ദോഹ: ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം വിവിധ സേവനങ്ങൾക്കുള്ള ഫീസുകൾ കുറക്കുന്നു. വാണിജ്യ -വ്യവസായിക- ബിസിനസ് വികസനം, രാജ്യത്ത് നിക്ഷേപത്തിന് ആകർഷകമായ വാണിജ്യ അന്തരീക്ഷം സൃഷ്ടിക്കുക, ഉപഭോക്തൃ സംരക്ഷണം, രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ പിന്തുണക്കുക, ദേശീയ-വിദേശ പദ്ധതികൾ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഫീസുകൾ കുറക്കുന്നത്.
ചില ഫീസുകൾ 90 ശതമാനം വരെ കുറക്കുന്നുണ്ട്. വാണിജ്യ, വ്യവസായ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ജാസിം ആൽഥാനി അറിയിച്ചതാണിത്. മന്ത്രിതല തീരുമാനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതിന്റെ തൊട്ടടുത്ത ദിവസം പ്രാബല്യത്തിലാകും. മൂന്നാം ദേശീയ വികസന തന്ത്രം 2024-2030ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി സുസ്ഥിര സാമ്പത്തിക വളർച്ച, സാമ്പത്തിക വൈവിധ്യവത്കരണം, ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തൽ എന്നിവയാണ് അധികൃതർ ലക്ഷ്യമാക്കുന്നത്. ദേശീയ പ്രോജക്ടുകൾക്കും വ്യക്തികൾക്കും കമ്പനികൾക്കും പിന്തുണ നൽകാനും കുറഞ്ഞ നിരക്കിൽ ഗുണനിലവാരമുള്ള സേവനങ്ങൾ ലഭ്യമാക്കാനും മത്സരശേഷി വർധിപ്പിക്കാനും പുതിയ പദ്ധതികളെ പിന്തുണക്കാനും കൂടുതൽ വിദേശനിക്ഷേപം ആകർഷിക്കാനും ഇതുവഴി കഴിയുമെന്ന് മന്ത്രി പറഞ്ഞു. സാമ്പത്തിക വൈവിധ്യവത്കരണത്തിലും സുസ്ഥിര സാമ്പത്തിക വികസനത്തിലും സ്വകാര്യ മേഖലയുടെ പങ്ക് വർധിപ്പിക്കും.
ആഭ്യന്തര, വിദേശ ഉപഭോക്താക്കൾക്കും നിക്ഷേപകർക്കും നല്ല അനുഭവം പ്രദാനം ചെയ്യാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കൊമേഴ്സ്യൽ രജിസ്ട്രേഷൻ, കൊമേഴ്സ്യൽ പെർമിറ്റ്, വാണിജ്യ ഏജന്റ്സ് രജിസ്ട്രി, വാണിജ്യ കമ്പനി സേവനങ്ങൾ, കൺസൾട്ടൻസി സേവനങ്ങൾ, ഗുണനിലവാര ലൈസൻസുകൾ, പേറ്റന്റ് സേവനങ്ങൾ, ഡിസൈനുകളുടെയും വ്യവസായിക മോഡലുകളുടെയും സംരക്ഷണം, വ്യവസായിക വികസന സേവനങ്ങൾ തുടങ്ങിയവയുടെ ഫീസിൽ ഗണ്യമായ കുറവ് വരും. ഒരു പ്രധാന ആക്ടിവിറ്റിയുള്ള പുതിയ കൊമേഴ്സ്യൽ രജിസ്ട്രേഷൻ ഫീസ്, കൊമേഴ്സ്യൽ രജിസ്ട്രേഷൻ പുതുക്കൽ ഫീസ് എന്നിവ 500 റിയാൽ മാത്രമാണ്.
