ദോഹ: ചുട്ടുപൊള്ളുന്ന ജൂണിനിടയിൽ വിരുന്നെത്തുന്ന ബലിപെരുന്നാളിനെ വരവേൽക്കാനൊരുങ്ങി ഖത്തറിലെ സ്വദേശികളും പ്രവാസികളും ഉൾപ്പെടെയുള്ള സമൂഹം. ബുധനാഴ്ചയാണ് പെരുന്നാളെങ്കിലും ചൊവ്വാഴ്ചയോടെതന്നെ പൊതു അവധി ആരംഭിക്കുകയായി. പെരുന്നാളിന് മുമ്പത്തെ അവസാന വാരാന്ത്യം എന്ന നിലയിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ ഷോപ്പിങ്ങിന്റെ തിരക്കായിരുന്നു എവിടെയും.
പുതുവസ്ത്രങ്ങൾ തേടി, ഷോപ്പിങ് മാളുകളിലും ഹൈപ്പർ മാർക്കറ്റുകളിലും പ്രവാസികളുടെ പതിവില്ലാത്ത തിരക്കുകൾ അനുഭവപ്പെട്ട ദിവസങ്ങൾ. സൂഖ് വാഖിഫിലും തിരക്കിന് ഒട്ടും കുറവില്ല. പരമ്പരാഗത അറബ് വസ്ത്രങ്ങൾ തേടിയാണ് ഇവിടേക്ക് ഏറെപ്പേരും എത്തിച്ചേരുന്നത്.സ്കൂൾ വേനലവധിയും പെരുന്നാൾ അവധിയും ഒന്നായതോടെ കുടുംബസമേതം നാട്ടിലേക്ക് പറന്നവർ നിരവധിയാണ്. എന്നാൽ, ഹയ്യാ വിസയിൽ കുടുംബത്തെയും ബന്ധുക്കളെയും ദോഹയിലെത്തിച്ച് പെരുന്നാൾ ഇവിടെ കൂടുന്നവരുമുണ്ട്.
പതിവുപോലെ പെരുന്നാളിനുമുമ്പ് സ്വദേശികളെയും വിദേശികളെയും സ്വീകരിക്കാനായി ഖത്തറിലെ പൊതു പാർക്കുകൾ സജ്ജമായി. അവധിക്കാലത്ത് രാത്രി വൈകും വരെ പാർക്കുകൾ തുറന്നുനൽകുന്നത് ചൂടുകാലത്ത് പുറത്തിറങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുഗ്രഹമാണ്. പകൽ കടുത്ത ചൂടായതിനാൽ, സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വൈകുന്നേരത്തോടെ പുറത്തിറങ്ങുന്നതിനാൽ ഇത്തവണ സന്ദർശകരുടെ എണ്ണം ഇരട്ടിയായി വർധിക്കുമെന്ന പ്രതീക്ഷയിലാണ് മുനിസിപ്പാലിറ്റി മന്ത്രാലയം. ശുചീകരണവും അറ്റകുറ്റപ്പണികളും കഴിഞ്ഞ് അവധിക്കാലത്തിനായി പാർക്കുകൾ നേരത്തേ സജ്ജമായി. ക്ലീനിങ് ജീവനക്കാർ, സുരക്ഷാജീവനക്കാർ എന്നിവരെയും അധികമായി നിയോഗിച്ചിട്ടുണ്ട്.
റസിഡൻഷ്യൽ മേഖലകളിലും അല്ലാതെയുമായി നിർമിച്ച പാർക്കുകൾ വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും ജനനിബിഡകേന്ദ്രങ്ങളാണ്. ലോകകപ്പ് ഫുട്ബാളിന്റെ ഭാഗമായി അത്യാധുനിക സംവിധാനങ്ങളും വ്യായാമത്തിനുള്ള ഫിറ്റ്നസ് കേന്ദ്രങ്ങൾ, സൈക്ലിങ്-വാക്കിങ് ട്രാക്ക്, മരങ്ങളും ചെടികളുമായി നിറഞ്ഞ പച്ചപ്പ് എന്നീ സവിശേഷതകളോടെയാണ് പാർക്കുകൾ നിർമിച്ചത്. നിലവിൽ 148 പാർക്കുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിലവിലുള്ളത്. 2010ൽ 56 പാർക്കുകൾ എന്ന നിലയിൽനിന്നാണ് ഈ വളർച്ച.
കഴിഞ്ഞ വർഷം ഈദിന് 1.31 ലക്ഷം പേരായിരുന്നു വിവിധ പാർക്കുകളിലെ സന്ദർശകരെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം കണക്കുകളിൽ പറയുന്നു. ദോഹ മുനിസിപ്പാലിറ്റിക്കു കീഴിൽ 50,000ത്തോളം പേരും അൽ റയ്യാൻ മുനിസിപ്പാലിറ്റിക്കു കീഴിൽ 35,500 പേരും എത്തി.ചൂടുകാലത്ത് പകലിലും എത്തിച്ചേരാനും ആസ്വദിക്കാനും സൗകര്യമുള്ളതാണ് ഉമ്മുൽ സനീം, അൽ ഗറാഫ, ഓക്സിജൻ പാർക്ക് എന്നിവ. എയർകണ്ടീഷൻഡ് സൗകര്യം ലഭ്യമാക്കുന്നവയാണ് ഇത്.
അന്തരീക്ഷ ഊഷ്മാവ് 40-46 ഡിഗ്രിയിലേക്ക് ഉയരുമ്പോഴും തണുത്ത കാറ്റ് നൽകുന്ന പാർക്കുകളിലെ നടപ്പാതകളിൽ 26 ഡിഗ്രിയിലേക്ക് ക്രമീകരിക്കാൻ കഴിയും.മുൻതസയിലെ റൗദത്തുൽ ഖൈൽ, അൽ ബിദ പാർക്ക്, ആസ്പയർ, അൽ ഖോർ പാർക്ക്, അൽ ബെയ്ത് സ്റ്റേഡിയത്തോട് ചേർന്നുള്ള പാർക്ക് അങ്ങനെ ആഘോഷക്കാലത്ത് ആസ്വദിക്കാൻ എല്ലാ പാർക്കുകളും സജ്ജമാണ്.
ദോഹ: പെരുന്നാൾദിനങ്ങളിൽ ആഘോഷങ്ങളുടെ കേന്ദ്രമാവാൻ ഒരുങ്ങി ലുസൈൽ ബൊളെവാഡ്. പെരുന്നാൾ പരിപാടികളുടെ തയാറെടുപ്പിന്റെ ഭാഗമായി ബൊളെവാഡിലെ പ്രധാന റോഡ് അടച്ചതായി ലുസൈൽ സിറ്റി അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച വരെ പ്രധാന റോഡ് അടച്ചിടും. പെരുന്നാൾ ഒരുക്കങ്ങളുടെ ഭാഗമായാണ് നിയന്ത്രണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.