ദോഹ: 50 രാജ്യക്കാരുടെയും 450ഓളം അത്ലറ്റുകളുടെയും പങ്കാളിത്തത്താൽ ശ്രദ്ധേയമായി ഗൾഫ് മാധ്യമം 'ഖത്തർ റൺ' മൂന്നാം സീസണിന് കൊടിയിറങ്ങി. വെള്ളിയാഴ്ച രാവിലെ ആസ്പയർ പാർക്കിൽ സൂര്യനുദിച്ചുയർന്നത് മാരത്തൺ ഓട്ടത്തിന്റെ ആവേശത്തിലേക്കായിരുന്നു. ദേശഭാഷാ ലിംഗ വ്യത്യാസമില്ലാതെ എല്ലാവരും ഒരു ട്രാക്കിൽ കുതിച്ചപ്പോൾ ലോകകപ്പിന്റെ വർഷത്തിലെ ഖത്തർ റൺ പുതുചരിത്രമെഴുതി. ഓരോ വർഷവും കൂടിവരുന്ന മത്സരാർഥികളുടെയും രാജ്യക്കാരുടെയും സാന്നിധ്യം അടയാളപ്പെടുത്തുന്നതായിരുന്നു പങ്കാളിത്തം. രാവിലെ 6.30ന് തുടക്കം കുറിക്കേണ്ട ഖത്തർ റണ്ണിലേക്ക് ഓട്ടക്കാർ അതിരാവിലെ 5.30ഓടെതന്നെ ആസ്പയറിലേക്ക് എത്തിക്കൊണ്ടിരുന്നു. പരിശീലനവും വാം അപ്പുമായി തയാറെടുത്തവർ കൃത്യസമയത്ത് വിസിൽ മുഴങ്ങിയപ്പോൾ മെഡലിലേക്ക് കുതിച്ചോടി.
ഏറ്റവും വലിയ ദൂരമായ 10 കി.മീ ഓട്ടത്തിലേക്കായിരുന്നു തുടക്കം. 16 മുതൽ 40 വരെ പ്രായമുള്ളവർ മത്സരിച്ച ഓപൺ വിഭാഗത്തിൽ സ്ത്രീകളുടെയും പുരുഷന്മാരുടെയും സജീവപങ്കാളിത്തം ശ്രദ്ധേയമായി. വിവിധ വിഭാഗങ്ങളിൽ വിജയികളായവർക്ക് ഗൾഫ് മാധ്യമം-മീഡിയവൺ മാനേജിങ് കമ്മിറ്റി ചെയർമാൻ റഹീം ഓമശ്ശേരി, വൈസ് ചെയർമാൻ നാസർ ആലുവ, ഐ.സി.ബി.എഫ് പ്രസിഡന്റ് സിയാദ് ഉസ്മാൻ, ഐ.എസ്.സി വൈസ് പ്രസിഡന്റ് ഷെജി വലിയകത്ത്, താമർ ട്രേഡിങ് കമ്പനി മാനേജർ മെഹറൂഫ്, സാവോയ് ഇൻഷുറൻസ് ബ്രോക്കേഴ്സിന്റെ ജെറി ബാബു, അൽ മുഫ്ത റെൻഡ് എ കാർ ജി.എം ഫാസിൽ ഹമീദ്, ഹമദ് മെഡിക്കൽ കോർപറേഷൻ ജനറൽ ഇന്റേണൽ മെഡിസിൻ വൈസ്ചെയർമാൻ ഡോ. നസീർ അഹമ്മദ് മസൂദി, സാദിഖ് ചെന്നാടൻ, ഖത്തർ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി നിഷാദ്, ഗൾഫ് മാധ്യമം മാർക്കറ്റിങ്-അഡ്മിൻ മാനേജർ ആർ.വി. റഫീഖ്, ഒ.ടി. സക്കീർ, എം.പി ട്രേഡേഴ്സ് എം.ഡി ഷഹീൻ മുഹമ്മദ് ഷാഫി, മീഡിയവൺ മാർക്കറ്റിങ് മാനേജർ നിഷാന്ത് തറമേൽ, ഗൾഫ് മാധ്യമം ബ്യൂറോ ഇൻചാർജ് കെ. ഹുബൈബ്, മീഡിയവൺ ബ്യൂറോ ഇൻ ചാർജ് ഫൈസൽ ഹംസ എന്നിവർ മെഡലുകളും സമ്മാനങ്ങളും വിതരണം ചെയ്തു.
