ദോഹ: ഖത്തറിലേക്കുള്ള പുതിയ വിസയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള കേരളത്തിലെ ഖത്തർ വിസ സെൻറർ (ക്യു.വി.സി) ഉദ്യോഗാർഥികളെ വട്ടംകറക്കുന്നു.കേരളത്തിൽ ആകെയുള്ള ക്യു.വി.സിയാണ് കൊച്ചിയിലേത്. കോവിഡ് കാലത്ത് യാത്രാനിയന്ത്രണങ്ങളുള്ള പ്രതികൂല സാഹചര്യത്തിലും ഒരേ ആവശ്യത്തിന് തന്നെ രണ്ടും മൂന്നും തവണ ഇവിടെ എത്താൻ ആവശ്യെപ്പടുകയാണ് അധികൃതർ. ഖത്തർ ആഭ്യന്തരമന്ത്രാലയം വിദേശ ഏജൻസി വഴിയാണ് ഓരോ രാജ്യത്തെയും ക്യു.വി.സികൾ നടത്തുന്നത്. ഈ ഏജൻസികൾക്കാണ് ഇവയുടെ പ്രവർത്തനചുമതല.
പുതിയ ജോലിക്കാരെ ആവശ്യമുള്ള കമ്പനികൾ ഖത്തർ ആഭ്യന്തരമന്ത്രാലയം വഴി പുതിയ വിസകൾ നേടും. ഇതിനു ശേഷം നാട്ടിലുള്ള ഉദ്യോഗാർഥിക്കായി ക്യു.വി.സിയിൽനിന്ന് ഓൺലൈൻവഴി അപ്പോയിൻറ്മെൻറ് എടുത്ത് 500ഓളം റിയാൽ (10,000 രൂപ) അടക്കും.
ശേഷം ഉദ്യോഗാർഥി നേരിട്ട് പോയി മെഡിക്കൽ അടക്കമുള്ള നടപടികൾ പൂർത്തിയാക്കുകയാണ് വേണ്ടത്. ബയോമെട്രിക് വിവരശേഖരണം, എക്സ്റെ എടുക്കൽ, മറ്റു ശാരീരിക പരിശോധനകൾ, തൊഴിൽകരാർ ഒപ്പുവെക്കൽ എന്നീ നടപടികളാണ് ഇവിടെ നടക്കുക.
മുൻകാലങ്ങളിൽ ഒറ്റപ്പോക്കിനു തന്നെ എല്ലാം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ, മാസങ്ങളായി ഉദ്യോഗാർഥികളെ അകാരണമായി വലക്കുകയും രണ്ടും മൂന്നും തവണ വിളിച്ചുവരുത്തുകയുമാണ് ചെയ്യുന്നത്.
ഏറെ ദൂരത്തുനിന്ന് വരുന്നവരെപോലും അകാരണമായി മടക്കി അയക്കുന്നു. പലേപ്പാഴും മെഡിക്കൽ പരിശോധനകൾക്കായി വീണ്ടും മറ്റൊരു ദിവസം വരാൻ ആവശ്യപ്പെടുന്നു.
എക്സ്റെ എടുത്തത് ശരിയായോ എന്ന് അപ്പോൾ തന്നെ അറിയാൻ കഴിയുമെന്നിരിക്കെ ഉദ്യോഗാർഥി മടങ്ങിയശേഷം ദിവസങ്ങൾക്കുള്ളിൽ ഇതേ കാരണം പറഞ്ഞ് വീണ്ടും വരാൻ ആവശ്യപ്പെടുന്നു.
അധികൃതർ മോശമായി പെരുമാറുന്നുവെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഖത്തറിലേക്ക് പുതുതായി വിസയിൽ എത്തേണ്ടവർ ഇത്തരത്തിൽ മൂന്നുദിവസങ്ങൾ ക്യു.വി.സിയിൽ നേരിട്ട് എത്തേണ്ടിവന്നു.
മെഡിക്കൽ പരിശോധനയുടെ പേരിൽ അധികൃതർ ഉദ്യോഗാർഥികളെ ചൂഷണം ചെയ്യുകയാണെന്ന് വ്യാപകപരാതിയുണ്ട്. നാട്ടിൽനിന്ന് തന്നെ എളുപ്പത്തിൽ നടപടികൾ പൂർത്തിയാക്കാനാണ് ഖത്തർ സർക്കാർ ഇത്തരം കേന്ദ്രങ്ങൾ വിദേശങ്ങളിൽ തുടങ്ങിയത്.
