ദോഹ: ഇന്ത്യ കേന്ദ്രമായി ആഗോള മാധ്യമ നിക്ഷേപകരുടെ നേതൃത്വത്തിൽ സ്ഥാപിക്കുന്ന 'ബോധി ട്രീ'യിലേക്ക് 150 കോടി ഡോളറിന്‍റെ (ഏതാണ്ട് 11,300 കോടിയിലേറെ രൂപ) വൻ നിക്ഷേപവുമായി ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി (ക്യു.ഐ.എ). ആഗോള മാധ്യമ ഭീമൻ റൂപർട് മർഡോകിന്‍റെ മകനും ലൂപ സിസ്റ്റംസ് സ്ഥാപകനും സി.ഇ.ഒയുമായ ജെയിംസ് മർഡോകും സ്റ്റാർ ഇന്ത്യ മുൻ ചെയർമാനും സി.ഇ.ഒയും വാൾട്ട് ഡിസ്നി ഏഷ്യ പസഫിക് മുൻ പ്രസിഡന്‍റുമായ ഉദയ് ശങ്കറിന്‍റെയും നേതൃത്വത്തിൽ ആരംഭിക്കുന്ന 'ബോധി ട്രീ'യിലേക്കാണ് ഖത്തറിന്‍റെ വൻ നിക്ഷേപം. ഇന്ത്യയിലെയും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെയും വിപുലമായ വിപണിയെ ലക്ഷ്യം വെച്ചാണ് ആഗോള മാധ്യമ മേഖലയെ നിയന്ത്രിച്ച പ്രധാനികൾ മാധ്യമ-ഉപഭോക്തൃ സാങ്കേതിക മേഖലയിലെ ശക്തമായ സാന്നിധ്യമാവാൻ ഒരുങ്ങുന്ന പുതിയ സ്ഥാപനവുമായി രംഗത്തെത്തുന്നത്. മാധ്യമ, വിദ്യാഭ്യാസ, ആരോഗ്യ മേഖല ഉൾപ്പെടെയുള്ള വിവിധ മേഖലകളിലേക്കുള്ള നിക്ഷേപ പ്ലാറ്റ്ഫോമായാണ് ബോധി ട്രീ രൂപവത്കരിച്ചത്.
ബോധി ട്രീ എന്ന ആശയത്തെ യാഥാർഥ്യമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കാനാവുന്നതിൽ അഭിമാനിക്കുന്നതായി ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി സി.ഇ.ഒ മൻസൂർ ബിൻ ഇബ്രാഹിം അൽ മഹ്മൂദ് പറഞ്ഞു. മാധ്യമ-സാങ്കേതികവിദ്യാ മേഖലയിലെ നിക്ഷേപത്തിലൂടെ ഇന്ത്യയും തെക്കുകിഴക്കൻ ഏഷ്യയുമാണ് പ്രധാന വിപണിയെന്നും അദ്ദേഹം വ്യക്തമാക്കി.മേഖലയിലെ മാധ്യമ രംഗത്തെ പുതുകാലത്ത് നിയന്ത്രിച്ച രണ്ട് പ്രധാനികൾ എന്ന നിലയിലാണ് ജെയിംസ് മർഡോകും ഉദയ്ശങ്കറും സംയുക്ത സംരംഭവുമായി രംഗത്തിറങ്ങുന്നത്. കഴിഞ്ഞ ദിവസമാണ് ഇരുവരും 'ബോധി ട്രീ' യാഥാർഥ്യമാവുന്ന വാർത്ത പ്രഖ്യാപിച്ചത്.
ഖത്തർ ഭരണകൂടത്തിനുകീഴിലെ നിക്ഷേപക സ്ഥാപനമാണ് ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി. രാജ്യാന്തര തലത്തിൽ തന്നെ വൻകിട പദ്ധതികളിലും മറ്റുമായി സജീവ നിക്ഷേപ സാന്നിധ്യം കൂടിയാണ് ക്യു.ഐ.എ.മാധ്യമ പ്രവർത്തകനായി കരിയർ ആരംഭിച്ച ഉദയ് ശങ്കർ, ഇന്ത്യയിലെയും ഏഷ്യയിലെയും ടെലിവിഷൻ ലോകത്തെ വിപ്ലവകരമായി മാറ്റിമറിച്ച വ്യക്തിത്വം കൂടിയാണ്. 2007ൽ സ്റ്റാർ ഇന്ത്യ സി.ഇ.ഒ ആയി സ്ഥാനമേറ്റ ഇദ്ദേഹം കമ്പനിയെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മീഡിയ കോർപറേഷനാക്കി മാറ്റി. ശേഷം, മർഡോകിന്‍റെ 'ട്വന്‍റിഫസ്റ്റ് സെഞ്ച്വറി ഫോക്സ്' ഏഷ്യ മേധാവിയായും പ്രവർത്തിച്ചു. ഉദയിനു കീഴിലായിരുന്നു, സ്റ്റാറിന്‍റെ ഡിജിറ്റൽ പ്ലാറ്റ്ഫോമിലെ വമ്പന്മാരായി മാറിയ ഹോട്സ്റ്റാർ ആരംഭിക്കുന്നതും വിപണി കീഴടക്കുന്നതും. നിലവിൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) പ്രസിഡന്‍റാണ് ഉദയ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.