ദോഹ: ഖത്തർ അഭിമാനത്തോടെ വേദിയാവുന്ന 2022 ലോകകപ്പിലെ എട്ട് സ്റ്റേഡിയങ്ങളുടെയും സ്റ്റാമ്പുമായി ഖത്തർ പോസ്റ്റ്. ലോകകപ്പിൻെറ സംഘാടകരായ 'ഫിഫ'യുമായി കരാറിൽ ഒപ്പുവെച്ചതിന് പിന്നാലെയാണ് എട്ട് സ്റ്റേഡിയങ്ങളുടെ സ്റ്റാമ്പുകൾ ക്യൂ പോസ്റ്റ് പുറത്തിറങ്ങിയത്. ഫിഫ പ്രതിനിധികൾ, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അംഗങ്ങൾ, ക്യൂ പോസ്റ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ ലോകകപ്പ് സ്റ്റേഡിയം സ്റ്റാമ്പുകൾ പുറത്തിറക്കി.
ഖത്തറും അറബ് മേഖലയും അഭിമാനത്തോടെ വേദിയാവുന്ന വിശ്വമേളയെ എന്നും ഓർമയിൽ സൂക്ഷിക്കാൻ സ്റ്റാമ്പിലൂെട ആരാധകർക്ക് അവസരമൊരുക്കുകയാണ് ക്യൂ പോസ്റ്റ്. 28 റിയാലിന് സ്റ്റാമ്പുകൾ പൊതുജനങ്ങൾക്ക് വൈകാതെതന്നെ ലഭ്യമായിത്തുടങ്ങും. ആദ്യ ഘട്ടത്തിൽ 20,000 കോപ്പികളാണ് പ്രിൻറ് ചെയ്തത്. 2000 എൻവലപ്, 3000 പോസ്റ്റ് കാർഡ്, 2000 ഫോൾഡർ എന്നിവയും തയാറാക്കിയിട്ടുണ്ട്.
ഖത്തറിൻെറ സംസ്കാരവും പൈതൃകവും വെളിപ്പെടുത്തുന്ന രൂപകൽപനയോടെയാണ് ലോകകപ്പ് സ്റ്റാമ്പുകൾ തയാറാക്കിയതെന്ന് ഖത്തർ പോസ്റ്റ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫാലിഹ് അൽ നഈമി പറഞ്ഞു. സ്റ്റേഡിയത്തിൻെറ രൂപകൽപനയിലെ സൗന്ദര്യവും മികവും സ്റ്റാമ്പിൽ ചിത്രീകരിച്ചതായും അദ്ദേഹം പറഞ്ഞു. ലോകകപ്പിലേക്ക് ദിനങ്ങൾ അടുക്കവെ, ചരിത്ര പോരാട്ടത്തിൻെറ സുപ്രധാന നിമിഷങ്ങളെല്ലാം ഖത്തർ പോസ്റ്റ് സ്റ്റാമ്പിലൂടെ ആരാധകരിലെത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഏതാനും മാസം മുമ്പ് ഖത്തർ ഭൂപടവും ലോകകപ്പിൻെറ ലോഗോയും തയാറാക്കിക്കൊണ്ട് ക്യൂ പോസ്റ്റ് ആദ്യഘട്ട സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.