ദോഹ: വിദ്യാഭ്യാസ മേഖലയിലെ മികവിനുള്ള ഖത്തർ ഫൗണ്ടേഷന്റെ വേൾഡ് ഇന്നൊവേഷൻ സമ്മിറ്റ് ഫോർ എജുക്കേഷൻ (വൈസ്) പുരസ്കാരം ഇന്ത്യയിലേക്കും. ആറ് വിജയികളിൽ ഒന്നായാണ് ന്യൂഡൽഹി ആസ്ഥാനമായ ഇക് ഫൗണ്ടേഷന്റെ റോക്കറ്റ് ലേണിങ്ങിനെയും തിരഞ്ഞെടുത്തത്. വിദ്യാഭ്യാസ മേഖലയിൽ നൂതനവും ശാസ്ത്രീയവുമായി ആവിഷ്കരിക്കുന്ന പദ്ധതികൾക്കുള്ള അംഗീകാരമായാണ് ‘വൈസ്’ പുരസ്കാരം പ്രഖ്യാപിക്കുന്നത്.
റോക്കറ്റ് ലേണിങ് ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആറ് സ്ഥാപനങ്ങൾ പുരസ്കാരത്തിന് അവകാശികളായി.
ഖത്തര്‍ ഫൗണ്ടേഷന്റെ ആഗോള വിദ്യാഭ്യാസ സംരംഭമാണ് വൈസ്. മല്ഡോവയിലെ മല്ഡോവന് അസോസിയേഷന് ഓഫ് ഐ.സി.ടി കമ്പനീസിന്റെ ‘ടേക് വില്‍ ഇന്‍ എവരി സ്കൂള്‍’, അമേരിക്കയിലെ നടാകല്ലത്തിന്റെ ‘എ ഡിഫ്രന്റ് കൈന്‍ഡ് ഓഫ് ലാംഗ്വേജ് ലേണിങ്’, കെനിയയുടെ പാല് നെറ്റ് വര്‍ക്കിന്റെ ‘ഇന്റര്‍നാഷനല്‍ കോമണ്‍ അസസ്മെന്റ് ഓഫ് ന്യൂമറസി’, ന്യൂയോര്‍ക്കിലെ ഇന്റര്‍നാഷനല്‍ റസ്ക്യൂ കമ്മിറ്റിയുടെ ‘അഹ്ലന് സിംസിം’, കൊളംബിയയുടെ നേച്ചര്‍-ബേസ്ഡ് എജുക്കേഷന്‍ നെറ്റ് വര്‍ക് എന്നിവരാണ് മറ്റു പുരസ്കാര ജേതാക്കള്‍.
ആഗോളതലത്തിലെ ഏറ്റവും നൂതനമായ മികച്ച വിദ്യാഭ്യാസ പദ്ധതികള്‍ക്കാണ് വൈസ് പുരസ്കാരം നല്‍കുന്നത്. ഈ വര്‍ഷം അന്തിമ ചുരുക്കപ്പട്ടികയില്‍ 10 രാജ്യങ്ങളിൽനിന്നുള്ള 12 പദ്ധതികളാണ് ഇടം നേടിയത്.
ഇവയിൽനിന്ന് വിദഗ്ധ സമിതിയുടെ നേതൃത്വത്തിൽ ഏറ്റവും മികച്ച ആറെണ്ണം തിരഞ്ഞെടുക്കുകയായിരുന്നു.
ഇന്ത്യക്കുപുറമെ കൊളംബിയ, മൾഡോവ, കെനിയ, യു.എസ്, ജര്‍മനി, ലബനാന്, താന്‍സനിയ, തുനീഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പദ്ധതികളുമാണ് അന്തിമ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയത്. നവംബര്‍ 28, 29 തീയതികളിലായി ദോഹയില്‍ നടക്കുന്ന ചടങ്ങിലാണ് പുരസ്കാരങ്ങള്‍ സമ്മാനിക്കുക. ഓരോ പുരസ്കാര പദ്ധതിക്കും 20,000 ഡോളര്‍ വീതം ലഭിക്കും.
അന്തിമ ചുരുക്കപ്പട്ടികയില്‍ ഇന്ത്യയില്‍നിന്നുള്ള പീപ്ള്‍ ഫോര്‍ ആക്ഷന്റെ ട്രാന്‍സ്ഫോം സ്കൂള്‍സ് ഇടം നേടിയിരുന്നു. മുന്‍വര്‍ഷങ്ങളിലും ഇന്ത്യയില്‍നിന്ന് മികച്ച നിരവധി വിദ്യാഭ്യാസ പദ്ധതികള്‍ക്ക് വൈസ് പുരസ്കാരം ലഭിച്ചിരുന്നു.
കഴിഞ്ഞ വർഷം ബംഗളൂരുവിൽ നിന്നുള്ള കാലാവസ്ഥ വ്യതിയാനം പ്രശ്ന പരിഹാര പദ്ധതിയായ ‘റീപ് ബെനിഫിറ്റ്’ പുരസ്കാരത്തിന് അവകാശിയായി.
2021ൽ ഡൽഹി സർക്കാറിന്റെ ഹാപ്പിനസ് കരിക്കുലം പദ്ധതിയായ ‘ഡ്രീം എ ഡ്രീം’, 2020ൽ ‘ബെയർ ഫൂട്ട് കോളജ്’ എന്നിവയാണ് സമീപകാലത്ത് ഇന്ത്യയിൽനിന്ന് പുരസ്കാരത്തിന് അവകാശികളായത്.
കുട്ടികള്‍ക്ക് ബാല്യത്തില്‍തന്നെ അടിസ്ഥാന വിദ്യാഭ്യാസം നല്കാന് ലക്ഷ്യമിട്ടാണ് ലാഭേച്ഛ കൂടാതെ ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റോക്കറ്റ് ലേണിങ് പദ്ധതി. സാങ്കേതികവിദ്യ, മീഡിയ, സോഷ്യല്‍ ഇൻഫ്ലുവന്‍സ് ടെക്നിക് എന്നിവ ഉപയോഗിച്ച് സ്കൂളുകളെയും അംഗൻവാടികളെയും രക്ഷിതാക്കളെയും ബന്ധിപ്പിച്ചാണ് വിദ്യാർഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നത്. 15 ലക്ഷത്തിലധികം കുട്ടികളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.
സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സമൂഹത്തിൽ മികച്ച മാറ്റത്തിന് വഴിതെളിക്കുന്നതാണ് പദ്ധതി. ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളിലായി 70,000 ക്ലാസ് മുറികളിലെ 10 ലക്ഷത്തോളം കുട്ടികള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.
പീപ്ള്‍ ഫോര്‍ ആക്ഷന്റെ ട്രാന്‍സ്ഫോം 12 പേരുടെ പട്ടികയിൽ ഇടം പിടിച്ചിരുന്നു. സര്‍ക്കാര്‍ മിഡില്‍, സെക്കന്‍ഡറി സ്കൂളുകളിലെ ആറു മുതല്‍ 10ാം ക്ലാസ് വരെയുള്ള വിദ്യാർഥികളെ അവരുടെ സ്വദേശങ്ങളിലെ പ്രാദേശികഭാഷ, ഇംഗ്ലീഷ്, കണക്ക്, സയന്‍സ് എന്നീ വിഷയങ്ങളില്‍ ശരിയായ പാഠ്യനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് ട്രാന്‍സ്ഫോം സ്കൂള്‍സ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.