എന്നാൽ, കൊച്ചി ക്യു.വി.സി നിലവിൽ ഉദ്യോഗാർഥികൾക്ക് വൻപ്രയാസമാണ് ഉണ്ടാക്കുന്നത്. ഫലം ലഭിക്കാൻ ആഴ്ചകൾ കാത്തിരിക്കേണ്ട സ്ഥിതിയുമുണ്ട്. ആദ്യകാലങ്ങളിൽ മൂന്നുദിവസം കൊണ്ട് ഫലം ലഭ്യമായിരുന്നു.
മുൻകാലങ്ങളിൽ ജോലിക്കെത്തിയശേഷം ഖത്തറിൽനിന്നാണ് ഉദ്യോഗാർഥികളുടെ മെഡിക്കൽ അടക്കമുള്ള നടപടികൾ ചെയ്തിരുന്നത്. പരിശോധനയിൽ പരാജയപ്പെടുന്നവർ നാട്ടിലേക്കു തന്നെ തിരിച്ചുപോവേണ്ട സ്ഥിതിയായിരുന്നു. ഇത് വൻപണച്ചിലവും അധ്വാനത്തിനും കാരണമായി.
ഇതിനാലാണ് ഖത്തർ ആഭ്യന്തരമന്ത്രാലയം വിവിധ രാജ്യങ്ങളിൽ ഖത്തർ വിസ സെൻററുകൾ (ക്യു.വി.സി) തുറന്നത്. കൊച്ചി അടക്കം ഇന്ത്യയിലെ ഏഴ് ഖത്തര്‍ വിസ സേവനകേന്ദ്രങ്ങളും ഇതിനകം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക് മെട്രോ സ്റ്റേഷന് സമീപം നാഷനല്‍ പേള്‍ സ്റ്റാര്‍ ബില്‍ഡിങ്ങിലാണ് കൊച്ചി വിസ കേന്ദ്രം. പ്രവാസി തൊഴിലാളികള്‍ക്ക് ഖത്തര്‍ റെസിഡൻറ്സ് പെര്‍മിറ്റ് (ആര്‍പി) നടപടിക്രമങ്ങള്‍ മാതൃരാജ്യത്തുവെച്ചുതന്നെ പൂര്‍ത്തീകരിക്കാന്‍ സൗകര്യമൊരുക്കുകയാണ് ലക്ഷ്യം.
തൊഴില്‍ വിസയില്‍ ഖത്തറിലേക്കു വരുന്നവരുടെ മെഡിക്കല്‍ പരിശോധന, ബയോ മെട്രിക് വിവര ശേഖരണം, തൊഴില്‍ കരാര്‍ ഒപ്പുവെക്കല്‍ എന്നിവ സ്വകാര്യ ഏജന്‍സിയുടെ സഹകരണത്തോടെ കൊച്ചിയിലടക്കമുള്ള ക്യു.വി.സികളിൽ പൂര്‍ത്തീകരിക്കാനാകും. റിക്രൂട്ട്മെൻറുകള്‍ സുതാര്യവും വേഗത്തിലുമാകും. വിസ നടപടിക്രമങ്ങളെല്ലാം ഒരു ചാനലിലൂടെ പൂര്‍ത്തിയാക്കാം. പണച്ചെലവും അധ്വാനവും കുറയും. മാതൃഭാഷയില്‍ തൊഴില്‍ കരാര്‍ വായിച്ചുമനസ്സിലാക്കാനുള്ള സൗകര്യവും ലഭിക്കും. തൊഴിലാളിക്ക് ഖത്തറില്‍ എത്തിയാലുടന്‍ െറസിഡന്‍സി പെര്‍മിറ്റ് കാര്‍ഡ് കിട്ടും.
ഉടന്‍തന്നെ ജോലിയില്‍ പ്രവേശിക്കാം. ഇവിടെ നിന്ന് തൊഴില്‍ കരാര്‍ വായിച്ചു മനസ്സിലാക്കി ഡിജിറ്റല്‍ രൂപത്തില്‍ ഒപ്പുവെക്കാനാകും. ഖത്തറിലേക്ക് പുറപ്പെടുംമുമ്പ് സൗജന്യമായി സിംകാര്‍ഡുകള്‍ നല്‍കും. 30 ഖത്തര്‍ റിയാല്‍ ബാലന്സോടെയായിരിക്കും ഇത്. തൊഴില്‍കരാര്‍ രേഖകള്‍ക്കൊപ്പം സിംകാര്‍ഡ് നമ്പറും ഉള്‍പ്പെടുത്തും. കരാറിെൻറ പകര്‍പ്പ് ഭരണവികസന, തൊഴില്‍, സാമൂഹികകാര്യമന്ത്രാലയത്തിനും തൊഴിലുടമക്കും ലഭ്യമാകുന്നതോടെ മൊബൈല്‍ നമ്പര്‍ പ്രവര്‍ത്തനസജ്ജമാകും. തൊഴിലാളിയുടെ പേരിലായിരിക്കും സിംകാര്‍ഡ്. ന്യൂഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ലഖ്നോ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലും ക്യു.വി.സികൾ ഉണ്ട്. 00914461331333 എന്ന ടെലിഫോണ്‍ നമ്പര്‍ മുഖേ നയും info.ind@qatarvisacenter.com എന്ന ഇമെയില്‍ മുഖേനയും ഈ കേന്ദ്രങ്ങളുമായി ബന്ധപ്പെടാം.
