ദോഹ: ഖത്തർ സർവകലാശാലയുടെ 46ാം ബാച്ചിന്റെ ബിരുദദാന ചടങ്ങ് തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി നടക്കും. 2602 ഖത്തരി വിദ്യാർഥികളും (373 പുരുഷന്മാരും 2229 സ്ത്രീകളും) 1305 അന്താരാഷ്ട്ര വിദ്യാർഥികളും (390 പുരഷന്മാരും 915 സ്ത്രീകളും) ഉൾപ്പെടെ ഈ വർഷം 3907 പേരാണ് വിവിധ കോഴ്സുകൾ പൂർത്തിയാക്കി ഖത്തർ സർവകലാശാലയിൽനിന്ന് പുറത്തിറങ്ങുന്നത്. 105 പുരുഷന്മാരും 493 സ്ത്രീകളുമുൾപ്പെടെ 598 വിശിഷ്ട ബിരുദധാരികളും ഇതിന്റെ ഭാഗമാകും.
സർവകലാശാല സ്പോർട്സ് ആൻഡ് ഇവന്റ്സ് സമുച്ചയത്തിൽ നടക്കുന്ന പരിപാടിയിൽ മേയ് എട്ടിന് തിങ്കളാഴ്ച പുരുഷ ബിരുദധാരികൾക്കും ഒമ്പതിന് ചൊവ്വാഴ്ച വനിത ബിരുദധാരികൾക്കുമായിരിക്കും ബിരുദദാന ചടങ്ങ് നടക്കുക. ഫാക്കൽറ്റികളുടെ ചടങ്ങുകൾ മേയ് 13 വരെ തുടരും. ഖത്തർ സർവകലാശാല സംഘടിപ്പിക്കുന്ന പ്രധാന വാർഷിക പരിപാടിയാണ് ബിരുദദാന ചടങ്ങെന്ന് സർവകലാശാല വിദ്യാർഥി വിഭാഗം വൈസ് പ്രസിഡന്റ് ഡോ. ഐമാൻ മുസ്തഫാവി പറഞ്ഞു.
3907 ബിരുദധാരികളുടെ ബിരുദം ഉന്നത വിദ്യാഭ്യാസ രംഗത്തെ ഖത്തർ സർവകലാശാലയുടെ പ്രതിബദ്ധതയെ പ്രതിനിധീകരിക്കുന്നുവെന്നും ഓരോ ബിരുദധാരിക്കും അവർ കടന്നുപോയ വെല്ലുവിളികളെയും അക്കാദമിക് ജീവിതത്തിലെ നേട്ടങ്ങളെയും പ്രതിനിധാനംചെയ്യുന്ന അതുല്യമായ വിജയഗാഥയുണ്ടെന്നും ഡോ. മുസ്തഫാവി പറഞ്ഞു.
ബിരുദദാന ചടങ്ങുകളുടെ ഭാഗമായുള്ള എല്ലാ തയാറെടുപ്പുകളും ഒരുക്കങ്ങളും പൂർത്തിയായതായി പറഞ്ഞു. ബിരുദധാരികളുമായി ബന്ധപ്പെടുകയും അവരെയും അവരുടെ കുടുംബങ്ങളെയും ചടങ്ങുകളിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും അവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.