ദോഹ: മേഖലയിലെ ഏറ്റവും വലിയ പ്രമേഹരോഗ ഗവേ ഷണ പദ്ധതി രാജ്യത്ത് ഉടൻ ആരംഭിക്കും. ഖത്തർ ഫൗണ്ടേഷന് കീഴിലുള്ള ഖത്തർ നാഷനൽ റിസർച്ച് ഫണ്ടും ഹമദ് മെഡിക്കൽ കോർപറേഷനും സംയുക്തമായുള്ള അക്കാദമിക് ഹെൽത്ത് സിസ്റ്റത്തിനുള്ള അഞ്ചു വർഷത്തെ പദ്ധതി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് ഖത്തർ ഡയബറ്റിസ് പ്രിവൻഷൻ േപ്രാഗ്രാം (ക്യു.ഡി.പി.പി) എന്ന പേരിലറിയപ്പെടുന്ന മേഖലയിലെ തന്നെ ഏറ്റവും വലിയ പ്രമേഹ രോഗ ഗവേഷണ പദ്ധതി രൂപംകൊണ്ടിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ കണ്ടുവരുന്ന രോഗാവസ്ഥയാണ് പ്രമേഹം.
സ്വദേശികളിൽ 17 ശതമാനം പേരും പ്രമേഹബാധിതരാണെന്ന് പഠനം വ്യക്തമാക്കുന്നു. ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വരുംനാളുകളിൽ രോഗികളുടെ എണ്ണത്തിൽ വലിയ തോതിലുള്ള വർധനവ് ഉണ്ടാകുമെന്നും ഖത്തർ മെറ്റാബോളിക് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും എച്ച്.എം.സി ഇേൻറണൽ മെഡിസിൻ ചെയർമാനും ക്യു.ഡി.പി.പി മേധാവിയുമായ പ്രഫ. അബ്ദുൽ ബദീ അബൂ സംറ പറഞ്ഞു.
പ്രമേഹ രോഗവുമായി ബന്ധപ്പെട്ട മുഴുവൻ അവസ്ഥകളെയും ക്യു.ഡി.പി.പി അഭിമുഖീകരിക്കും. പ്രീ ഡയബറ്റിസുമായി ബന്ധപ്പെട്ട മുഴുവൻ ജനിതക ഘടകങ്ങളും പദ്ധതിക്ക് കീഴിൽ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യമേഖല, വിദ്യാഭ്യാസ മേഖല, ഗവേഷക സംഘടനകൾ തുടങ്ങിയവർ തമ്മിലുള്ള ഗവേഷണ സഹകരണമാണ് ഇത്തരമൊരു വമ്പൻ പദ്ധതിക്ക് പിന്നിൽ. ടൈപ് 2 വിഭാഗത്തിൽ പെടുന്ന പ്രമേഹത്തെ കണ്ടെത്തുന്നതിനും പ്രതിരോധിക്കുന്നതിനും ചികിത്സിക്കുന്നതിനുമുള്ള ഏറ്റവും മികച്ചതും അത്യാധുനികവുമായ രീതിശാസ്ത്രത്തെ ഗവേഷണത്തിലൂടെ കണ്ടെത്തുകയാണ് പദ്ധതി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
ഏഴ് പദ്ധതികളുൾപ്പെടുന്നതാണ് ക്യു.ഡി.പി.പി. ടൈപ് 2 പ്രമേഹത്തിലേക്കുള്ള പ്രീ ഡയബറ്റിസിനെ തടയുക, ഗർഭാവസ്ഥയിലുള്ള ജെസ്റ്റേഷനൽ ഡയബറ്റിസിനെ തടയുന്നതിനുള്ള ഏറ്റവും മികച്ച രീതികൾ കണ്ടെത്തുക, ജെസ്റ്റേഷനൽ ഡയബറ്റിസ് ടൈപ് 2 ഡയബറ്റിസായി രൂപാന്തരം പ്രാപിക്കുന്നത് തടയുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്തുക, പുതുതായി കണ്ടെത്തിയ ടൈപ് 2 ഡയബറ്റിസ് ബാധിതരെ രോഗവിമുക്തരാക്കുക, പ്രമേഹത്തിലെ ജനിതക ഘടകങ്ങൾ കണ്ടെത്തുക, പ്രമേഹത്തെ തടയുന്നതിനും രോഗം വരാതിരിക്കുന്നതിനുമുള്ള മാർഗനിർ ദേശങ്ങൾ നൽകുന്ന ഇ-ഹെൽത്ത് ടൂൾസും മൊബൈൽ ആപ്പും വികസിപ്പിക്കുക തുടങ്ങിയവയാണ് ക്യു.ഡി.പി.പിയിലടങ്ങിയിരിക്കുന്ന ഏഴ് ഉപ പദ്ധതികൾ.
ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ദേശീയ പ്രമേഹരോഗ പ്രതിരോധ പദ്ധതിക്ക് ഈ ഗവേഷണ പദ്ധതി പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കിങ്സ് കോളജ് ലണ്ടൻ, ഇംപീരിയൽ കോളജ് ലണ്ടൻ, ഗ്ലാസ്ഗോ സർവകലാശാല, ഡബ്ലിൻ സർവകലാശാലാ കോളജ്, വലൻസിയ സർവകലാശാല തുടങ്ങി ലോകത്തിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള പ്രവർത്തനങ്ങൾക്ക് ക്യു.ഡി.പി.പി ഇതിനകം തുടക്കംകുറിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.