ദോഹ: കളിയുടെ മഹാമേളക്കൊപ്പം രുചിയുടെ അറേബ്യൻപെരുമയുമായി പതിമൂന്നാമത് അന്താരാഷ്ട്ര ഭക്ഷ്യമേളക്ക് ദോഹ എക്സ്പോ വേദിയിൽ തുടക്കമായി. അൽ ബിദ പാർക്കിലെ എക്സ്പോയോട് അനുബന്ധിച്ചു തന്നെയാണ് ലോകത്തിന്റെ വിവിധ മേഖലകളിൽനിന്നുള്ള പാചക വിദഗ്ധരും രുചിക്കൂട്ടുകളും സംഗമിക്കുന്ന ഖത്തർ അന്താരാഷ്ട്ര ഭക്ഷ്യമേള അരങ്ങേറുന്നത്. ബുധനാഴ്ച ആരംഭിച്ച മേള ഫെബ്രുവരി 17 വരെ തുടരും.
ഫാമിലി സോണില്‍ നടക്കുന്ന ഫുഡ് ഫെസ്റ്റില്‍ പ്രമുഖ റസ്റ്റാറന്റുകള്‍, പ്രാദേശിക, അന്തര്‍ദേശീയ ഷെഫുകളുടെ തത്സമയ പാചക പ്രദര്‍ശനങ്ങള്‍, മാസ്റ്റര്‍ ക്ലാസുകള്‍, പാചക മത്സരങ്ങള്‍ എന്നിവയും നടക്കും.
നൂറോളം ഭക്ഷ്യ, പാനീയ കിയോസ്കുകളാണ് ഫാമിലി സോണിൽ ഒരുക്കിയത്. അന്താരാഷ്ട്ര തലത്തിലേത് മുതൽ മെഡിറ്ററേനിയൻ, ഏഷ്യൻ, അറബിക് രുചി വൈവിധ്യങ്ങളുടെ കലവറയാണ് ഇത്തവണയും മേളയുടെ ആകർഷണം.
ലോകപ്രശസ്ത പാചക വിദഗ്ധരുടെ ലൈവ് കുക്കിങ് ഷോ, ശിൽപശാല എന്നിവക്കു പുറമെ, രാത്രി സന്ദർശകർക്ക് ആവേശകരമായ കാഴ്ചയൊരുക്കുന്ന പാരാമോട്ടോർ ഫയർവർക്സും ഇത്തവണത്തെ ആകർഷണമാണ്.
‘ഡിന്നർ ഇൻ ദി സ്കൈ’ എന്ന പേരിൽ അതിഥികൾക്ക് 40 മീറ്റർ ഉയരെ ആകാശത്ത് ഒരുക്കുന്ന സൽക്കാരമാണ് ശ്രദ്ധേയമായ മറ്റൊന്ന്. ആകാശക്കാഴ്ചക്കൊപ്പം ആഡംബരമായി തന്നെ ഭക്ഷണവും കഴിക്കാം. മൂന്ന് വിഭവങ്ങളടങ്ങിയ ആകാശ ഭക്ഷണത്തിന് 499 റിയാലാണ് നിരക്ക്. മേളയിലേക്ക് പ്രവേശനം സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.