ദോഹ: കാർബൺ ബഹിർഗമനം കുറച്ച്, വൈദ്യുതി ഉൽപാദനത്തിന് സൗരോർജം ഉൾപ്പെടെ പുനരുപയോഗം ഊർജപദ്ധതികൾ വ്യാപിപ്പിക്കുന്ന പുതിയ ദേശീയനയം പ്രഖ്യാപിച്ച് ഖത്തർ. രാജ്യത്തെ ഊർജ മേഖലയിലെ 22 വമ്പന്മാരുമായി കൈകോർത്താണ് ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ (കഹ്റമ) ദേശീയ പുനരുപയോഗ ഊർജനയം പ്രഖ്യാപിച്ചത്. ഖത്തർ ദേശീയ വിഷൻ 2030, മൂന്നാമത് ഖത്തർ ദേശീയ വികസനപദ്ധതി 2024-2030 എന്നിവയുടെ ഭാഗമായാണ് ഊർജമേഖല പരിസ്ഥിതി സൗഹൃദമാക്കുന്ന നയത്തിന് തുടക്കം കുറിക്കുന്നത്. രാജ്യത്തിന്റെ പുനരുപയോഗ ഊർജസ്രോതസ്സുകളുടെ വിനിയോഗം വർധിപ്പിക്കാനും വൈവിധ്യവത്കരിക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. എണ്ണ, പ്രകൃതി വാതകങ്ങളെ ആശ്രയിച്ചുള്ള വൈദ്യുതി ഉൽപാദനം കുറക്കാനും, പകരം സൗരോർജം ഉൾപ്പെടെ സമാന്തര ഊർജ പദ്ധതികളുടെ ഉപയോഗം വർധിപ്പിക്കുകയുമാണ് ലക്ഷ്യം. 2030ഓടെ പുനരുപയോഗ വൈദ്യുതി ഉൽപാദനം നാല് ജിഗാ വാട്ടായി ഉയർത്തും. സൗരോർജ ഉൽപാദനശേഷി 200 മെഗാവാട്ടിലേക്കും ഉയർത്തും.
പുനരുപയോഗ ഊർജ പരിപാടിയുടെ തയാറെടുപ്പുകളുടെ ഭാഗമായി വിതരണക്കാരിൽനിന്നും നിർമാതാക്കളിൽനിന്നും അംഗീകൃത സോളാർ പാനലുകൾക്കും ഇൻവെർട്ടറുകൾക്കുമുള്ള അപേക്ഷ സ്വീകരിക്കുന്നത് ആരംഭിച്ചതായി കഹ്റമ ഈയിടെ അറിയിച്ചിരുന്നു. കരാറുകാരുടെയും കൺസൾട്ടന്റുകളുടെയും യോഗ്യതാ നടപടികളും അപേക്ഷ സമർപ്പണവും സാങ്കേതിക നിയന്ത്രണങ്ങളും പിന്നീട് പുറത്തുവിടുമെന്നാണ് കഹ്റമ അറിയിച്ചിരിക്കുന്നത്. വിതരണം ചെയ്യുന്ന പുനരുപയോഗ ഊർജത്തിന്റെ നെറ്റ്-ബില്ലിങ് നടപ്പിലാക്കും. ഇതുവഴി മിച്ച വൈദ്യുതി നിശ്ചിത വിലക്ക് ഗ്രിഡിലേക്ക് വിൽക്കാൻ സാധ്യമാക്കും. ഉപഭോക്താവിന്റെ പരിസരത്തുള്ള ബൈഡയറക്ഷണൽ മീറ്റർ വൈദ്യുതി ഉപയോഗവും ഗ്രിഡിലേക്ക് നൽകുന്ന മിച്ചവൈദ്യുതിയും അളക്കുകയും ഭാവിയിലെ ഉപഭോഗം നികത്താൻ ഉപഭോക്തൃ അക്കൗണ്ടിൽ മിച്ചവൈദ്യുതി ക്രെഡിറ്റ് ചെയ്യുകയും ചെയ്യും. ഇത് വൈദ്യുതി ബില്ല് കുറക്കാൻ സഹായിക്കും.
സൗരോര്‍ജ പദ്ധതികള്‍ക്ക് ഏറെ സാധ്യതയുള്ള രാജ്യമാണ് ഖത്തര്‍. പ്രതിവര്‍ഷം ഒരു സ്ക്വയർ മീറ്ററില്‍നിന്ന് 2000 കിലോ വാട്ട് വരെ ലഭ്യമാകുമെന്നാണ് കണക്ക്. ഇത് മുതലെടുത്ത് പെട്രോളിയം വസ്തുക്കളില്‍നിന്നുള്ള ഊര്‍ജ ഉല്പാദനം കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. ഉല്പാദന ചെലവ് 15 ശതമാനം കുറയ്ക്കുന്നതിനൊപ്പം കാര്‍ബണ്‍ ബഹിര്‍ഗമനം ഗണ്യമായി കുറയ്ക്കാനും ഇതുവഴി സാധിക്കും. നിലവില്‍ പ്രകൃതിവാതകം അടിസ്ഥാനമാക്കിയുള്ള തെര്‍മല്‍ പ്ലാന്റുകളാണ് ഖത്തറിന്റെ പ്രധാന വൈദ്യുതി സ്രോതസ്സ്. സുസ്ഥിരതയും ക്ലീന്‍ എനര്‍ജിയും ലക്ഷ്യമാക്കിയാണ് സൗരോര്‍ജ പദ്ധതികളിലേക്കുള്ള ഖത്തറിന്റെ മാറ്റം. അൽ ഖര്‍സാ പദ്ധതി ഇതില്‍ നിര്‍ണായകമാണ്. 10 സ്ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയിലാണ് അല്‍ ഖര്‍സാ സൗരോര്‍ജ പദ്ധതി പ്രവര്‍ത്തിക്കുന്നത്, 800 മെഗാവാട്ടാണ് ശേഷി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.