പ്രവാചക നിന്ദ: അപലപിച്ച്​ ഖത്തർ ശൂറാ കൗൺസിൽ; മത-സാംസ്കാരിക വ്യക്​തിത്വവും ആരാധനാലയങ്ങളും സംരക്ഷിക്കപ്പെടണം

ദോഹ: ഇന്ത്യയിൽ ബി.ജെ.പി വക്​താവ്​ നടത്തിയ പ്രവാചകനിന്ദാ പരാമർശത്തെ ഖത്തർ ശൂറാ കൗൺസിലും അപലപിച്ചു. കഴിഞ്ഞ ദിവസം സ്പീക്കർ ഹസൻ ബിൻ അബ്​ദുല്ല അൽ ഗാനിമിന്‍റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ ​യോഗമാണ്​ ഇസ്​ലാമിനും പ്രവാചകനുമെതിരെ ഇന്ത്യയിലെ ഭരണപക്ഷ പാർട്ടിയുടെ പ്രതിനിധി നടത്തിയ പരാമർശത്തിൽ ശക്​തമായ ഭാഷയിൽ പ്രതിഷേധം രേഖപ്പെടുത്തിയത്​. പ്രവാചക നിന്ദ അപലപിച്ചു കൊണ്ട്​ ഖത്തർ വിദേശകാര്യ മന്ത്രാലയം നടത്തിയ പ്രസ്തവന ശൂറാ കൗൺസിൽ ആവർത്തിച്ചു.

ഇസ്​ലാമിനും വിശ്വാസികൾക്കുമെതി​രെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളുടെയും വ്യവസ്ഥാപിതമായ അതിക്രമങ്ങളുടെയും തുടർച്ചയാണ്​ ഇത്തരത്തിലുള്ള അവഹേളനകൾ. ചില സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ്​ വിലക്കും ഇസ്​ലാമിക സ്വത്തുകളിലെ കൈയേറ്റവും വർധിച്ചു വരുന്ന അക്രമങ്ങളുടെയും പശ്​ചാത്തലത്തിലാണ്​ ഇത്തരം സംഭവങ്ങളും ഉയർന്നു വരുന്നത്​.

വിശ്വാസികൾക്കെതിരായ അതിക്രമങ്ങളും പ്രവാചകനും ഇസ്​ലാമിനും എതിരായ അവഹേളനകളും അവസാനിപ്പിക്കാൻ ഇന്ത്യൻ ഭരണകൂടം ഇടപെടണമെന്നും ശൂറാ കൗൺസിൽ സ്പീക്കർ ആവശ്യപ്പെട്ടു. ഇന്ത്യയിലെ മുസ്​ലിംകളുടെ സുരക്ഷയും അവകാശങ്ങളും മത-സാംസ്കാരിക വ്യക്​തിത്വവും ആരാധനാലയങ്ങളും സംരക്ഷിക്കപ്പെടണമെന്നും ശൂറാകൗൺസിൽ വ്യക്​തമാക്കി.

ബി.ജെ.പി ദേശീയ വക്​താവായിരുന്ന​ നുപുർ ശർമയും നവീൻ കുമാർ ജിൻഡലും പ്രവാചകനെ നിന്ദിച്ചു കൊണ്ട്​ നടത്തിയ പരാമർശങ്ങളുടെ പേരിൽ ഞായറാഴ്ച ഇന്ത്യൻ അംബാസഡർ ഡോ. ദീപക്​ മിത്തലിനെ വിളിച്ചുവരുത്തി ഖത്തർ വിദേശകാര്യ മന്ത്രാലയം കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. ഇരുവരെയും സ്ഥാനങ്ങളിൽ നിന്ന്​ പുറത്താക്കിയ നടപടിയെ സ്വാഗതം ചെയ്ത ഖത്തർ, സംഭവത്തിൽ ക്ഷമാപണം നടത്തണമെന്നും നിർദേശിച്ചിരുന്നു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്‍റെ മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനിടയിലായിരുന്നു രാജ്യാന്തര ശ്രദ്ധനേടിയ ഈ നീക്കം.

കഴിഞ്ഞയാഴ്ച ഇന്ത്യയിൽ നടന്ന സംഭവങ്ങളുടെ പേരിൽ രാജ്യാന്തര തലത്തിലെ ആദ്യ പ്രതിഷേധമായിരുന്നു ഖത്തർ വിദേശകാര്യ മന്ത്രാലയത്തിന്‍റേത്​. ഇതിനു പിന്നാലെ, കുവൈത്ത്​, ഒമാൻ, സൗദി അറേബ്യ, ബഹ്​റൈൻ, യു.എ.ഇ ഉൾപ്പെടെയുള്ള ഗൾഫ്​ രാജ്യങ്ങളും മറ്റും രംഗത്തെത്തിയിരുന്നു. അതേസമയം, വ്യക്​തികളുടെ മതവിദ്വേഷ പ്രസ്താവനകളും ട്വീറ്റുകളും ഇന്ത്യൻ സർക്കാറിന്‍റെ കാഴ്ചപ്പാടുകളല്ലെന്ന്​ ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക്​ മിത്തൽ പ്രതികരിച്ചിരുന്നു.

Tags:    
News Summary - Qatar Shura Council condemns bjp spokesperson hate speech against Prophet Muhammad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.