ദോഹ: പ്രതിരോധ-സൈനിക മേഖലകളിൽ സഹകരണം ശക്തമാക്കാനൊരുങ്ങി ഖത്തറും ഫ്രാൻസും. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ദോഹയിലെത്തിയ ഫ്രഞ്ച് പ്രതിരോധമന്ത്രി സെബാസ്റ്റ്യൻ ലെകോർണു അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായും പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയുമായും അമീരി ദീവാനിൽ കൂടിക്കാഴ്ച നടത്തി.
ഖത്തർ-ഫ്രഞ്ച് ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ടും പ്രത്യേകിച്ച് സംയുക്ത സൈനിക സഹകരണം ശക്തമാക്കുന്നതും പൊതുതാൽപര്യ വിഷയങ്ങളും അമീർ-ഫ്രഞ്ച് മന്ത്രി കൂടിക്കാഴ്ചയിൽ ചർച്ചചെയ്തു. അതേസമയം, പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ചർച്ചചെയ്യുകയും വിലയിരുത്തുകയും ചെയ്തതായും ലബനാൻ, സിറിയ തുടങ്ങിയ രാജ്യങ്ങളുമായി ബന്ധപ്പെട്ടും ചർച്ച നടത്തിയതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ലബനാനിലെ ഭരണപ്രതിസന്ധിയുൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചചെയ്യുന്നതിനായുള്ള ക്വിന്റെറ്റ് മീറ്റിങ്ങിലെ നയതന്ത്രജ്ഞർ ദോഹയിലെത്തിയ അതേ ദിവസം തന്നെയായിരുന്നു ഫ്രഞ്ച് മന്ത്രിയുടെ അമീർ, പ്രധാനമന്ത്രി എന്നിവരോടൊത്തുള്ള കൂടിക്കാഴ്ച. പ്രതിരോധ മേഖലയിലെ സഹകരണവുമായി ബന്ധപ്പെട്ട് ഉപപ്രധാനമന്ത്രിയും പ്രതിരോധകാര്യ സഹമന്ത്രിയുമായ ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അതിയ്യയുമായി ദുഖാൻ എയർബേസിൽ പ്രത്യേക കൂടിക്കാഴ്ചയും നടന്നു.
ഖത്തറുമായി നിരവധി പ്രതിരോധ കരാറുകളുമായി സൈനിക സഹകരണം പുലർത്തുന്ന രാജ്യമാണ് ഫ്രാൻസ്. 2022ലെ ഖത്തർ ഫിഫ ലോകകപ്പ് ഫുട്ബാളിന് സുരക്ഷയൊരുക്കിയ പ്രധാന രാജ്യങ്ങളിലൊന്ന് ഫ്രാൻസായിരുന്നു. ഇൻകമിങ് ഡ്രോണുകളെ കണ്ടെത്തുകയും തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യുന്ന ബസാൾട്ട് ആന്റി ഡ്രോൺ സിസ്റ്റവും ഉദ്യോഗസ്ഥരെയും ഖത്തറിലേക്കയക്കാനുള്ള തീരുമാനം 2021ൽ ഫ്രാൻസ് അംഗീകരിച്ചിരുന്നു.
കൂടാതെ വ്യോമസേനയുടെ നാല് ഇ-3എഫ് എയർബോൺ വാണിങ് ആൻഡ് കൺട്രോൾ സിസ്റ്റങ്ങളിൽ ഒന്നും ഖത്തറിലെത്തിയിരുന്നു. 2017ൽ 12 ഫ്രഞ്ച് നിർമിത റഫാൽ പോർവിമാനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് 130 കോടി ഡോളറിന്റെ കരാറിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.