എൻ.ജി ട്രെയിനുകളുടെ നിർമാണവും നോർത്ത് ഫീൽഡ് വെസ്റ്റിൽ ആരംഭിക്കും.
ദ്രവീകൃത പെട്രോളിയം വാതകം, ഈഥെയ്ൻ, ഹീലിയം എന്നിവയുടെ ഉൽപാദനം വർധിക്കുന്നതോടൊപ്പം കണ്ടൻസേറ്റ് റിസർവ് നിലവിലെ 70 ബില്യൺ ബാരലിൽ നിന്ന് 80 ബില്യൺ ബാരലായി ഉയരും. നോർത്ത് ഫീൽഡിന്റെ പടിഞ്ഞാറൻ മേഖലയിൽ പുതിയ എൽ.എൻ.ജി വികസന പദ്ധതിയിലൂടെ ലോകത്തെ ഏറ്റവും ശക്തമായ പ്രകൃതിവാതക വ്യവസായ കേന്ദ്രമായി ഖത്തർ മാറുമെന്ന് മന്ത്രി സഅദ് ഷരീദ അൽ കഅബി വ്യക്തമാക്കി.
നിലവിൽ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ എൽ.എൻ.ജി ഉൽപാദകരായ ഖത്തർ, നോർത്ത് ഫീൽഡ് പദ്ധതി പൂർത്തിയായി, വിതരണം ആരംഭിക്കുന്നതോടെ 2029ൽ ലോകവിപണിയുടെ 40 ശതമാനം സ്വന്തമാക്കാൻ ഒരുങ്ങുകയാണ്.
ആഗോള ദ്രവീകൃത, പ്രകൃതിവാതക വിപണിയുടെ 40 ശതമാനം ഇപ്പോള്‍ അമേരിക്കയും ഖത്തറുമാണ് കൈയടക്കിയിരിക്കുന്നത്. 2040ൽ ഈ രാജ്യങ്ങളുടെ വിപണി പങ്കാളിത്തം 60 ശതമാനമായി ഉയരുമെന്നാണ് വിലയിരുത്തല്‍.
2022-23 വർഷങ്ങളിലായി ടോട്ടൽ എനർജി, എനി, കൊണോകോ ഫിലിപ്സ്, ഷെൽ, എക്സോൺ മൊബൈൽ തുടങ്ങി ആഗോള തലത്തിലെ എട്ട് വമ്പൻ ഉൽപാദകരുമായി ഖത്തർ എനർജി കരാറിൽ ഒപ്പുവെച്ചിരുന്നു.
അന്താരാഷ്ട്ര വിപണിയിൽ ദ്രവീകൃത പ്രകൃതിവാതക വില കുറയുന്നതിനിടെയാണ് അമേരിക്ക, കാനഡ ഉൾപ്പെടെ ഉൽപാദക രാജ്യങ്ങളുമായുള്ള മത്സരം കൂടുതൽ ശക്തമാക്കി ഖത്തർ തങ്ങളുടെ ഉൽപാദന ശേഷി വർധിപ്പിക്കുന്നത്. പണപ്പെരുപ്പ പ്രതിസന്ധി നേരിടുന്നതിന്റെ ഭാഗമായി അമേരിക്ക എക്കാലത്തെയും കുറഞ്ഞവിലയിൽ എണ്ണ, വാതക കയറ്റുമതി നടത്തുന്നതിനിടെയാണ് ഖത്തറിന്റെ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്. ഏഷ്യയുടെയും യൂറോപ്പിന്റെയും വർധിച്ച പ്രകൃതി വാതക ആവശ്യം ഖത്തറിന്റെ പദ്ധതികൾക്ക് ശക്തി പകരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.