ദോഹ: ലോകമെമ്പാടുമുള്ള കൊച്ചുകുട്ടികൾക്ക് രസകരവും സംവേദനാത്മകവുമായ രീതിയിൽ ജീനോം സയൻസിനെക്കുറിച്ച് പഠിക്കാൻ സഹായിക്കുന്ന ആപ്പ് പുറത്തിറക്കി ഖത്തർ ഫൗണ്ടേഷൻ. ‘ജീനോം ഹീറോസ്’ എന്ന് പേരിട്ടിരിക്കുന്ന ഗെയിം ആപ്ലിക്കേഷനാണ് ഖത്തർ ഫൗണ്ടേഷൻ കുട്ടികൾക്കായി അവതരിപ്പിച്ചിരിക്കുന്നത്. ഖത്തർ ഫൗണ്ടേഷൻ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികളുടെ പിന്തുണയോടെ ക്യു.എഫിന്റെ ഖത്തർ ജീനോം പ്രോഗ്രാം രൂപം നൽകിയ ‘ജീനോം ഹീറോസ്’ ആപ്പ് അറബി, ഇംഗ്ലീഷ് ഭാഷകളിലായി ആപ്പിൾ സ്റ്റോറിലും ഗൂഗിൾ പ്ലേ സ്റ്റോറിലും ലഭ്യമാണ്.
‘ജീനോം ഹീറോസ്’ ആപ്ലിക്കേഷന്റെ തുടക്കം മുതൽ കൂടെയുള്ള 120ലധികം വിദ്യാർഥികളുടെ പങ്കാളിത്തത്തോടെ ക്യു.എഫിന് കീഴിലുള്ള ഖത്തർ അക്കാദമി ദോഹയിൽ നടന്ന ചടങ്ങിലാണ് ആപ്പ് ലോഞ്ച് ചെയ്തത്.
ഗ്ലോക്കലൈസ്ഡ് അപ്രോച്ച്, ഗ്രാഫിക്സ്, എൻഗേജിങ് സ്റ്റോറി എന്നിവയിൽ നിന്ന് രൂപം കൊണ്ട ജീനോം ഹീറോസ് ഗെയിം ആപ്ലിക്കേഷൻ, കോശങ്ങളും ഡി.എൻ.എയും പാരമ്പര്യവും കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നുണ്ട്.ദാന, ഖാലിദ് എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജീനോം ഹീറോസ് എന്ന കോമിക് പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഗെയിം രൂപകൽപന ചെയ്തിരിക്കുന്നതെന്ന് ഖത്തർ ജീനോം പ്രോഗ്രാമിലെ ജീനോമിക് എജുക്കേഷൻ തലവനും ഗെയിമിന്റെ സ്രഷ്ടാവുമായ ദിമ ദർവീശ് പറഞ്ഞു.
കുട്ടികൾക്ക് ജീനോമിക്സ് പഠിക്കാൻ രസകരമായ മാർഗം നൽകുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് ‘ജീനോം ഹീറോസ്’ എന്ന ഗെയിം ആപ്ലിക്കേഷൻ വികസിപ്പിച്ചതെന്നും ദിമ ദർവീശ് കൂട്ടിച്ചേർത്തു. ഗവേഷണാത്മകവും പരീക്ഷണാത്മക മനഃശാസ്ത്രവും സൂചിപ്പിക്കുന്നത് ഇന്നത്തെ കാലത്ത് വിദ്യാഭ്യാസത്തിനുള്ള ഏറ്റവും ശക്തമായ ഉപകരണം ഗെയിമിഫിക്കേഷൻ ആണെന്നും അവർ ചൂണ്ടിക്കാട്ടി.
ദോഹ അക്കാദമിയിലെ നാല്, അഞ്ച്, ആറ് ഗ്രേഡുകളിലെ വിദ്യാർഥികൾ ആപ്ലിക്കേഷന്റെ പരീക്ഷണ ഘട്ടത്തിലും തുടർന്നും സജീവമായി ഏർപ്പെട്ടിരുന്നതിനാൽ ജീനോം ഹീറോസിനെ സൃഷ്ടിക്കുന്നതിൽ അവിഭാജ്യ ഘടകമായിരുന്നു. ആപ്പിന്റെ ബീറ്റാ ടെസ്റ്റിങ്ങിലും ഗെയിമിന്റെ പൈലറ്റിങ്ങിലും കുട്ടികൾ ഞങ്ങളെ ഏറെ സഹായിച്ചതായും ധാരാളം പ്രധാന ഫീഡ്ബാക്കുകളാണ് ഞങ്ങൾക്ക് അവരിൽനിന്ന് ലഭിച്ചതെന്നും ദർവീശ് പറഞ്ഞു.
അതേസമയം, ആറിനും ഒമ്പതിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കും ഒമ്പത് വയസ്സിന് മുകളിലുള്ള കുട്ടികൾക്കും അനുയോജ്യമായ രണ്ട് വ്യത്യസ്ത തലങ്ങളിലാണ് ജീനോം ഹീറോസ് രൂപകൽപന ചെയ്തിരിക്കുന്നത്. ജീനോം ഹീറോസിന്റെ യാത്രയുടെ ഭാഗമായി പുതിയ അധ്യയന വർഷത്തിൽ ഖത്തർ ഫൗണ്ടേഷൻ സ്കൂളുകളിലുടനീളം പ്രത്യേക പരിപാടികൾ സംഘടിപ്പിക്കാൻ അധികൃതർ പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.