നിലവിൽ 10,000 റിയാൽ വരെ ചെലവ് വരുമായിരുന്നു. കൊമേഴ്സ്യൽ രജിസ്റ്ററിൽ പുതിയ ബ്രാഞ്ച് കൂട്ടിച്ചേർക്കാനും ബ്രാഞ്ച് രജിസ്ട്രേഷൻ പുതുക്കാനും 100 റിയാലാകും ഫീസ്. ഒരു കൊമേഴ്സ്യൽ രജിസ്റ്ററിൽ പുതിയ ഓരോ ആക്ടിവിറ്റി ചേർക്കാനും രജിസ്ട്രേഷൻ ഡേറ്റയിൽ മാറ്റം വരുത്താനും 300 റിയാൽ നൽകിയാൽ മതിയാകും. നെഗറ്റിവ് സർട്ടിഫിക്കറ്റ് അപേക്ഷക്ക് ഫീസില്ല. കൊമേഴ്സ്യൽ പെർമിറ്റ് ഫീസിലും ഗണ്യമായ കുറവുണ്ട്. സമാനമായ കൊമേഴ്സ്യൽ, ഇൻഡസ്ട്രിയലിൽ അല്ലെങ്കിൽ ഒരു ശാഖയുടെ ലൈസൻസിങ്ങിനും പുതുക്കാനും 500 റിയാലാണ് പുതുക്കിയ നിരക്ക്. വാണിജ്യ ഇടപാടിന്റെ മൂല്യം അനുസരിച്ച് 10,000 റിയാൽ വരെ നൽകേണ്ടിയിരുന്ന സ്ഥാനത്താണിത്.
വീട് അടിസ്ഥാനമായുള്ള ബിസിനസ് പ്രവർത്തനങ്ങളുടെ ലൈസൻസിനും പുതുക്കാനും 300 റിയാലാകും. മൂല്യം അനുസരിച്ച് 1000 റിയാൽ വരെയാണ് നിലവിലെ ഫീസ്.കൊമേഴ്സ്യൽ ഏജന്റ് രജിസ്ട്രിയുടെ രജിസ്ട്രേഷൻ അപേക്ഷ ഫീസ് 3000 ത്തിൽനിന്ന് 1000 റിയാലായി കുറയും. ഏജന്റ്സ് രജിസ്ട്രേഷൻ റദ്ദാക്കാൻ 1000 റിയാൽ നൽകേണ്ടിയിരുന്നത് ഇനി സൗജന്യമാണ്.കൊമേഴ്സ്യൽ ഏജൻസിയെ കുറിച്ചുള്ള അന്വേഷണത്തിനും ഡേറ്റ അസസിങ്ങിനും അപേക്ഷ ഫീസ് 1000 റിയാലുള്ളത് പകുതിയാകും. കമ്പനി രേഖകൾ പരിശോധിച്ച് അറ്റസ്റ്റ് ചെയ്യാൻ 1500 റിയാലുള്ളത് മൂന്നിലൊന്നാകും.
ആർട്ടിക്കിൾസ് ഓഫ് അസോസിയേഷനും ഫൗണ്ടിങ് കോൺട്രാക്ടും പരിശോധിച്ച് അറ്റസ്റ്റ് ചെയ്യാൻ 2000 റിയാലാണ് പുതിയ ഫീസ്. ഇത് 5000 റിയാലായിരുന്നു. പ്രാക്ടിസ് കൺസൽട്ടൻസി സർവിസ് ലൈസൻസിനും പുതുക്കാനും 500 റിയാൽ മതിയാകും. തരം അനുസരിച്ച് ലൈസൻസിന് 9000 മുതൽ 20,000 വരെയും പുതുക്കാൻ 6000 മുതൽ 15,000 വരെയും വേണ്ടിയിരുന്ന സ്ഥാനത്താണിത്. ഓഡിറ്റർ രജിസ്ട്രേഷനും പുതുക്കാനും 500 മതി. അക്കൗണ്ടിങ് ഓഫിസ്-കമ്പനി രജിസ്ട്രേഷന് 7000 ഉള്ളത് 3000 ആക്കി. ട്രെയിനി ഓഡിറ്റർ രജിസ്ട്രേഷന് 2000 ഉള്ളത് 300 റിയാലായി കുറയും. അതേസമയം, ഖത്തരി അല്ലാത്ത അക്കൗണ്ടിങ് ഓഫിസുകളുടെ രജിസ്ട്രേഷൻ ഫീസ് നിലവിലെ 20,000 റിയാലായി തുടരും. എന്നാൽ, കാലാവധി ഒരു വർഷം എന്നത് മൂന്നുവർഷമായി ഉയർത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.