ദോഹ: മുക്കാൽ നൂറ്റാണ്ടിലേറെ നീണ്ട അധിനിവേശത്തിന്റെ ചരിത്രം അറിഞ്ഞും സ്വസ്ഥതയും സമാധാനവും തിരികെവരുമെന്ന പ്രാർഥനയോടെ ഒലിവ് മരം മണ്ണിലേക്കുവെച്ച് വെള്ളമൊഴിച്ചും വിദ്യാർഥികൾ നിലക്കാത്ത യുദ്ധം കാരണം ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതയോട് ഐക്യപ്പെട്ടു. ഖത്തർ ഫൗണ്ടേഷനു കീഴിലെ വിവിധ സ്കൂളുകളിലെ വിദ്യാർഥികളായിരുന്നു ഇസ്രായേലിന്റെ ആക്രമണത്തിൽ നരകയാതന തിന്നുന്ന ഫലസ്തീനികളോട് ഐക്യപ്പെട്ട് ഒരു ദിവസം വിവിധ പരിപാടികളുമായി ഒന്നിച്ചത്.
ഖത്തർ ഫൗണ്ടേഷന്റെ പ്രീ യൂനിവേഴ്സിറ്റി ഭാഗമായ മുശൈരിബിലെ ഖത്തർ അക്കാദമിയിൽ ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയുടെ ഭാഗമായി യൂനിഫോം ഇല്ലാതെയാണ് വിദ്യാർഥികൾ സ്കൂളിലെത്തിയത്. ഫലസ്തീൻ പതാകയുടെ നിറങ്ങൾ അല്ലെങ്കിൽ പരമ്പരാഗത ഫലസ്തീൻ വസ്ത്രങ്ങൾ ധരിക്കാനായിരുന്നു പ്രോത്സാഹനം നൽകിയത്. പ്രാർഥന സദസ്സ്, ബോധവത്കരണ പരിപാടികൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ നടന്നു.
ഏറെ പ്രാധാന്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും ഫലസ്തീനെ പിന്തുണക്കുന്നതിൽ വിദ്യാർഥികളെ ബോധവത്കരിക്കുന്നതിനുള്ള അവസരമായാണ് ഇതിനെ കാണുന്നതെന്നും ഖത്തർ അക്കാദമി മുശൈരിബിലെ അസി. പ്രിൻസിപ്പൽ ലാമ കലാഷ് പറഞ്ഞു.
വിഷയത്തിൽ ബോധവത്കരണം നൽകുക, ദുരിതത്തിന് ഇരയാകുന്നവരോട് സഹാനുഭൂതി വളർത്തുക, സാമൂഹികനീതി, മാനുഷിക ചർച്ചകൾ പ്രോത്സാഹിപ്പിക്കുക എന്നിവയായിരുന്നു പരിപാടിയുടെ ലക്ഷ്യമെന്നും കലാഷ് വ്യക്തമാക്കി. തുറന്ന ക്ലാസ് റൂം ചർച്ചകൾ, ചോദ്യോത്തര സെഷൻ എന്നിവയും ഇതിന്റെ ഭാഗമായി നടന്നു. വിദ്യാർഥികളിൽ ആഗോള പ്രശ്നങ്ങളെ സംബന്ധിച്ച ബോധം വളർത്താനും പ്രശ്നങ്ങളെ മനസ്സിലാക്കാനും മാറ്റത്തിനായി വാദിക്കാനും സഹായിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
ഖത്തർ അക്കാദമി ദോഹ (ക്യു.എ.ഡി) പ്രൈമറി, മിഡിൽ സ്കൂൾ കാമ്പസുകളിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഒലിവ് മരം നട്ടുപിടിപ്പിച്ചു. ഫലസ്തീൻ ലക്ഷ്യത്തിന്റെ പ്രതീകം കൂടിയായാണ് ഒലിവിനെ കണക്കാക്കുന്നത്. ഖത്തർ അക്കാദമി അൽഖോർ, താരിഖ് ബിൻ സിയാദ് സ്കൂൾ, ഖത്തർ അക്കാദമി ഫോർ സയൻസ് ആൻഡ് ടെക്നോളജി തുടങ്ങിയ ഖത്തർ ഫൗണ്ടേഷന്റെ പ്രീ യൂനിവേഴ്സിറ്റിക്ക് കീഴിലുള്ള മറ്റ് സ്കൂളുകളിലും ഫലസ്തീന് പിന്തുണയും ഐക്യദാർഢ്യവും അറിയിക്കുന്നതിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.