ദോഹ: റമദാൻ വ്രതവും പെരുന്നാൾ ആഘോഷവും കഴിഞ്ഞതിനു പിന്നാലെ, ഖത്തർ കാത്തിരിക്കുന്നത് കായിക ഉത്സവങ്ങളുടെ കൊടിയേറ്റത്തിന്. മേയ് ആദ്യ വാരം മുതൽ ഒരുപിടി അന്താരാഷ്ട്ര മത്സരങ്ങളും ശ്രദ്ധേയമായ കായികപരിപാടികളുമാണ് ദോഹയിലും മറ്റുമായി നടക്കുന്നത്. ലോകകപ്പ് ഫുട്ബാൾ പോരാട്ടങ്ങൾ കഴിഞ്ഞ് നാലു മാസം പിന്നിടുമ്പോഴേക്കും ചെറുതും വലതുമായി നിരവധി കായികപോരാട്ടങ്ങൾക്ക് അരങ്ങൊരുക്കാനുള്ള തയാറെടുപ്പിലാണ് ഖത്തർ. ലോക അത്ലറ്റിക്സ് സീസണിന്റെ തുടക്കമായ ഡയമണ്ട് ലീഗ്, വേൾഡ് ജൂഡോ ചാമ്പ്യൻഷിപ്, ഏഷ്യൻ കപ്പ് ടീം നറുക്കെടുപ്പ് എന്നിവ അവയിൽ ചിലതാണ്.
ലോക അത്ലറ്റിക്സിലെ പ്രമുഖ താരങ്ങൾ മാറ്റുരക്കുന്ന ഡയമണ്ട് ലീഗ് അത്ലറ്റിക്സ് മേയ് അഞ്ചിന് സുഹൈം ഹമദ് ബിൻ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ഇന്ത്യയുടെ ഒളിമ്പിക്സ് ചാമ്പ്യൻ നീരജ് ചോപ്ര, ഖത്തറിന്റെ ഹൈജംപ് ഇതിഹാസം മുഅ്തസ് ബർഷിം, ഇറ്റലിയുടെ ജിയാൻമാർകോ ടാംബേരി, ജാവലിനിലെ ഇരട്ട ലോകചാമ്പ്യൻ ആൻഡേഴ്സൺ പീറ്റേഴ്സ്, ലോകത്തിലെ ഏറ്റവും മികച്ച സ്പ്രിൻറർമാരായ ആന്ദ്രെ ഡി ഗ്രാസ്, മൈക്കൽ നോർമൻ, ഫ്രെഡ് കെർലി, കെന്നി ബെഡ്നാറെക് തുടങ്ങിയ സൂപ്പർതാരങ്ങൾ മാറ്റുരക്കുന്ന ഡയമണ്ട് ലീഗ് സീസൺ പോരാട്ടങ്ങളുടെ തുടക്കംകൂടിയാണ്. ഈ വർഷം നടക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്, ലോക ചാമ്പ്യൻഷിപ്, ഏഷ്യൻ ഗെയിംസ്, അടുത്ത വർഷം ജൂണിൽ നടക്കുന്ന പാരിസ് ഒളിമ്പിക്സ് എന്നിവക്കു മുമ്പായി താരങ്ങൾക്ക് ഒരുങ്ങാനുള്ള അവസരം.
കായികാഭ്യാസികളുടെ പ്രധാന പോരാട്ടങ്ങളിലൊന്നായ വേൾഡ് ജൂഡോ ചാമ്പ്യൻഷിപ്പിന് ഇത്തവണ ഖത്തറാണ് വേദി. 100 രാജ്യങ്ങളിൽനിന്നായി 700ഓളം ജൂഡോ താരങ്ങൾ മാറ്റുരക്കുന്ന ചാമ്പ്യൻഷിപ്പിന് മേയ് ഏഴു മുതൽ 14 വരെ അലി ബിൻ ഹമദ് അൽ അതിയ്യ അറീനയാണ് വേദിയാവുന്നത്. ഇതാദ്യമായാണ് ടൂർണമെൻറിന് ഒരു ഗൾഫ് രാജ്യം വേദിയൊരുക്കുന്നത്. ഒളിമ്പിക്സ് യോഗ്യതാമത്സരം എന്ന സവിശേഷതകൂടി ഈ ചാമ്പ്യൻഷിപ്പിനുണ്ട്. ഐ.ജെ.എഫ് വേൾഡ് ടൂറിന്റെ ഭാഗമായി കണക്കാക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ നിന്നാവും ഒളിമ്പിക്സ് യോഗ്യതാറൗണ്ടിലേക്ക് താരങ്ങൾ യോഗ്യത നേടുന്നത്. ഖത്തർ തൈക്വാൻഡോ, ജൂഡോ, കരാട്ടേ ഫെഡറേഷനാണ് ടൂർണമെൻറ് ആതിഥേയർ.
