ദോഹ: ദോഹ കോർണിഷ് മുതൽ ലുസൈൽ ബൊളിവാഡും സൂഖ് വാഖിഫും ഉൾപ്പെടെ ഖത്തറിന്റെ ആകാശത്ത് വർണക്കാഴ്ചകളുമായി പൂത്തിരി വിടരുന്ന രാത്രികൾ. സായാഹ്നങ്ങളിൽ നിറഞ്ഞുകവിയുന്ന പാർക്കുകളും ബീച്ചുകളും. രാത്രിയെ പകലാക്കി സജീവമാകുന്ന ഹോട്ടലുകൾ. സംഗീതവും കലാപരിപാടികളും വിനോദങ്ങളും കളികളുമായി നാടും നഗരവും രാവും പകലും ആഘോഷത്തിമിർപ്പിലാവുന്നു.
കോവിഡ് നിഷ്പ്രഭമാക്കിയ മൂന്നു വർഷത്തിനു ശേഷമെത്തിയ ഈദുൽ ഫിത്ർ ആഘോഷമാക്കുകയാണ് ഖത്തറിലെ സ്വദേശികളും പ്രവാസികളും. കുടുംബസമേതം പുറത്തിറങ്ങി, ഈദ് അവധിക്കാലം മതിമറന്ന് ആസ്വദിക്കുന്ന കാഴ്ചകളാണെങ്ങും. ഈദ് ദിനം കുടുംബ, സുഹൃദ് സന്ദർശനങ്ങൾക്ക് മാറ്റിവെച്ചവരും പാർക്കുകളും ബീച്ചുകളും അടക്കമുള്ള വിനോദകേന്ദ്രങ്ങളിലേക്ക് നീങ്ങിയതോടെ എല്ലായിടത്തും തിരക്കുകളായി. രാവിലെ തന്നെ ആരംഭിക്കുന്ന മെട്രോ സർവിസുകളിലും തിരക്കിന് ഒട്ടും കുറവില്ല.
സ്വദേശികൾക്കും താമസക്കാർക്കും സന്ദർശകരായെത്തിയ വിദേശികൾക്കുമെല്ലാമായി വർണവൈവിധ്യമാർന്ന പെരുന്നാൾ ആഘോഷങ്ങളാണ് ഖത്തറിലെങ്ങും.
ദോഹ കോർണിഷ്, സൂഖ് വാഖിഫ്, അൽ വക്റി ഓൾഡ് സൂഖ്, കതാറ കൾച്ചറൽ വില്ലേജ്, ലുസൈൽ ബൊളെവാഡ്, മിഷൈരിബ് ഡൗൺടൗൺ, ഓൾഡ് ദോഹ പോർട്ട്, ആസ്പയർ പാർക്ക്, അൽ ബിദ പാർക്ക്, ഇസ്ലാമിക് മ്യൂസിയം ആർട് പാർക്ക്, പാർക്കുകൾ, പർപ്ൾ ഐലൻഡ് എന്നിവിടങ്ങളാണ് സന്ദർശകരുടെ പ്രധാന കേന്ദ്രങ്ങൾ. ഖത്തർ ടൂറിസം, വിവിധ സ്ഥാപനങ്ങൾ, മുനിസിപ്പാലിറ്റി മന്ത്രാലയം എന്നിവയുടെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിൽ പെരുന്നാൾ ആഘോഷ പരിപാടികളും നടക്കുന്നുണ്ട്. ഇതിനുപുറമെ, അൽ ബിദയിലെ മെഗാ പാർക്ക് കാർണിവൽ, ലുസൈൽ വിൻറർ വണ്ടർലാൻഡ് എന്നിവയും സന്ദർശകരെ ആകർഷിക്കുന്നു.
വെള്ളിയാഴ്ച പെരുന്നാളും കഴിഞ്ഞ് രണ്ടു ദിനങ്ങളിലും പതിനായിരങ്ങളെയാണ് ദോഹ കോർണിഷ് വരവേറ്റത്. ബോട്ട് സഞ്ചാരം, ഷോപ്പിങ് ഉൾപ്പെടെ വിവിധ പരിപാടികളിൽ സന്ദർശകർ പങ്കാളികളാകുന്നുണ്ട്. ഇതിനുപുറമെ, ഷോപ്പിങ് മാളുകളിലും പെരുന്നാൾ ആഘോഷം സജീവം.
കുടുംബങ്ങളുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്ന്. കത്താറയിൽ കുട്ടികൾക്കായി ഈദിയ സമ്മാനങ്ങളും വിതരണം ചെയ്യുന്നുണ്ട്.
രാജ്യത്തുടനീളമായുള്ള ബീച്ചുകളിലും പബ്ലിക് പാർക്കുകളിലും വൈകുന്നേരങ്ങളിൽ സമയം ചെലവിടാൻ എത്തുന്നവരും ഏറെയാണ്. ദോഹ തുറമുഖത്തെ ആഘോഷങ്ങൾ 25ന് സമാപിക്കും.
അഞ്ചു ദിവസത്തെ പെരുന്നാൾ അവധിക്കാല ആഘോഷങ്ങളാണ് സൂഖ് വാഖിഫിലും സൂഖ് അൽ വക്റയിലുമായി നടക്കുന്നത്. വൈകീട്ട് നാലുമുതൽ രാത്രി 11 വരെ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ ആഘോഷ പരിപാടികൾക്ക് വേദിയാകുന്നു. കുട്ടികളുടെ സ്കിൽ ഗെയിംസ്, മാർച്ചിങ് ബാൻഡ്സ്, കാർട്ടൂൺ കഥാപാത്രങ്ങൾക്കൊപ്പമുള്ള ഫൺ ഷോ ഉൾപ്പെടെ പരിപാടികൾ പലതരം. ഹെന്ന പെയിൻറിങ് സ്റ്റേഷൻ, ലഘുപലഹാരങ്ങൾ വിൽപന നടത്തുന്ന സ്റ്റാളുകൾ, കരകൗശല വസ്തുക്കളുടെ വിൽപനയുമായി പ്രത്യേക കേന്ദ്രങ്ങൾ എന്നിവ ഒരുക്കിയാണ് സൂഖിലെ പെരുന്നാൾ ആഘോഷം സജീവമാകുന്നത്. ഫനാറിന് എതിർവശത്തുള്ള പീജിയൺ സ്ക്വയറിൽനിന്ന് ആരംഭിക്കുന്ന പരേഡോടെയാണ് വൈകീട്ട് ആഘോഷങ്ങൾക്ക് തുടക്കമാവുന്നത്. ഡ്രമ്മുകളും വാദ്യമേളങ്ങളുമായി തുടങ്ങുന്ന മാർച്ച് സന്ദർശകരെയും മറ്റും ആനന്ദിപ്പിച്ചാണ് പുരോഗമിക്കുന്നത്.
നൂറ്റാണ്ടുകൾ പഴക്കമുള്ള സൂഖ് വാഖിഫ് കേന്ദ്ര മാക്കിയുള്ള ആഘോഷങ്ങൾക്കുമുണ്ട് വർഷങ്ങളുടെ പഴക്കം. റമദാനും കഴിഞ്ഞ് പെരുന്നാൾ ആഘോഷങ്ങളിൽ ഒത്തുചേരുന്ന കുടുംബങ്ങൾക്ക് സന്തോഷം പകരുകയാണ് സൂഖിലെ കലാപരിപാടികളിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.