ദോഹ: കോവിഡ് മൂന്നാം തരംഗത്തെ തുടർന്ന് ഓൺലൈനിലേക്ക് മാറിയ ഖത്തറിലെ സ്കൂൾ പഠനങ്ങൾ വീണ്ടും ഓഫ്ലൈനിലേക്ക്. ജനുവരി 30 ഞായറാഴ്ച മുതൽ രാജ്യത്തെ പൊതു-സ്വകാര്യ സ്കൂളുകളിൽ നേരിട്ട് ക്ലാസുകൾ ആരംഭിക്കുമെന്ന് ഖത്തർ വിദ്യഭ്യാസ-ഉന്നത വിദ്യഭ്യാസ മന്ത്രാലയം അറിയിച്ചു. ആരോഗ്യം മന്ത്രാലയം നിർദേശിക്കുന്ന മുൻകരുതലുകൾ പാലിച്ചുകൊണ്ടായിരിക്കും 100 ശതമാനം ശേഷിയോടെ സ്കൂളുകളിലെ പഠനം ആരംഭിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി.
സ്കൂൾ തുറക്കുന്നത് സംബന്ധിച്ച് രാവിലെ അധികൃതർ നൽകിയ അറിയിപ്പ് പിന്നീട് പിൻവലിച്ചെങ്കിലും, ജനുവരി 30 മുതൽ ക്ലാസുകൾ വീണ്ടും നേരിട്ട് ആരംഭിക്കുമെന്ന് സ്ഥിരീകരിച്ചുകൊണ്ട് വൈകുന്നേരത്തോടെ മന്ത്രാലയം സർക്കുലർ പുറത്തിറക്കി.
എല്ലാ വിദ്യാർഥികളും ആഴ്ചയിൽ വീട്ടിൽ വെച്ച് റാപിഡ് ആന്‍റിജൻ പരിശോധനക്ക് വിധേയരാവണം. വെള്ളി അല്ലെങ്കിൽ ശനി ദിവസങ്ങളിൽ സെൽഫ്ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് പരിശോധന നടത്തിയാൽ മാത്രമേ അടുത്തയാഴ്ച ക്ലാസുകളിലേക്ക് പ്രവേശനമുണ്ടാവൂ. രക്ഷിതാവിന്‍റെ ഒപ്പോടുകൂടിയ പരിശോധനാ ഫലം മുഖേനയാവും അടുത്തയാഴ്ചകളിൽ കുട്ടികൾക്ക് പ്രവേശനം നൽകുക.
ഹോം കിറ്റിലെ പരിശോധനയിൽ പോസിറ്റീവായാൽ അടുത്തുള്ള ഹെൽത്ത് സെന്‍ററിൽ പോയി വീണ്ടും പരിശോധനക്ക് വിധേയരായി ഫലം സ്ഥിരീകരിക്കണമെന്നും നിർദേശമുണ്ട്. സർക്കാർ സ്കൂളുകളിലെ വിദ്യാർഥികൾക്ക് വ്യാഴാഴ്ച മുതൽ റാപിഡ് ആന്‍റിജൻ ടെസ്റ്റ് കിറ്റുകൾ വിതരണം ചെയ്യുമെന്ന് വിദ്യഭ്യാസ മന്ത്രാലയം അറിയിച്ചു.
കോവിഡ് മാനദണ്ഡങ്ങളും നിർദേശങ്ങളും പാലിക്കുന്നോ എന്നുറപ്പുവരുത്താൻ ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥർ സ്കൂളുകളിൽ പരിശോധന നടത്തും.
ഓമിക്രോൺ റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് ജനുവരി ആദ്യം മുതൽ സ്കൂൾ പഠനം ഓൺലൈനിലേക്ക് മാറ്റിയത്. ആദ്യം ഒരാഴ്ചത്തേക്കും, പിന്നീട് ജനുവരി 27 വരെയുമായിരുന്നു സ്കൂളുകളുടെ പ്രവർത്തനം ഓൺലൈനിലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.