ലോകകപ്പ് ഫുട്ബാൾ ഒഴിഞ്ഞ മണ്ണിൽ, അതേ ആവേശത്തോടെ കാത്തിരിക്കുന്ന മറ്റൊരു ഫുട്ബാൾ മേളയാണ് ഏഷ്യൻ കപ്പ്. അടുത്ത വർഷം ജനുവരി-ഫെബ്രുവരിയിലായി നടക്കുന്ന ഏഷ്യൻ കപ്പിന്റെ ടീം നറുക്കെടുപ്പിന് മേയ് മാസത്തിൽ ദോഹ വേദിയാവും. മേയ് 11ന് കതാറ ഓപൺ ഹൗസിലായിരുന്നു 24 ടീമുകളുടെ ഗ്രൂപ് നറുക്കെടുപ്പ്. ടീമുകളുടെ റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ നാലു പോട്ടുകളായി തിരിച്ചാവും ആറു ഗ്രൂപ്പുകളിലേക്കുള്ള നറുക്കെടുപ്പ് നടക്കുന്നത്. ഓരോ ഗ്രൂപ്പിലും നാലു ടീമുകൾ വീതം ഇടംപിടിക്കും. ഏഷ്യൻ ഫുട്ബാളിലെ പ്രമുഖ താരങ്ങൾ ചടങ്ങിന്റെ ശ്രദ്ധേയ സാന്നിധ്യമാവും. ടീമുകളുടെ പരിശീലകരും കളിക്കാരും നറുക്കെടുപ്പ് വേദിയിലുണ്ടാവും. 2024 ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെയാണ് ഏഷ്യൻ കപ്പ് ഫുട്ബാൾ.
ഖത്തറിലെ ക്ലബ് ഫുട്ബാളിലെ ഏറ്റവും വീറും വാശിയുമുള്ള പോരാട്ടമാണ് അമീർ കപ്പ്. അവസാന ഘട്ടത്തിലേക്കു നീങ്ങിയ അമീർ കപ്പിന്റെ കലാശപ്പോരാട്ടത്തിന് മേയ് 12ന് അഹമ്മദ് ബിൻ അലി സ്റ്റേഡിയം വേദിയാവും.
ജൂൺ, ജൂലൈ മാസത്തിലെ ചൂടും കഴിഞ്ഞ് വിവിധ ദേശീയ ചാമ്പ്യൻഷിപ്പുകൾക്കുശേഷം ഒക്ടോബറിൽ ആരാധകലോകം കാത്തിരിക്കുന്ന ഫോർമുല വൺ കാറോട്ട പോരാട്ടത്തിന് ഖത്തർ വേദിയാവും. കഴിഞ്ഞ മാർച്ചിൽ തുടങ്ങിയ സീസണിലെ 18ാം ഗ്രാൻഡ് പ്രീയാണ് ഖത്തറിലേക്ക്. ലുസൈൽ ഇൻറർനാഷനൽ സർക്യൂട്ട് വേദിയാവുന്ന ഖത്തർ ഗ്രാൻഡ്പ്രീ ഒക്ടോബർ എട്ടിനാണ് ഷെഡ്യൂൾ ചെയ്തത്. 2021ലായിരുന്നു ഫോർമുല വണ്ണിൽ ഖത്തർ ആദ്യമായി പങ്കാളിയായത്. കഴിഞ്ഞ വർഷം ലോകകപ്പിനെ തുടർന്ന് വേദിയായില്ല. ഈ വർഷം മുതൽ പത്തു വർഷത്തെ കരാർ നിലവിൽ വന്ന സാഹചര്യത്തിൽ എഫ് വൺ പോരാട്ടങ്ങൾ വീണ്ടും സജീവമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.