ദോഹ: ഫിലിപ്പീൻസിൽ ദുരന്തംവിതച്ച കൊടുങ്കാറ്റിൽ സർവതും നഷ്ടമായി അഭയാർഥികളായവർക്ക് സഹായമെത്തിച്ച് ഖത്തർ. കൃഷിയും കിടപ്പാടങ്ങളും സ്വന്തക്കാരെയും നഷ്ടപ്പെട്ട 1600ഓളം കുടുംബങ്ങൾക്കാണ് ഖത്തർ റെഡ് ക്രസന്റും ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റും ചേർന്ന് വലിയതോതിൽ സഹായമെത്തിച്ചത്.
കഴിഞ്ഞ വർഷം അവസാനമുണ്ടായ പായെങ് ചുഴലിക്കൊടുങ്കാറ്റിൽ ഫിലിപ്പീൻസിൽ 164 പേർക്കാണ് ജീവഹാനി സംഭവിച്ചത്. 270ഓളം പേർക്ക് പരിക്കേൽക്കുകയും നിരവധി ഗ്രാമങ്ങളും ചെറുനഗരങ്ങളും തകരുകയും വലിയതോതിൽ കൃഷിഭൂമികൾ നശിക്കുകയും ചെയ്തിരുന്നു.
കൊടുങ്കാറ്റിൽ ജീവിതം തകർന്നവരെ സാധാരണ നിലയിൽ എത്തിക്കുന്നതിന്റെ ഭാഗമായാണ് ഖത്തറിന്റെ നേതൃത്വത്തിൽ സഹായമെത്തിച്ചത്.
ഭക്ഷ്യവസ്തുക്കൾ, ഗാർഹിക ഉപകരണങ്ങൾ, മൊബൈൽ കിച്ചൺ, ഫുഡ് ബാസ്കറ്റ് എന്നിവ വിതരണം ചെയ്തു. ഇതിനു പുറമെ, വീടുകൾ ശുചിയാക്കാനും പുനരധിവാസയോഗ്യമാക്കാനുമുള്ള ഉപകരണങ്ങൾ, കൃഷി പുനരുജ്ജീവിപ്പിക്കാനുള്ള സാമ്പത്തികസഹായം എന്നിവയും ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ് സംഭാവന ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.