ദോഹ: ലോകത്തിലെ ഏറ്റവും വലിയ സബ്സീ കേബിൾ പദ്ധതി ശൃംഖലയുടെ ഭാഗമായി ഖത്തറും. മൊബൈൽ സേവനദാതാക്കളായ വോഡഫോൺ ആണ് ഇൻറർനാഷണൽ സബ്സീ കേബിൾ സ്റ്റേഷന് ഖത്തറിൽ തുടക്കം കുറിച്ചത്. ഖത്തറിനെ അന്താരാഷ്ട്ര സബ്സീ കേബിൾ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന പദ്ധതിയുമായി സൗദി ടെലികോം കമ്പനിയുമായി (എസ്.ടി.സി) 20 വർഷത്തെ കരാറിൽ ഒപ്പുവെച്ചതായും വോഡഫോൺ ഖത്തർ വ്യക്തമാക്കി.
വോഡഫോൺ തന്നെ സ്വന്തമായി സബ്സീ കേബിൾ സ്റ്റേഷൻ നിർമിച്ച് പ്രവർത്തനങ്ങൾ നിയന്ത്രിക്കുമെന്നാണ് കരാറിലെ പ്രധാന ഭാഗം. ഖത്തറിനെ ബഹുമേഖല പദ്ധതിയുടെ ഭാഗമാക്കാൻ ഇത് സഹായിക്കും. കൂടാതെ ആഗോള ഡിജിറ്റൽ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ കൂടുതൽ അവസരങ്ങൾ തുറക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ സബ്സീ കേബിൾ സിസ്റ്റമാണ് '2 ആഫ്രിക്ക'. ടെലികോം, ടെക്നോളജി രംഗത്തെ ആഗോള ഭീമന്മാരായ ഫേസ്ബുക്ക്, ചൈന മൊബൈൽ ഇൻറർനാഷനൽ, വോഡഫോൺ ഗ്രൂപ്, എം.ടി.എൻ ഗ്ലോബൽ കണക്ട്, ഓറഞ്ച്, എസ്.ടി.സി, ടെലികോം ഈജിപ്ത് തുടങ്ങിയവർ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്.
രാജ്യത്തെ ഇൻറർനെറ്റ് കണക്ടിവിറ്റിയുടെ ശേഷിയും ഗുണനിലവാരവും ലഭ്യതയും വർധിപ്പിക്കുന്ന, രാജ്യത്തിന്‍റെ ഡിജിറ്റൽ പരിവർത്തനത്തിന് വലിയ സംഭാവനകൾ നൽകുന്ന ഈ ബൃഹദ് പദ്ധതിയുടെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് വോഡഫോൺ ഖത്തർ സി.ഇ.ഒ ശൈഖ് ഹമദ് ബിൻ അബ്ദുല്ല ബിൻ ജാസിം ആൽഥാനി പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി ശക്തമായ കമ്യൂണിക്കേഷൻ ഇൻഫ്രാസ്ട്രക്ചറിലൂടെ ഖത്തറിനെ ആഗോള ഹബ്ബാക്കി മാറ്റാൻ തങ്ങൾക്ക് സാധിക്കുമെന്നും ശൈഖ് ഹമദ് അബ്ദുല്ല ജാസിം ആൽഥാനി കൂട്ടിച്ചേർത്തു.
ആഗോള ജനസംഖ്യയുടെ 36 ശതമാനത്തെ പ്രതിനിധാനംചെയ്യുന്ന ആഫ്രിക്കൻ ഭൂഖണ്ഡത്തിലെയും മിഡിലീസ്റ്റ് മേഖലയിലെയും ഏകദേശം 300 കോടി ആളുകൾക്ക് ഈ ആഗോള പദ്ധതി വഴി സേവനം ലഭ്യമാക്കും. 2 ആഫ്രിക്ക പേൾസ് ബ്രാഞ്ച് എന്ന് പേരിട്ടിരിക്കുന്ന ആഗോള ശൃംഖലയുടെ പുതിയ സെഗ്മൻറ് അറേബ്യൻ ഗൾഫ് രാജ്യങ്ങൾ, ഇന്ത്യ, പാകിസ്താൻ എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കുന്ന രീതിയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ഇതിലൂടെ 2ആഫ്രിക്ക കേബിൾ സിസ്റ്റത്തിന്റെ ദൈർഘ്യം 45000 കിലോമീറ്ററിലധികമായി വർധിക്കും.
സമുദ്രാന്തർ കേബിൾ വിന്യാസമാണ് സബ്സീ കേബിൾ പദ്ധതി. കടലിനടിയിലൂടെയുള്ള ഫൈബർ ഒപ്റ്റിക് കേബിൾ ശൃംഖല വഴി ലോകത്തെ കമ്യൂണിക്കേഷൻ ശൃംഖലയെ അതിവേഗത്തിൽ ബന്ധിപ്പിക്കുന്നതാണ് സബ്സീ അല്ലെങ്കിൽ സബ്മറൈൻ കേബിൾ പ്രോജക്ട്. ഇലക്ട്രോണിക് സിഗ്നലുകൾ അതിവേഗത്തിൽ പ്രസരണം ചെയ്യുന്നതിനുള്ള സംവിധാനം. പുതിയ കാലത്തെ കമ്യൂണിക്കേഷൻ മേഖലയുടെ നട്ടെല്ലാണ് സബ്സീ കേബിൾ നെറ്റ്വർക്ക്. കടലിനടിയിൽ കേടുവരാതിരിക്കാനുള്ള അത്യാധുനിക സംവിധാനങ്ങളോടെയാണ് പുതിയ പ്രത്യേകതരം കേബിൾ ശൃംഖലകൾ തീർക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.