ദോഹ: വാർത്തമാനകാലത്ത് ഏറ്റവും വലിയ പാഠം കോവിഡ് മഹാമാരിക്കെതിരായ മുൻകരുതലാണെന്ന വലിയ പാഠവുമായി വിദ്യാർഥികൾ വീണ്ടും സ്കൂളിൽ. കോവിഡ് തീർത്ത കുരുക്കിൽ പൂട്ടിയ സ്കൂളുകൾ സെപ്റ്റംബർ ഒന്നിന് വീണ്ടും തുറന്നു. കോവിഡ് പ്രതിരോധ നടപടികൾ സ്വീകരിച്ച് വിദ്യാർഥികൾ വീണ്ടും സ്കൂളുകളിലെത്തി.
മാസ്ക് ധരിച്ചും ശരീര താപനില പരിശോധനക്ക് വിധേയമാക്കിയും സാമൂഹിക അകലം പാലിച്ചുമാണ്സർക്കാർ–സ്വകാര്യ സ്കൂളുകൾ വീണ്ടും പ്രവർത്തിച്ചുതുടങ്ങിയത്. അങ്ങിനെ 2020–2021 അധ്യായന വർഷത്തേക്കുള്ള ക്ലാസുകൾക്ക് ഇന്നലെ തുടക്കമായി. മന്ത്രാലയത്തിെൻറ ബ്ലെൻഡഡ് ലേണിംഗ് വ്യവസ്ഥയുടെ ഭാഗമായി 30 ശതമാനം വിദ്യാർഥികളാണ് പ്രതിദിനം ക്ലാസ് റൂമുകളിലെത്തുക. മറ്റു വിദ്യാർഥികൾ ഒാൺലൈനിലൂടെ ക്ലാസുകളിൽ ഹാജരാകും.
പുതിയ അധ്യയന വർഷാരംഭത്തോടനുബന്ധിച്ച് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ വാഹിദ് അൽ ഹമ്മാദി രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ആശംസയും അഭിനന്ദനവും നേർന്നു.
വിദ്യാർഥികളുടെ പഠനത്തിൽ രക്ഷിതാക്കൾക്ക് കൂടുതൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്നതിനുള്ള അവസരമാണ് ബ്ലെൻഡഡ് ലേണിംഗിലൂടെ ലഭിക്കുന്നതെന്നും നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് പുതിയ വിദ്യാഭ്യാസ രീതിയുടെ വിജയമെന്നും കുടുംബങ്ങളും സ്കൂളുകളും തമ്മിലുള്ള പങ്കാളിത്തമായിരിക്കും ഇതിൽ പ്രധാന ഘടകമെന്നും ഡോ. അൽ ഹമ്മാദി വ്യക്തമാക്കി.
അതേസമയം, രാജ്യത്തെ പല സ്വകാര്യ സ്കൂളുകളിലും ഇന്നലെ ഹാജരായ വിദ്യാർഥികളുടെ എണ്ണം വളരെ കുറവായിരുന്നു. രക്ഷിതാക്കൾക്കിടയിലെ ആശങ്കയാണിതിന് കാരണമെന്നാണ് നിഗമനം. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് എല്ലാ സുരക്ഷ മുൻകരുതലുകളും നിയന്ത്രണങ്ങളും സ്കൂളുകളിൽ നടപ്പാക്കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. 2020–21 അധ്യായന വർഷത്തിൽ എല്ലാ സ്കൂളുകളിലുമായി 340,000 വിദ്യാർഥികളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ച് പുതിയ സർക്കാർ സ്കൂളുകൾ കൂടി പ്രവർത്തനമാരംഭിച്ചതോടെ രാജ്യത്തെ സർക്കാർ സ്കൂളുകളുടെ എണ്ണം 283 ആയി ഉയർന്നു. സ്വകാര്യ സ്കൂളുകളും കിൻറർഗാർട്ടനുകളുമടക്കം 13 വിദ്യാലയങ്ങളും പുതിയ അധ്യായന വർഷത്തോടെ പ്രവർത്തനമാരംഭിച്ചു. ഇതോടെ രാജ്യത്തെ ആകെ സ്വകാര്യ സ്കൂളുകളുടെ എണ്ണം 334 ആയി.
ദോഹ: കോവിഡ്–19 പശ്ചാത്തലത്തിൽ 2020–21 അധ്യയന വർഷത്തെ ക്ലാസുകൾ ആരംഭിച്ചെങ്കിലും ആദ്യ രണ്ടാഴ്ചയിൽ വിദ്യാർഥികളുടെ ഹാജർനില പരിഗണിക്കുകയില്ലെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അണ്ടർ സെക്രട്ടറി ഇബ്റാഹിം അൽ നുഐമി അറിയിച്ചു.
നിലവിലെ സാഹചര്യത്തിൽ രക്ഷിതാക്കളുടെ ആശങ്ക കുറക്കുന്നതിെൻറ ഭാഗമായാണ് തീരുമാനം. വിദ്യാർഥികൾ ഒൺലൈൻ വിദ്യാഭ്യാസ സംവിധാനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം അവസാനിച്ച പരീക്ഷയിൽ പങ്കെടുത്ത കുട്ടികൾക്കിടയിൽ ഒരു കോവിഡ്–19 കേസും റിപ്പോർട്ട് ചെയ്തിട്ടില്ല. കുട്ടികളെ സ്വീകരിക്കുന്നതിനായി സർക്കാർ–സ്വകാര്യ സ്കൂളുകളിൽ വലിയ മുൻകരുതൽ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.
കുട്ടികൾ മാസ്ക് ധരിച്ചിട്ടുണ്ടെന്നും അവരുടെ ശരീര താപനില ഉയർന്ന നിലയിലല്ലെന്നും രക്ഷിതാക്കൾ അവരെ സ്കൂളിൽ വിടുന്നതിന് മുമ്പായി ഉറപ്പുവരുത്തണം.
വളരെ കുറഞ്ഞ വൈറസ്ബാധ നിരക്കിൽ വാർഷിക പരീക്ഷ പൂർത്തിയാക്കിയ ചുരുക്കം രാജ്യങ്ങളിലൊന്നായി ഖത്തർ മാറിയിട്ടുണ്ട്. ഇത് അഭിമാനകരമാണ്.
രക്ഷിതാക്കളുടെ സമ്മതമുണ്ടെങ്കിൽ വിദ്യാർഥികൾക്ക് ഈ മാസം കോവിഡ് പരിശോധന നടത്തുമെന്ന് പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.