ദോഹ: ഒരുക്കങ്ങളെല്ലാം പൂർത്തിയായ ഗൾഫ് മാധ്യമം ഖത്തർ റൺ അഞ്ചാം സീസൺ മത്സരങ്ങൾക്ക് ട്രാക്കുണരാൻ ഇനി രണ്ടു ദിവസത്തെ മാത്രം കാത്തിരിപ്പ്. 23ന് വെള്ളിയാഴ്ച രാവിലെ ദോഹ അൽബിദ പാർക്കിൽ നടക്കുന്ന ഖത്തർ റൺ ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിൽ മാറ്റുരക്കാൻ രജിസ്റ്റർ ചെയ്തവർക്ക് ബുധനാഴ്ച മുതൽ മാച്ച് കിറ്റുകളുടെ വിതരണം ആരംഭിക്കും.
ജഴ്സി, മത്സരത്തിനുള്ള ഇലക്ട്രോണിക് ബിബ് നമ്പർ, ചാമ്പ്യൻഷിപ് പ്രായോജകരായ ‘വൺ ചാമ്പ്യൻഷിപ്’ സമ്മാനിക്കുന്ന ഗിഫ്റ്റ് ഉൾപ്പെടുന്നതാണ് മാച്ച് കിറ്റ്. ബുധനാഴ്ച ഉച്ചക്ക് 12 മുതൽ രാത്രി ഏഴുവരെ ദോഹ ഗൾഫ് സിനിമക്കടുത്ത ‘ഗൾഫ് മാധ്യമം’ ഓഫിസിൽ വിതരണം ചെയ്യും. ഖത്തർ റണ്ണിനായി രജിസ്റ്റർ ചെയ്തവർ ബുധൻ, വ്യാഴം ദിവസങ്ങളിലായി ബിബും ജഴ്സിയും ഉൾപ്പെടുന്ന കിറ്റ് വാങ്ങണമെന്ന് സംഘാടകർ അറിയിച്ചു. ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ച റേസിങ് ബിബ് ആണ് മത്സരാർഥികൾക്ക് വിതരണം ചെയ്യുന്നത്. ഇതുവഴി ഫിനിഷ് ചെയ്യുന്ന സമയം കൃത്യമായി അടയാളപ്പെടുത്താൻ കഴിയും.
വെള്ളിയാഴ്ച രാവിലെ ഏഴിന് അൽബിദ പാർക്കിൽ ആരംഭിക്കുന്ന ഖത്തർ റണ്ണിന് രജിസ്ട്രേഷൻ വ്യാഴാഴ്ച വരെ തുടരും. ഇനിയും രജിസ്റ്റർ ചെയ്യാത്തവർക്ക് ‘ക്യൂ ടിക്കറ്റ്സ്’ വെബ്സൈറ്റ് വഴി റണ്ണിന് രജിസ്റ്റർ ചെയ്യാം. 10 കി.മീ, അഞ്ച് കി.മീ, മൂന്ന് കി.മീ, കുട്ടികൾക്കായുള്ള 800 മീറ്റർ എന്നീ ഇനങ്ങളിലാണ് ഓടാൻ അവസരമുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.