ദോഹ: കൊച്ചി വിസ സെൻററിനെ കുറിച്ച് നിരവധി പരാതികൾ ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ എം.പിയും പാർലമെൻറ് ആരോഗ്യ കുടുംബക്ഷേമ സ്റ്റാൻഡിങ് കമ്മിറ്റി അംഗവുമായ അടൂർ പ്രകാശ് കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർക്ക് നിവേദനം നൽകി.
ഉദ്യോഗാർഥികളെ അകാരണമായി പ്രയാസപ്പെടുത്തുകയാണെന്നും മെഡിക്കൽ പരിശോധനയുടെ പേരിൽ ചൂഷണം ചെയ്യുകയാണ് കൊച്ചി സെൻറർ എന്നും നിവേദനത്തിൽ പറയുന്നു. അകാരണമായി ഒന്നിലധികം തവണ മെഡിക്കൽ പരിശോധനക്ക് വിധേയരാകേണ്ട സ്ഥിതിയാണ് ഉദ്യോഗാർഥികൾക്ക്. ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്നും എം.പി നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
ദോഹ: കൊച്ചിയിലെ ഖത്തർ വിസ സെൻറർ (ക്യു.വി.സി) അധികൃതരുടെ കൃത്യവിലോപത്തിനെതിരെ നടപടിയെടുക്കണമെന്ന് പ്രവാസി വെൽഫെയർ ഫോറം പ്രസിഡൻറ് റസാഖ് പാലേരി ആവശ്യപ്പെട്ടു. ഇക്കാരണത്താൽ ഖത്തറിൽ ജോലി തേടുന്നവർക്ക് സൃഷ്ടിക്കുന്ന പ്രയാസങ്ങൾ പരിഹരിക്കുന്നതിന് നോർക്ക റൂട്ട്സും പ്രവാസി ക്ഷേമ മന്ത്രാലയവും ഇടപെടണം.
നൂറുകണക്കിനാളുകൾ ദിവസവും വിസാനടപടികൾക്കുവേണ്ടി മെഡിക്കൽ സേവനങ്ങൾ ഉൾെപ്പടെയുള്ളവക്കായി എത്തുന്ന വിസ സെൻറർ ഉദ്യോഗാർഥികളോട് നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നത്. ഇത് ഏറെ പ്രയാസങ്ങൾക്ക് കാരണമാകുന്നു. പ്രതിഷേധം വ്യാപകമായതിനാൽ പരിഹാരനടപടികൾ എത്രയും വേഗം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദോഹ: കൊച്ചിയിലെ ഖത്തർ വിസ സെൻറർ അധികൃതരുടെ നിരുത്തരവാദപരമായ സമീപനങ്ങളിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഖത്തർ ഇന്ത്യൻ മൈനോറിറ്റി കൾച്ചറൽ സെൻറർ (ഐ.എം.സി.സി) പ്രവാസി കാര്യമന്ത്രാലയത്തിെൻറ ചുമതല നിർവഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഇ മെയിൽ മുഖേന പരാതി അയച്ചു. ഖത്തറിലേക്ക് പുതിയ വിസയിൽ എത്തുന്നവർക്ക് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ അനുവദിച്ച കേന്ദ്രങ്ങളിൽ കൊച്ചിയിലെ സെൻററിനെക്കുറിച്ചാണ് വ്യാപകമായ പരാതി ഉയർന്നിരിക്കുന്നത്.
കൃത്യമായ അറിയിപ്പുകൾ നൽകാതിരിക്കുക, അകാരണമായി ആരോഗ്യ പരിശോധന മാറ്റിവെക്കുക, ജീവനക്കാരുടെ മോശം പെരുമാറ്റം, വിദൂരത്തിൽനിന്നുപോലും വരുന്നവരെ അകാരണമായി തിരിച്ചയക്കുക, പിന്നീട് വരാൻ ആവശ്യപ്പെടുക തുടങ്ങിയ പരാതികൾ പതിവാണ്. പരാതി സ്വീകരിച്ച മുഖ്യമന്ത്രിയുടെ ഓഫിസ് കൂടുതൽ നടപടിക്കായി നോർക്ക ഓഫിസിലേക്ക് കൈമാറിയതായി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.