ദോഹ: ഖത്തർ ലോകകപ്പ് ലോകചരിത്രത്തിലെതന്നെ അഭിമാനകരമായ മേളയായി മാറുമെന്ന് ടൂർണമെൻറ് സി.ഇ.ഒ നാസർ അൽ കാതിർ. '500 ദിന കൗണ്ട് ഡൗൺ തുടങ്ങിയത് ലോകകപ്പ് അരികിലെത്തി എന്നതിൻെറ ഓർമപ്പെടുത്തലാണ്. 10 വർഷത്തെ തയാറെടുപ്പുമായാണ് രാജ്യം ലോകകപ്പിനരികിലെത്തുന്നത്. മധ്യേഷ്യൻ രാജ്യം ഇന്നുവരെ വേദിയായതിൽ ഏറ്റവും വലിയ മേളക്കാവും ഖത്തർ ആതിഥ്യമൊരുക്കുന്നത്. അറബ് മേഖലക്കുതന്നെ അഭിമാനമാവുന്നതും, ലോകചരിത്രത്തിൽ ഇടം പിടിക്കുന്നതുമാവും ഈ ടൂർണമെൻറ്' -ലോകകപ്പിൻെറ 500 ദിന കൗണ്ട്ഡൗണിനോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദോഹയിൽനിന്നും 50 കിലോമീറ്റർ പരിധിക്കുള്ളിൽ എട്ട് സ്റ്റേഡിയങ്ങളെയും ക്രമീകരിച്ചാണ് ഖത്തർ ഒരുങ്ങുന്നത്. വിദേശങ്ങളിൽനിന്നെത്തുന്ന ആരാധകർക്കും കളിക്കാർക്കും ഒഫിഷ്യലുകൾക്കുമെല്ലാം ടൂർണമെൻറിലുടനീളം ഒരിടത്തുതന്നെ താമസമാക്കി മത്സരവേദികളിലെത്താൻ കഴിയും. ലോകകപ്പിൻെറ ചരിത്രത്തിൽതന്നെ ആദ്യമായാവും ഈയൊരു അനുഭവം. ഖത്തർ ലോകകപ്പിനെ ആരാധകർക്കിടയിൽ ഏറെ ആകർഷകമാക്കുന്നതിൽ ഈ സൗകര്യം പ്രധാന ഘടകമാവും. ആരാധകർക്ക് ഓരോ നഗരത്തിൽനിന്നും അകലെയുള്ള നഗരങ്ങളിലേക്ക് പിന്തുടരുന്ന ശീലം ഇവിടെയുണ്ടാവില്ല. അതിൻെറ െചലവും സമയവും കുറയുന്നത് സന്ദർശകർക്കും സൗകര്യമാവും -നാസർ അൽ കാതിർ പറഞ്ഞു.
ഈ വർഷം നവംബർ-ഡിസംബറിൽ നടക്കുന്ന അറബ് കപ്പ് ഫുട്ബാൾ 2022 ലോകകപ്പിൻെറ തയാറെടുപ്പായിമാറുമെന്നും അദ്ദേഹം പറഞ്ഞു. 'അറബ് കപ്പ് ഞങ്ങൾക്ക് ഏറെ പ്രധാനപ്പെട്ട ടൂർണമെൻറാണ്. ഫിഫക്കു കീഴിൽ ആദ്യമായി നടത്തപ്പെടുന്ന അറബ് ചാമ്പ്യൻഷിപ് എന്ന നിലയിൽ ടൂർണമെൻറ് ലോകശ്രദ്ധ നേടും. ലോകകപ്പിനായി ഒരുങ്ങിയ സ്റ്റേഡിയങ്ങളും മറ്റു തയാറെടുപ്പുകളും ലോകത്തിന് പരിചയപ്പെടാനും അറിയാനുമുള്ള അവസരമാണ് അറബ് കപ്പ്. തുടക്കത്തിൽതന്നെ ലോകകപ്പിലൂടെ ഖത്തറിൻെറയും അറബ് മേഖലയുടെയും പൈതൃകമാണ് ഞങ്ങൾ ഉയർത്തിപ്പിടിച്ചത്.
സ്റ്റേഡിയം രൂപകൽപനയിലും ലോകകപ്പിനു ശേഷം അവ എന്തു ചെയ്യണമെന്നതിലും വ്യക്തമായ തീരുമാനം മനസ്സിലുണ്ടായിരുന്നു. ലോകകപ്പിനു ശേഷം, പല സ്റ്റേഡിയങ്ങളുടെയും ശേഷി കുറച്ച് സീറ്റുകളും മറ്റും ആഫ്രിക്ക ഉൾപ്പെടെ രാജ്യങ്ങളിലെ ഫുട്ബാൾ വികസനത്തിനായി ഉപയോഗപ്പെടുത്തും. ചില സ്റ്റേഡിയങ്ങൾ അതേപോലെ നിലനിർത്തും, റാസ് അബൂ അബൂദ് പൂർണമായും പൊളിച്ചുമാറ്റി സാമഗ്രികൾ മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തും' - അൽകാതിർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.