ദോഹ: പേരും ഊരും അറിയാത്ത ആ കുടുംബത്തിലേക്ക് ആകാശത്തുനിന്ന് ഒരു മാലാഖയെപോലെ നീലഗിരി സ്വദേശിനിയായ ജാൻസി റെജി എന്ന നഴ്സ് ഇറങ്ങിവന്നു. ദോഹയിൽനിന്ന് കോഴിക്കോട്ടേക്കുള്ള വിമാനയാത്ര പാതിവഴി പിന്നിടവെ, ബോധമറ്റ്, ചുണ്ടുകൾ വരണ്ട്, തൊണ്ടയും വറ്റി മരണത്തെ മുഖാമുഖം കണ്ട ആ മധ്യവയസ്കയുടെ ഹൃദയതാളം വീണ്ടെടുക്കാൻ മാത്രമെന്നപോലെയായിരുന്നു ഹമദ് മെഡിക്കൽ കോർപറേഷൻ കാർഡിയാക് വിഭാഗത്തിലെ ക്രിട്ടിക്കൽ കെയർ നഴ്സായ ജാൻസിയുടെ നാട്ടിലേക്കുള്ള യാത്ര. ചില അടിയന്തര ജോലികൾ ചെയ്തുതീർക്കാനുള്ളതിനാൽ രണ്ടാഴ്ചത്തെ അവധിക്കാണ് മുംബൈയിൽ സ്ഥിര താമസക്കാരിയായ ജാൻസി നാട്ടിലേക്ക് പുറപ്പെട്ടത്. ഉച്ചക്ക് 12.45ന് ദോഹയിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് പറന്നുയർന്ന് രണ്ടു മണിക്കൂർ പിന്നിട്ടതിനു പിന്നാലെയായിരുന്നു നാടകീയ രംഗങ്ങൾ.
ആ സമയത്തെ ജാൻസി റെജി വിവരിക്കുന്നത് ഇങ്ങനെ... ‘യാത്ര പാതി വഴിയെങ്കിലും പൂർത്തിയായപ്പോഴാണ് കാബിൻ ക്രൂ യാത്രക്കാരിൽ ഡോക്ടർമാരുണ്ടോ എന്ന് അന്വേഷിക്കുന്നത് ശ്രദ്ധയിൽപെട്ടത്. മുൻനിരയിലെ യാത്രക്കാരിൽ ഒരു സ്ത്രീ കുഴഞ്ഞു വീണതായി മനസ്സിലായി. മറ്റൊന്നും എനിക്ക് ആലോചിക്കാനില്ലായിരുന്നു. കാബിൻ ക്രൂ വിളിച്ച ഭാഗത്തേക്ക് ഞാൻ ഓടി. അപ്പോഴേക്കും കാബിൻക്രൂ സംഘത്തിൽ ഒരാളായ നിക്കി സി.പി.ആർ നൽകിത്തുടങ്ങിയിരുന്നു. പിന്നെ ഞങ്ങൾ രണ്ടുപേരും സി.പി.ആർ തുടർന്നു. രണ്ടാം സൈക്കിൾ പൂർത്തിയാക്കുന്നതിനിടെ അവർ പ്രതികരിച്ചുതുടങ്ങി. എളുപ്പത്തിൽ ബോധം വീണ്ടെടുത്തു. എനിക്കെന്തു പറ്റിയെന്ന് ചോദിച്ചുകൊണ്ടായിരുന്നു അവർ ഉണർന്നത്. ഏതാനും സമയം അവിടെത്തന്നെ കിടത്തിയശേഷം അവരെ മൂന്ന് സീറ്റുള്ള നിരയിലേക്ക് മാറ്റിക്കിടത്തി. പൾസ് റേറ്റ് കുറവായിരുന്നു. മൈനർ ഹൃദയാഘാതമാണ് സംഭവിച്ചതെന്ന് മനസ്സിലായി. മക്കൾ ഉൾപ്പെടെ കുടുംബങ്ങളുമായി സംസാരിച്ചു. പ്രമേഹത്തിന് ചികിത്സയിലായിരുന്നു അവർ. ഖത്തറിൽ സന്ദർശക വിസയിലെത്തിയ ശേഷം കുടുംബത്തിനൊപ്പം നാട്ടിലേക്കുള്ള യാത്രയിലായിരുന്നു 56 കാരിയായ വീട്ടമ്മ. രണ്ടു ദിവസത്തിനു ശേഷം ഡോക്ടറെ കാണാനുള്ള അപ്പോയ്ിൻമെൻറും എടുത്തിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഉടൻ ഡോക്ടറെ കാണിക്കണമെന്നും യാത്രക്കിടെയുണ്ടായ സംഭവങ്ങൾ പറയണമെന്നും ഓർമിപ്പിച്ചാണ് ഞങ്ങൾ പിരിഞ്ഞത്’ -18 വർഷത്തോളമായി നഴ്സായി ജോലിചെയ്യുന്ന ജാൻസി പറയുന്നു.
