ദോഹ: എക്സപ്ഷനൽ എൻട്രി പെർമിറ്റ് വഴി ഖത്തറിലേക്ക് പ്രവേശിക്കുന്നതിന് താമസവിസയുള്ള (റെസിഡൻസ് പെർമിറ്റ്) ലബനീസ് പൗരന്മാർക്ക് മുൻഗണനയെന്ന് ഗവൺമെൻറ് കമ്യൂണിക്കേഷൻ ഓഫിസ് അറിയിച്ചു.
പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ പ്രത്യേക നിർദേശപ്രകാരമാണ് നടപടി. കോവിഡ്–19 നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ ഭാഗമായി നടപ്പാക്കിയ പുതിയ യാത്രനയപ്രകാരം റെസിഡൻസ് പെർമിറ്റുള്ളവർക്ക് ഖത്തറിലേക്ക് പ്രവേശിക്കുന്നതിനുള്ള സംവിധാനമാണ് എക്സപ്ഷനൽ എൻട്രി പെർമിറ്റ്.
റെസിഡൻസ് പെർമിറ്റുള്ള, ഖത്തറിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്ന ലബനീസ് പൗരന്മാർക്ക് പുതിയ ഇളവ് പ്രയോജനപ്പെടും.ബൈറൂതിലെ ഖത്തർ എംബസി വഴിയോ മെട്രാഷ് 2 വഴിയോ റെസിഡൻസ് പെർമിറ്റുള്ള ലബനാനിലുള്ള തങ്ങളുടെ അടുത്ത ബന്ധുക്കളെയും ഖത്തറിലെത്തിക്കുന്നതിന് എൻട്രി പെർമിറ്റിന് അപേക്ഷിക്കാൻ കഴിയും.
ഖത്തറിലെത്തുന്ന എല്ലാ ലബനീസ് പൗരന്മാരും ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന സമയം കോവിഡ്–19 പരിശോധനക്ക് വിധേയമാകേണ്ടിവരും. തുടർന്ന് ക്വാറൻറീൻ നടപടികളിലേക്ക് പ്രവേശിക്കണം.ഖത്തറിലെത്തുന്ന എല്ലാവർക്കും നേരേത്ത തന്നെ അധികൃതർ ഇഹ്തിറാസ് ആപ് നിർബന്ധമാക്കിയിരുന്നു.കഴിഞ്ഞ ദിവസം ബൈറൂതിലുണ്ടായ കനത്ത സ്ഫോടനത്തിൽ നിരവധി പേർ മരിക്കുകയും ഏറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.