ദോഹ: ഇന്ത്യൻ വിദേശ-പാർലമെന്‍ററികാര്യ സഹമന്ത്രി വി. മുരളീധരന്‍റെ ഖത്തർ സന്ദർശനത്തിന് ഞായറാഴ്ച തുടക്കമായി. മൂന്നു ദിവസത്തെ സന്ദർശനത്തിനായി ഉച്ചയോടെ ഖത്തറിലെത്തിയ മന്ത്രിക്ക് ഇന്ത്യൻ സമൂഹത്തിന്‍റെ നേതൃത്വത്തിൽ ആവേശകരമായ സ്വീകരണവും നൽകി. വിമാനത്താവളത്തിൽ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തലിന്‍റെയും ഖത്തർ വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ സ്വീകരിച്ച മന്ത്രി, തുടർന്ന് ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖിയുമായി കൂടിക്കാഴ്ച നടത്തി.
ഇന്ത്യയും ഖത്തറും തമ്മിലെ ഊർജ, വാണിജ്യ, നിക്ഷേപ, വിദ്യാഭ്യാസ, പ്രവാസിക്ഷേമ മേഖലകളുമായി ബന്ധപ്പെട്ട് ഇരുവരും ചർച്ച നടത്തി. ഇരു രാജ്യങ്ങൾക്കുമിടയിലെ സഹകരണവും സൗഹൃദവും വരും കാലങ്ങളിൽ കൂടുതൽ ശക്തിപ്രാപിക്കുമെന്ന് തുടർന്ന് മന്ത്രി വ്യക്തമാക്കി.
മന്ത്രി വി. മുരളീധരന്‍റെ ഖത്തറിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനംകൂടിയാണിത്. ഖത്തർ ശൂറാ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിമുമായും മന്ത്രി ഔദ്യോഗിക കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച ഉച്ച 2.30ന് ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്‍ററിൽ നടക്കുന്ന ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് എക്സിബിഷനിലെ ഇന്ത്യൻ പവിലിയൻ മന്ത്രി ഉദ്ഘാടനം ചെയ്യും. തുടർന്ന് വൈകീട്ട് ആറു മണിക്ക് അൽ വക്റയിൽ ഇന്ത്യൻ മത്സ്യത്തൊഴിലാളികളുമായി സംവദിക്കുന്ന മന്ത്രി, രാത്രി 7.30ന് ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന തൊഴിലാളിദിന ആഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ഐ.സി.ബി.എഫ് നേതൃത്വത്തിലാണ് ഇന്ത്യൻ തൊഴിലാളികളെ ഉൾപ്പെടുത്തി വിപുലമായ പരിപാടി സംഘടിപ്പിക്കുന്നത്.
മേയ് 10ന് രാവിലെ 11ന് ഖത്തറിന്‍റെ ലോകകപ്പ് വേദികളിലൊന്നായ അഹമ്മദ് ബിൻ അലി സ്റ്റേഡിയവും മന്ത്രി വി. മുരളീധരൻ സന്ദർശിക്കും. നാലു ദിവസം മുമ്പ് ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ-ഖത്തർ സംയുക്ത സഹകരണ സമിതി യോഗത്തിനു പിന്നാലെയാണ് മന്ത്രിയുടെ ദോഹ സന്ദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.