ദോഹ: ഖത്തറിലെ തൊഴിലാളികൾക്കും ഗാർഹികജീവനക്കാർക്കും മിനിമം വേതനം ഉറപ്പുവരുത്തി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പുതിയ നിയമം പുറപ്പെടുവിച്ചു. 2017ലെ 17ാം നമ്പർ നിയമമായാണ് ഇനി മുതൽ മിനിമം വേതന നിയമം അറിയപ്പെടുക. തൊഴിലാളികളും ഗാർഹിക തൊഴിലാളികളും പുതിയ നിയമത്തിെൻറ പരിധിയിൽ ഉൾപ്പെടും.
ഏറെ നാളായി അവിദഗ്ധ തൊഴിലാളികൾക്ക് സ്ഥിര മിനിമം വേതനം നൽകുന്ന നിയമവുമായി ബന്ധപ്പെട്ട നടപടികളിലാണ് സർക്കാർ. ഇതിനുള്ള ശുപാര്‍ശകള്‍ തൊഴില്‍ മന്ത്രാലയത്തിന് സമര്‍പ്പിച്ചതായി നേരത്തെ ദോഹയിലെ അന്താരാഷ്ട്ര തൊഴിൽ സംഘടന (ഐ.എൽ.ഒ) യുടെ ഓഫിസ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ദോഹയിലേക്ക് ഏറ്റവും കൂടുതല്‍ തൊ ഴിലാളികള്‍ എത്തുന്ന ഇന്ത്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ അധികൃതരുമായി കൂടിയാലോചനകളും പഠനങ്ങളും നടത്തിയ ശേഷമാണ് ശുപാര്‍ശകള്‍ സമര്‍പ്പിച്ചത്. നിലവില്‍ ഖത്തറിൽ തൊഴിലാളികള്‍ക്ക് താല്‍ക്കാലിക മിനിമം വേതനമാണ് നല്കി വരുന്നത്.
ഗാർഹിക തൊഴിലാളികൾ ഉൾപ്പെടെ രാജ്യത്തെ സ്വകാര്യ മേഖലയിലെ മുഴുവൻ തൊഴിലാളികൾക്കും പുതിയ നിയമപ്രകാരം 1000 റിയാൽ മിനിമം വേതനം നൽകണം. തൊഴിലാളികൾക്ക് ന്യായമായ താമസസൗകര്യവും ഭക്ഷണവും നൽകുന്നില്ലെങ്കിൽ തൊഴിലാളിയുടെ താമസ ചെലവിനായി 500 റിയാലും ഭക്ഷണ അലവൻസിനായി 300 റിയാലും പുറമേ നൽകാനും നിയമം അനുശാസിക്കുന്നു. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറ് മാസം കഴിയുന്നതോടെ നിയമം പ്രാബല്യത്തിൽ വരും.
നിയമമനുസരിച്ചുള്ള മിനിമം വേതനത്തിൽ കുറഞ്ഞ വേതനം ലഭിക്കുന്നവരുടെ തൊഴിൽ കരാർ തൊഴിൽ ഉടമകൾ പുതിയനിയമമനുരിച്ച് പുതുക്കണം. തൊഴിൽ മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് തൊഴിൽ ഉടമകളുമായി യോജിച്ച് പ്രവർത്തിക്കും. തൊഴിലാളികളുടെ വേതനം സംബന്ധിച്ച പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി രൂപീകരിച്ച പ്രത്യേക ദേശീയ സമിതിയുടെ കൂടിയാലോചന ഫലമായാണ് പുതിയ നിയമം പുറപ്പെടുവിച്ചിരിക്കുന്നത്. മിഡിലീസ്റ്റിൽ മിനിമം വേതനം നടപ്പാക്കുന്ന ആദ്യ രാജ്യമായി ഖത്തർ ഇതോടെ ചരിത്രം കുറിച്ചു.
മിനിമം വേതനം കാലാനുസൃതമായി പുതുക്കുന്നതിനും അവലോകനം ചെയ്യുന്നതിനുമായി മിനിമം വേജ് കമ്മിറ്റി രൂപീകരിക്കാനും ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.
രാജ്യത്ത് തൊഴിലാളികളുടെ ജോലി മാറുന്നതിനാവശ്യമായ എൻ ഒ സി സംവിധാനം ഭരണ വികസന തൊഴിൽ സാമൂഹ്യ മന്ത്രാലയം നീക്കം ചെയ്തു. ഇതുപ്രകാരം തൊഴിലാളിക്ക് നിലവിലുള്ള തൊഴിലുടമയുടെ എൻ ഒ സി കൂടാതെ ജോലി മാറാൻ സാധിക്കും.
തൊഴിലാളികളുടെ താമസം, എൻട്രി, എക്സിറ്റ് എന്നിവ സംബന്ധിച്ചുള്ള 2014ലെ തൊഴിൽ നിയമവ്യവസ്ഥകളിൽ ഭേദഗതി വരുത്തിയുള്ള 2020ലെ 18ാം നമ്പർ നിയമ ഉത്തരവും, 2015ലെ 21ാം നമ്പർ നിയമ വകുപ്പുകൾ ഭേദഗതി ചെയ്തുകൊണ്ടുള്ള 2020ലെ 19ാം നമ്പർ ഉത്തരവുമാണ് സർക്കാർ പുറത്തിറക്കിയത്. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ ഒരുപോലെ സംരക്ഷിക്കുന്നതാണ് പുതിയ ഉത്തരവുകൾ.
ഖത്തർ തൊഴിൽ വിപണിയിൽ പുതിയ ഉണർവ് വരുത്താൻ ഭരണകൂടത്തിെൻറ പുതിയ തൊഴിൽ പരിഷ്കരണത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തൊഴിലാളിക്ക് മികച്ച തൊഴിൽ കണ്ടെത്തുന്നതിനും തൊഴിലുടമകൾക്ക് കഴിയും പ്രാപ്തിയുമുള്ള ഉദ്യോഗാർഥികളെ തേടുന്നതിനും പുതിയ നിയമപരിഷ്കാരങ്ങൾ സഹായകമാകും.
പുതിയ നിയമപ്രകാരം തൊഴിലാളിക്ക് മിനിമം വേതനം നൽകുന്നതിൽ വീഴ്ച വരുത്തുന്ന തൊഴിലുടമ കടുത്ത നിയമനടപടികൾക്ക് വിധേയമാകേണ്ടി വരുമെന്ന് തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
തൊഴിൽ തർക്ക പരിഹാര സമിതികളുടെ എണ്ണം കൂട്ടുന്നതിനും പുതിയ നിയമഭേദഗതി നിർദേശിക്കുന്നുണ്ട്. തൊഴിൽ തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ലക്ഷ്യം വെച്ചാണ് പുതിയ നടപടികൾ.
ആധുനികവും ചലനാത്മകവുമായ തൊഴിൽ വിപണി സാധ്യമാക്കുന്നതിൽ ഖത്തർ പ്രതിജ്ഞാബദ്ധമാണെന്നും വിഷൻ 2030നെ മുൻനിർത്തി തൊഴിൽ പരിഷ്കരണ രംഗത്ത് സുപ്രധാന നാഴികക്കല്ലാണ് പുതിയ നിയമങ്ങളെന്നും തൊഴിലാളിക്കും തൊഴിലുടമക്കും രാജ്യത്തിനും ഇത് ഏറെ പ്രയോജനം ചെയ്യുമെന്നും തൊഴിൽ മന്ത്രി യൂസുഫ് മുഹമ്മദ് അൽ ഉഥ്മാൻ ഫഖ്റൂ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.