ദോഹ: ഖത്തർ സ്റ്റാർസ് ലീഗിൽ ദുഹൈലിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയ അൽ സദ്ദ് കിരീടപ്രതീക്ഷ വീണ്ടും സജീവമാക്കി. രണ്ടു മത്സരങ്ങൾ ശേഷിക്കെ പോയൻറ് പട്ടികയിൽ 41 പോയൻറുമായി മൂന്നാം സ്ഥാനത്താണ് അൽ സദ്ദ്. 46 പോയൻറുമായി ദുഹൈലാണ് പട്ടികയിൽ മുന്നിൽ. 45 പോയൻറ് നേടിയ അൽ റയ്യാൻ തൊട്ടുപിറകെയുണ്ട്. സദ്ദിെൻറ വിജയത്തോടെ കിരീടം ഉറപ്പിക്കാമെന്ന ദുഹൈലിെൻറ മോഹങ്ങൾക്കാണ് മങ്ങലേറ്റിരിക്കുന്നത്.അൽ സദ്ദിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടന്ന നിർണായക പോരാട്ടത്തിൽ സദ്ദ് ടീമിലേക്ക് തിരിച്ചെത്തിയ റോഡ്രിഗോ ടബാറ്റയാണ് ടീമിെൻറ വിജയശിൽപി. സദ്ദിലെ ടബാറ്റയുടെ കന്നിഗോളും കൂടിയാണ് ദുഹൈലിനെതിരെ നേടിയത്.
കോവിഡ്-19നെ തുടർന്ന് നിർത്തിവെച്ച സ്റ്റാർസ് ലീഗ് ആരംഭിച്ചതിന് ശേഷം സാവിയുടെയും സംഘത്തിെൻറയും തുടർച്ചയായ മൂന്നാം ജയമാണിത്. വിജയത്തിൽ ദേശീയ ടീം ഗോൾകീപ്പർ കൂടിയായ സഅദ് അൽ ശീബിെൻറ മികച്ച പ്രകടനവും വലിയ പങ്കുവഹിച്ചു. രണ്ടാം പകുതിയിൽ നിർണായക സേവുകളാണ് ശീബ് പുറത്തെടുത്തത്. കളിയിലുടനീളം മികച്ച പ്രകടനം നടത്തിയ അൽ സദ്ദിന് തന്നെയായിരുന്നു പൂർണ മേധാവിത്വം. മത്സരത്തിനുമുമ്പ് സമനിലയെന്ന് നിരീക്ഷകർ വിധിയെഴുതിയ മത്സരമാണ് ടബാറ്റ സദ്ദിന് സമ്മാനിച്ചിരിക്കുന്നത്. 24ാം മിനിറ്റിൽ അൽജീരിയൻ സ്ൈട്രക്കർ ബാഗ്ദാദ് ബുനജാഹിെൻറ മികച്ച പാസിൽനിന്നാണ് വെറ്ററനായ ടബാറ്റ ലക്ഷ്യംകണ്ടത്. ഗോൾ വീണതോടെ കരുത്തുകാട്ടാനാരംഭിച്ച ദുഹൈലിന് പക്ഷേ, ലക്ഷ്യം കണ്ടെത്താനായില്ല. ഇതിനിടയിൽ ബുനജാഹിെൻറ ഷോട്ട് നേരിയ വ്യത്യാസത്തിനാണ് പുറത്തുപോയത്.
44ാം മിനിറ്റിൽ ദുഹൈലിനായി അൽ മുഇസ് അലി ലക്ഷ്യത്തിലേക്ക് ഹെഡറുതിർത്തെങ്കിലും പുറത്തേക്ക് പോയത് സദ്ദ് നിരയിൽ ആശ്വാസം പരത്തി.രണ്ടാം പകുതിയിൽ ഇരുടീമും മികച്ച പ്രകടനങ്ങളുമായി തുടരത്തുടരെ ആക്രമണം കനപ്പിച്ചെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. സദ്ദ് പ്രതിരോധ താരം അബ്ദുൽ കരീം ഹസന് പരുക്കൻ അടവുകളെടുത്തതിന് മഞ്ഞക്കാർഡുയർത്തി റഫറി മുന്നറിയിപ്പ് നൽകി.
ദുഹൈലിെൻറ ആക്രമണത്തിൽ സദ്ദ് പ്രതിരോധം പലപ്പോഴും പാളിയെങ്കിലും ഗോൾവലക്ക് മുന്നിൽ സഅദ് അൽ ശീബ് നിലയുറപ്പിച്ചിരുന്നു. 87ാം മിനിറ്റിൽ സമനില ഗോളുറപ്പിച്ച പോളോ എഡ്മിൽസെൻറ ഷോട്ട് ശീബിനെയും മറികടന്നെങ്കിലും ബാറിൽ തട്ടി മടങ്ങി. അൽ ജനൂബ് സ്റ്റേഡിയത്തിൽ നടന്ന മറ്റൊരു മത്സരത്തിൽ ഉം സലാൽ അൽ അഹ്ലിയെ 1-1ന് തളച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.