10 കി.മീറ്റർ ദൂരം അനായാസം ഫിനിഷ് ചെയ്ത് വീണ്ടുമൊരു ഓട്ടത്തിനുള്ള കരുത്തുമായാണ് ഇറ്റലിക്കാരൻ മൗറോ പിഗ്നി ലൈൻ ക്രോസ് ചെയ്തത്. മെഡലും വാങ്ങി, മാറിനടക്കുമ്പോൾ വെറുതെ ഒരു കൗതുകത്തിനായിരുന്നു പ്രായം ചോദിച്ചത്. 63 വയസ്സ്! പ്രായം വെറുമൊരു നമ്പർ എന്നായിരുന്നു മൗറോയുടെ അടുത്ത വാക്കുകൾ. മൗറോ മാത്രമല്ല 50 പിന്നിട്ട മറ്റു മൂന്നുപേർകൂടി ചെറുപ്പക്കാർക്ക് ഊർജം നൽകുന്ന വിധം ഖത്തർ റണ്ണിൽ പങ്കാളികളായപ്പോൾ, പ്രായത്തെ തോൽപിക്കുന്ന കായികാവേശം കളത്തിൽ പകർന്നു. 10 കി.മീറ്ററിൽ പങ്കാളിയായ ഏറ്റവും പ്രായം കൂടിയ അത്ലറ്റ് കൂടിയാണ് ഖത്തറിലെ നിരവധി മാരത്തൺ റണ്ണുകളിൽ സജീവ സാന്നിധ്യമായ ഇറ്റലിക്കാരൻ മൗറോ.
ദിനേനയുള്ള വ്യായാമവും ഖത്തറിലെയും വിദേശ രാജ്യങ്ങളിലെയും വിവിധ ദീർഘദൂര ഓട്ടമത്സരങ്ങളിലെ പങ്കാളിത്തവുമെല്ലാമാണ് തന്റെ ഫിറ്റ്നസിന്റെ രഹസ്യമെന്ന് മൗറോ വിശദീകരിക്കുന്നു. മക്കളും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധിപേരും മൗറോക്കൊപ്പം ഖത്തർ റണ്ണിൽ പങ്കാളിയായിട്ടുണ്ട്.
ഫിലിപ്പീൻസിൽനിന്നുള്ള എഡ്വേർഡ് അൽമസോറ, ചെക്ക് റിപ്പബ്ലിക്കിന്റെ മൈകൽ സിക, ഇന്ത്യക്കാരൻ പിജുഷ് കുമാർ, കാനഡയുടെ കാതലീൻ ലബ്രീ എന്നിവരായിരുന്നു 10 കി.മീറ്റർ മാസ്റ്റേഴ്സിലെ മറ്റ് സീനിയർ ഓട്ടക്കാർ. വ്യായാമവും പരിശീലനവുമെല്ലാം മറക്കുന്ന പുതുതലമുറക്ക് കായികാവേശം പകരുന്നതായിരുന്നു ഇവരുടെ പ്രകടനം.
അഞ്ച് കി.മീറ്ററിൽ മത്സരിച്ച ബ്രിട്ടീഷുകാരനായ 65കാരൻ സ്റ്റീഫൻ ആൻഡ്ര്യൂവായിരുന്നു ഖത്തർ റണ്ണിലെ ഏറ്റവും സീനിയർ. 60ലും തളരാത്ത സ്പോർട്സ് ആവേശം മുതൽ, നാലും മൂന്നും വയസ്സുകാർ ഓടിയ മിനി കിഡ്സ് റേസ് വരെ നീണ്ടുനിന്ന പങ്കാളിത്തം 'പ്രായം വെറുമൊരു നമ്പർ' എന്ന് വീണ്ടും ഓർമിപ്പിക്കുന്നു.
വേഗവും വാശിയേറിയ മത്സരവുംകൊണ്ട് ശ്രദ്ധേയമായിരുന്നു കൂടുതൽ പേർ അണിനിരന്ന അഞ്ച്, മൂന്ന് കിലോമീറ്റർ പോരാട്ടങ്ങൾ. പരിചയസമ്പന്നരായ പ്രഫഷനൽ അത്ലറ്റുകൾ മുതൽ, സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കുടുംബസമേതവും മത്സരങ്ങളിൽ പങ്കാളികളായി. വിജയിക്കുക എന്നതിനേക്കാൾ പങ്കെടുക്കുക എന്ന സന്ദേശം നൽകിയ പോരാട്ടങ്ങൾ.
ഖത്തർ റൺ രാജ്യത്തെ ഓട്ടക്കാർക്കിടയിലെ കലണ്ടർ ഇവന്റായി മാറുന്നതിലെ സന്തോഷം പങ്കുവെച്ചാണ് മത്സരാർഥികൾ ഗ്രൗണ്ട് വിട്ടത്.ഫിനിഷ് ചെയ്യുന്നവർക്കെല്ലം അമൂല്യമായ മെഡൽ സമ്മാനിച്ചും, മുൻനിരയിലെത്തിയവർക്ക് കൈനിറയെ സമ്മാനങ്ങൾ നൽകിയും ഖത്തർ റൺ മൂന്നാം സീസണും ഗംഭീരമായി സമാപിച്ചു. മത്സരത്തിൽ ഇന്ത്യക്കാരും ഖത്തരികളുമായിരുന്നു സജീവപങ്കാളിത്തംകൊണ്ട് ശ്രദ്ധേയരായത്. 114 ഇന്ത്യക്കാരും 98 ഖത്തരികളും പങ്കെടുത്തു. ബ്രിട്ടനിൽനിന്ന് 31ഉം ഫിലിപ്പീൻസിൽ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.