ദോഹ: സീസൺ അവസാനിക്കാൻ ഇനിയും മത്സരങ്ങൾ ബാക്കിനിൽക്കെ ഖത്തർ സ്റ്റാർസ് ലീഗ് കിരീടം 16ാം തവണയും കരുത്തരായ അൽ സദ്ദ് എഫ്.സി തന്നെ സ്വന്തമാക്കി. കഴിഞ്ഞ രാത്രിയിൽ നടന്ന മത്സരത്തിൽ അൽ ദുഹൈലിനെതിരെ സമനില പാലിച്ചാണ് (1-1) ചാമ്പ്യൻക്ലബായ അൽ സദ്ദ് ഖത്തർ സ്റ്റാർസ് ലീഗിലെ അശ്വമേധം തുടരുന്നത്. ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച രാത്രിയിൽ നടന്ന മത്സരത്തിനു പിന്നാലെയാണ് എതിരില്ലാതെ കിരീടമുത്തം. ഖത്തർ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി ഫാൽക്കൺ ഷീൽഡ് ക്യാപ്റ്റൻ ഹസൻ ഹൈദോസിനും, ഗോൾ കീപ്പർ സാദ് അൽ ഷീബിനും കൈമാറി. കഴിഞ്ഞയാഴ്ചയിൽ അൽ അഹ്ലിയെ 8-2ന് തോൽപിച്ചതോടെ തന്നെ സദ്ദ് സീസണിലെ കിരീട വിജയം ഉറപ്പിച്ചിരുന്നു. സീസണിൽ 19 കളിയിൽ 17 ജയവുമായി 53 പോയന്റോടെയാണ് ഒന്നാമതെത്തിയത്. ഇനിയും രണ്ട് റൗണ്ട് മത്സരങ്ങൾ ബാക്കിനിൽക്കെയാണ് തുടർച്ചയായ കിരീട വിജയം.
കഴിഞ്ഞസീസണിലേത് ഉൾപ്പെടെ സദ്ദിന്റെ അപരാജിതമായ മത്സരങ്ങളുടെ എണ്ണം 45ലെത്തി. മുൻ ചാമ്പ്യന്മാർ കൂടിയായ അൽ ദുഹൈലാണ് രണ്ടാം സ്ഥാനത്തുള്ളത്. ഇവരുമായി നിലവിൽ 10 പോയന്റിന്റെ വ്യത്യാസവും സദ്ദിനുണ്ട്. 16ാം സ്റ്റാർസ് ലീഗ് കിരീടം എന്നതിനൊപ്പം ആകെ കിരീടങ്ങളുടെ എണ്ണം 77ലെത്തി.
മത്സരത്തിൽ എഡ്മിൽസൺ ജൂനിയറിന്റെ ഗോളിൽ ദുഹൈലാണ് ആദ്യം വലകുലുക്കിയത്. എന്നാൽ, 59ാം മിനിറ്റിൽ അക്രം അഫീഫി സദ്ദിന്റെ സമനിലയും, അതുവഴി കിരീടത്തിലേക്കുള്ള ഗോളും കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.