ദോഹ: ഏഷ്യൻ കപ്പ് കിക്കോഫിന് നാളുകൾ മാത്രം ബാക്കിനിൽക്കെ ആതിഥേയരുടെ 27 അംഗ സാധ്യതാടീമിനെ പ്രഖ്യാപിച്ച് കോച്ച് മാർക്വിസ് ലോപസ്. പരിചയസമ്പന്നരും, പുതുമുഖങ്ങളും ഉൾപ്പെടെ എല്ലാവർക്കും അവസരം നൽകിയാണ് പുതിയ ദേശീയ ടീം പരിശീലകൻ വൻകര മേളക്കുള്ള സാധ്യതാ സംഘത്തെ പ്രഖ്യാപിച്ചത്.
ഇവരിൽ നിന്നായിരിക്കും ജനുവരി 12ന് കിക്കോഫ് കുറിക്കുന്ന ടൂർണമെന്റിനുള്ള അന്തിമ സംഘത്തെ തിരഞ്ഞെടുക്കുന്നത്. പരിശീലന ക്യാമ്പുകളും സന്നാഹ മത്സരങ്ങളുമായി തിരക്കേറിയ ദിനങ്ങളാണ് നിലവിലെ ചാമ്പ്യന്മാർ കൂടിയായ ഖത്തറിനെ കാത്തിരിക്കുന്നത്. ലോകകപ്പിലും കോപ അമേരിക്കയിലും ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര മത്സരങ്ങളുടെ പരിചയസമ്പത്തുമായിറങ്ങുന്ന ഖത്തർ ഗ്രൂപ് റൗണ്ടിൽ ആദ്യ അങ്കത്തിൽ ലബനാനെ നേരിടും.
ജനുവരി 12ന് ലുസൈൽ സ്റ്റേഡിയത്തിലാണ് ഖത്തറിന്റെ ഉദ്ഘാടന മത്സരം. തുടർന്നുള്ള മത്സരങ്ങളിൽ ഖത്തർ തജ്കിസ്താനെയും (ജനുവരി 14) ചൈനയെയും (ജനുവരി 25) നേരിടും.
ഏഷ്യൻ കപ്പിന് മുന്നോടിയായി ഡിസംബർ 31ന് കംബോഡിയയെയും ജനുവരി അഞ്ചിന് ജോർഡനെയും ഖത്തർ സന്നാഹ മത്സരങ്ങളിൽ നേരിടുന്നുണ്ട്. ദേശീയ ക്യാമ്പിലെയും സന്നാഹ മത്സരങ്ങളിലെയും പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ടൂർണമെന്റിനുള്ള അവസാന സംഘത്തെ പ്രഖ്യാപിക്കുന്നത്.
സോക്കറൂസും തയാർ: ലോകകപ്പ് താരങ്ങളും പുതുമുഖങ്ങളുമായി 26 അംഗ ടീമിനെ പ്രഖ്യാപിച്ച് കോച്ച് ഗ്രഹാം അർനോൾഡ്
ദോഹ: ഏഷ്യൻ കപ്പിൽ കിരീട ഫേവറിറ്റുകളായി ഒരുങ്ങുന്ന ആസ്ട്രേലിയയുടെ താരപ്പടയും സജ്ജമായി. ടൂർണമെന്റിനുള്ള 26 അംഗ ടീമിനെയാണ് കോച്ച് ഗ്രഹാം അർനോൾഡ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഗോൾകീപ്പറും ക്യാപ്റ്റനുമായ മാത്യൂ റ്യാൻ മുതൽ പുതുമുഖ താരം ജോൺ ഇർഡേൽ, പ്രാട്രിക് യാസ്ബെക് ഉൾപ്പെടെ യുവനിരയും അടങ്ങിയതാണ് ഏഷ്യൻ കപ്പിനുള്ള സോക്കറൂസ് പട.
വെറ്ററൻ താരം ബ്രൂണോ ഫോർനറോളി
ലോകകപ്പ് ഫുട്ബാൾ ഗ്രൂപ് റൗണ്ടിൽ ഗോളുകൾ നേടിയ മിച്ചൽ ഡ്യൂക്, ക്രെയ്ഗ് ഗുഡ്വിൻ എന്നിവർ ഇടം നേടിയപ്പോൾ, ടീമിന് ക്വാർട്ടറിലേക്ക് വിജയ ഗോളുമായി വഴിതുറന്ന മാത്യു ലെകിയെ പരിക്കുകാരണം മാറ്റി നിർത്തി. അതേസമയം, 36കാരനായ വെറ്ററൻ താരം ബ്രൂണോ ഫോർനറോളിയുടെ വരവാണ് ശ്രദ്ധേയമായത്. സോക്കറൂസ് ടീമിലെ ഏറ്റവും പ്രായമേറിയ അരങ്ങേറ്റക്കാരനായി കഴിഞ്ഞ വർഷം മാത്രം ദേശീയ ടീമിൽ ഇടം നേടിയ ഉറുഗ്വായ് വംശജനായ ബ്രൂണോയുടെ സമീപകാലത്തെ ക്ലബ് പ്രകടനമാണ് കോച്ച് ഗ്രഹാം അർനോൾഡിനെ സ്വാധീനിച്ചത്. മിച്ചൽ ഡ്യൂക്, മാർടിൻ ബോയൽ, ക്രെയ്ഗ് ഗുഡ്വിൻ എന്നിവർക്കൊപ്പം മുന്നേറ്റ നിരയിലായിരിക്കും ബ്രൂണോയുടെയും സാന്നിധ്യം. പ്രതിരോധത്തിൽ അസിസ് ബെഹിച്, മധ്യനിരയിൽ ജാക്സൺ ഇർവിൻ, റിലേ മക്ഗ്രീ എന്നിവരും ടീമിലുണ്ട്. നഥാനിയേൽ ആറ്റ്കിൻസൺ, മക്ഗ്രീ എന്നിവർ പരിക്ക് ഭീഷണി മാറിയാണ് ടീമിനൊപ്പം ചേരുന്നത്.
27 അംഗ ടീം
ഗോൾകീപ്പർ: സഅദ് അൽ ഷീബ്, സലാഹ് സകരിയ,
മിഷ്അൽ ബർഷാം, സൗദ് അൽ ഖാതിർ.
പ്രതിരോധം: അൽ മഹ്ദി അലി, ബസാം അൽ റാവി, ബൗലം ഖൗഖി, ഹുമാം അൽ അമിൻ, ലൂകാസ് മെൻഡിസ്, പെഡ്രോ മിഗ്വേൽ, സുൽതാൻ അൽ ബ്രിക്, താരിഖ് സൽമാൻ.
മധ്യനിര: അബ്ദുൽ അസിസ് ഹാതിം, അഹമദ് ഫത്ഹി, അലി അസദ്, ഹസൻ അൽ ഹൈദോസ്, ജാസിം ജാബിർ, മുഹമ്മദ് വഅദ്, മുസ്തഫ താരിഖ്, ഉസാമ അൽ തൈരി.
മുന്നേറ്റം: അഹമദ് അൽ ജനാഹി, അഹമദ് അലാ, അക്രം അഫിഫ്, അൽ മുഈസ് അലി, ഖാലിദ് മുനിർ, മുഹമ്മദ് മുൻതാരി, യൂസുഫ് അബ്ദുൽറസാഖ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.