ദോഹ: ഖത്തറും ഇന്ത്യയും തമ്മിൽ ഇരുരാജ്യങ്ങളിലേക്കും പ്രത്യേക വിമാനസർവീസുകൾ നടത്താനുള്ള എയർബബ്ൾ കരാറിൻെറ കാലാവധി ഒക്ടോബർ 31 വരെ നീട്ടി. ഇതിനിടക്ക് സാധാരണ വിമാനസർവീസുകൾ ആരംഭിക്കുകയാണെങ്കിൽ അതുവരെയായിരിക്കും കരാർ കാലാവധി.
കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യക്കാർക്ക് ഖത്തറിലേക്ക് യാത്ര ചെയ്യാൻ വഴിയൊരുക്കിയ എയർബബ്ൾ കരാർ ആഗസ്്റ്റ് 18നാണ് പ്രാബല്യത്തിൽ വന്നത്. ആഗസ്റ്റ് 31വരെയുള്ള കരാർ ആണ് ഇപ്പോൾ ഒക്ടോബർ 31 വരെ നീട്ടിയിരിക്കുന്നത്. കരാർ പ്രകാരം നിലവിൽ ഇന്ത്യൻ വിമാനകമ്പനികളും ഖത്തർ എയർവേയ്സും ഇരുരാജ്യങ്ങളിലേക്കും സർവീസ് നടത്തുന്നുണ്ട്. ഇന്ത്യൻ വ്യോമയാന മന്ത്രാലയവും ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയുമാണ് കരാറിൽ ഒപ്പുവെച്ചത്. ആകെയുള്ള മൊത്തം സീറ്റുകൾ ഇന്ത്യൻ കമ്പനികളും ഖത്തർഎയർവേയ്സും പങ്കുവെച്ചാണ് സർവീസ് നടത്തുന്നത്. ഖത്തർ വിസയുള്ള ഏത് ഇന്ത്യക്കാരനും ഖത്തറിലേക്ക് മടങ്ങിയെത്താം. ഖത്തരി പൗരൻമാർക്കും യാത്ര ചെയ്യാം. എന്നാൽ ഖത്തറിലേക്ക് മാത്രമുള്ളവരാകണം യാത്രക്കാർ. ആഗസ്റ്റ് ഒന്നുമുതൽ ഐഡി കാലാവധി കഴിഞ്ഞ ഇന്ത്യക്കാർ റീ എൻട്രി പെർമിറ്റ് എടുത്ത് ഖത്തറിലേക്ക് മടങ്ങിയെത്തുന്നുണ്ട്.
https://portal.www.gov.qa/wps/portal/qsports/home എന്ന ഖത്തർ പോർട്ടൽ വഴിയാണ് പെർമിറ്റിന് അപേക്ഷ നൽകേണ്ടത്. വിസാകാലാവധി കഴിഞ്ഞവർക്കുള്ള ഫീസ് ഖത്തർ ഒഴിവാക്കിയിട്ടുമുണ്ട്.
ആഗസ്റ്റ് ഒന്നുമുതൽ ഐഡി കാലാവധി കഴിഞ്ഞ ഇന്ത്യക്കാർക്കടക്കം റീ എൻട്രി പെർമിറ്റ് എടുത്ത് ഖത്തറിലേക്ക് മടങ്ങാനുള്ള അനുമതിയുണ്ട്. എന്നാൽ മറ്റ് രാജ്യങ്ങളിലേക്കുള്ള വിമാനസർവീസുകൾക്കുള്ള വിലക്ക് ഇന്ത്യ ആഗസ്റ്റ് 31 വരെ നീട്ടിയതോടെ ഇന്ത്യക്കാരുടെ മടക്കം അനിശ്ചിത്വത്തിലായിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ പ്രത്യേക കരാർ ഉണ്ടാക്കണമെന്ന് ശക്തമായ ആവശ്യങ്ങൾ ഉയർന്നിരുന്നു. മടക്കം വൈകുന്നതോടെ ഖത്തറിലെ തൊഴിൽമേഖലയിലടക്കം ഇന്ത്യക്കാർക്കുണ്ടാക്കുന്ന തിരിച്ചടികളും പ്രശ്നങ്ങളും സംബന്ധിച്ച് 'ഗൾഫ്മാധ്യമം' തുടർവാർത്തകൾ നൽകിയിരുന്നു. ഇതിനെതുടർന്ന് വിവിധ പ്രവാസിസംഘടനകൾ സംയുക്തയോഗം ചേർന്ന് അധികൃതർക്ക് നിവേദനം നൽകിയിരുന്നു. എയർബബ്ൾ കരാർ നിലവിൽ വന്നതോടെ നാട്ടിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാർക്ക് ഏറെ ആശ്വാസമാണ് ഉണ്ടായത്. ഇതിനകം നിരവധി പേർ ഖത്തറിൽ മടങ്ങിയെത്തുകയും ചെയ്തു. കരാർ ഒക്ടോബർ 31 വരെ നീട്ടിയതോടെ കൂടുതൽ ഇന്ത്യക്കാർക്ക് മടങ്ങിയെത്താനുള്ള അവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത്.
അതേസമയം, സെപ്റ്റംബർ ഒന്നുമുതൽ ഖത്തറിൽ കൂടുതൽ കോവിഡ്നിയന്ത്രണങ്ങൾ നീക്കും. ദോഹ മെേട്രാ അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങൾ പുനരാരംഭിക്കും. എല്ലാ പള്ളികളും പൂർണമായും തുറക്കും. മാളുകളിൽ കുട്ടികൾക്ക് പ്രവേശനം അനുവദിക്കും. 18 വയസ്സിന് മുകളിലുള്ളവരെ മാത്രം അനുവദിച്ച് സിനിമതിയറ്ററുകൾ 15 ശതമാനം ശേഷിയിൽ തുറക്കാം. 80 ശതമാനം ജീവനക്കാർ മാത്രം ഓഫിസുകളിൽ നേരിട്ടെത്തി ജോലി ചെയ്യുന്ന സ്ഥിതി തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.