ദോഹയിൽ ജോലിചെയ്യുന്ന മകനും മരുമകളും ഒന്നിച്ച് പിറന്ന മൂന്ന് പേരമക്കളുമായാണ് വീട്ടമ്മ നാട്ടിലേക്ക് പുറപ്പെട്ടത്. പരിഭ്രാന്തിക്കിടയിൽ അവരുടെ പേരും നാടും ചോദിക്കാനും മറന്നതായി ജാൻസി പറഞ്ഞു. കഴിഞ്ഞ ആറു വർഷമായി ഹമദ് മെഡിക്കൽ കോർപറേഷൻ ഹൃദ്രോഗ വിഭാഗത്തിൽ ക്രിട്ടിക്കൽ കെയർ നഴ്സായ ജാൻസി ആ നിമിഷത്തെ ദൈവനിയോഗമെന്നാണ് വിശേഷിപ്പിക്കുന്നത്. നിർണായക നിമിഷത്തിൽ അവരുടെ ജീവൻ രക്ഷിക്കാനും പ്രതിസന്ധിയിലായ കുടുംബത്തിന് കരുത്താകാനും കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. ഒരു നഴ്സ് എന്നനിലയിൽ ഏറെ സന്തോഷം നൽകിയ യാത്ര. ആശുപത്രിയിലും മറ്റു യാത്രകളിലും സമാനമായ ഒരുപാട് സംഭവങ്ങളുണ്ടായിട്ടുണ്ടെങ്കിലും വിമാനയാത്രയിൽ ഇതാദ്യമാണ്’ -ജാൻസി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. എ.ഇ.ഡി ഫസ്റ്റ് എയ്ഡ് കിറ്റ് മാത്രമായിരുന്നു വിമാനത്തിൽ ലഭ്യമായിരുന്നതെന്നും ബി.പിയും ബ്ലഡ് ഷുഗറും പരിശോധിക്കാനുള്ള ഉപകരണങ്ങൾ ഇല്ലായിരുന്നുവെന്നും ഇവർ ചൂണ്ടിക്കാട്ടി. അടിയന്തരമായി ഇവ വിമാനത്തിൽ ലഭ്യമാക്കണമെന്ന് ഓർമപ്പെടുത്തുക കൂടി ചെയ്താണ് ജാൻസി കാബിൻക്രൂവിനോടും കുടുംബത്തോടും യാത്രപറഞ്ഞ് നാട്ടിലേക്ക് പോയത്. ഖത്തറിലെ ഇന്ത്യൻ നഴ്സുമാരുടെ കൂട്ടായ്മയായ ‘യൂനിഖ്’ മാനേജിങ് കമ്മിറ്റി അംഗവും മെംബർഷിപ് വിങ് ലീഡറുമാണ് ജാൻസി. ഒമാനിൽ പ്രവാസിയായ റെജി വർഗീസാണ് ഭർത്താവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.