ദോഹ: ഫിഫ അറബ് കപ്പ് ക്വാർട്ടർ ഫൈനലിൽ ഖത്തറിന് യു.എ.ഇ എതിരാളി. തുനീഷ്യ ഒമാനെ നേരിടും. ഗ്രൂപ് 'എ'യിൽനിന്നു മൂന്നു കളിയും ജയിച്ച് ചാമ്പ്യന്മാരായാണ് ഖത്തർ ക്വാർട്ടറിനെത്തുന്നത്. ഗ്രൂപ് 'ബി'യിൽ രണ്ടാം സ്ഥാനക്കാരാണ് യു.എ.ഇ. ഗ്രൂപ് 'ബി'യിൽ ഒന്നാം സ്ഥാനക്കാരായ തുനീഷ്യക്ക്, 'എ'യിലെ രണ്ടാം സ്ഥാനക്കാരായ ഒമാൻ എതിരാളിയാവും. ഡിസംബർ 10ന് അൽബെയ്ത് സ്റ്റേഡിയത്തിൽ രാത്രി 10നാണ് ഖത്തർ-യു.എ.ഇ പോരാട്ടം. അതേദിനം, വൈകീട്ട് ആറിന് എജുക്കേഷൻ സിറ്റിയിൽ തുനീഷ്യ ഒമാനെ നേരിടും. ചൊവ്വാഴ്ചയിലെ മറ്റു മത്സരങ്ങളുടെ ഫലങ്ങളെ ആശ്രയിച്ചായിരുക്കും മറ്റു ടീമുകളുടെ ക്വാർട്ടറിലെ എതിരാളികളെ നിശ്ചയിക്കപ്പെടുന്നത്.
അൽബെയ്ത് സ്റ്റേഡിയത്തിൽ നടന്ന ഫിഫ അറബ് കപ്പിലെ അവസാന ഗ്രൂപ് മത്സരത്തിൽ റിസർവ് ബെഞ്ചിനെ ഇറക്കി ഇറാഖിനെ പിടിച്ചുകെട്ടാമെന്നായിരുന്നു ഖത്തർ കോച്ച് ഫെലിക്സ് സാഞ്ചസിൻെറ മോഹങ്ങൾ. നായകൻ ഹസൻ ഹൈദോസും അക്രം അഫീഫും ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങളെ ബെഞ്ചിലിരുത്തി യുവനിരക്ക് അവസരം നൽകിയ കോച്ചിെൻറ തന്ത്രങ്ങൾ പക്ഷേ, വിലപ്പോയില്ല. അബ്ദുൽ അസീസ് ഹാതിമിനെ മധ്യനിരയിൽ നിർത്തി മുഹമ്മദ് മുൻതാരിയും അഹമ്മദ് അലാ എൽദിനും നടത്തിയ മുന്നേറ്റങ്ങൾ എതിർ ബോക്സിനുള്ളിൽ അവസാനിച്ചതല്ലാതെ ഗോൾവല പൊട്ടിക്കാനൊന്നുമില്ലാതെ പോയി. മറുപകുതിയിൽ ഇറാഖിനും അവസരം മുതലാക്കാനായില്ല. ഒടുവിൽ രണ്ടാം പകുതിയിൽ തുടർച്ചയായ സബ്സ്റ്റിറ്റ്യൂഷനുകളിലൂടെ സീനിയേഴ്സിനെ തിരികെ വിളിച്ചത് രക്ഷയായി.
നായകൻ ഹസൻ ഹൈദോസും മുന്നേറ്റത്തിലെ പടക്കുതിരയായ അൽ മുഈസ് അലിയും സൂപ്പർഹീറോ അക്രം അഫീഫിയും ഉൾപ്പെടെയുള്ള ഒന്നാം നമ്പർ നിരതന്നെ വേണ്ടിവന്നു ഖത്തറിന് കളിയിലേക്ക് തിരികെയെത്തിക്കാൻ. മൂവർസംഘത്തിെൻറ വരവോടെ മുന്നേറ്റത്തിന് വേഗവും മൂർച്ചയും കൂടി. അതിെൻറ ഫലവും വൈകാതെ പിറന്നു. 81ാം മിനിറ്റിൽ അൽ മുഈസ് അലിയും 84ാം മിനിറ്റിൽ അക്രം അഫീഫിയും കുറിച്ച ഗോളിലൂടെ ഖത്തറിന് ജയം.
മധ്യനിരയിൽനിന്നു ലഭിച്ച പന്തുമായി കുതിച്ച അൽ മുഈസ്, ഒരുവേള പന്ത് റീബൗണ്ട് ചെയ്തിട്ടും ഹോൾഡ് ചെയ്ത് വലയിലേക്ക് നിറയൊഴിച്ചാണ് സ്കോർ ചെയ്തത്. പതിവു പോലെ അതിവേഗ കുതിപ്പിലൂടെ അഫിഫും വലകുലുക്കി. ഇഞ്ചുറി ടൈമിലെ മൂന്നാം മിനിറ്റിൽ ഹസൻ ഹൈദോസ് നേടിയ ഗോളിലേക്ക് പന്ത് എത്തിച്ചതും അഫിഫിെൻറ നീക്കമായിരുന്നു. ക്വാർട്ടർ പ്രവേശനത്തിന് ജയം അനിവാര്യമായ ഇറാഖിനാവട്ടെ ഇരു പകുതികളിലുമായി ലഭിച്ച അവസരങ്ങൾ ക്രോസ് ബാറിന് പുറത്തേക്ക് അടിച്ചകറ്റുന്നതിലായിരുന്നു മിടുക്ക്.
കഠിനാധ്വാനവും ഭാഗ്യവും ഒമാനെ പിന്തുണച്ച പോരാട്ടം. അൽ ജനൂബിലെ മത്സരത്തിൽ ബഹ്റൈനെ മറുപടിയില്ലാത്ത മൂന്നു ഗോളിന് തോൽപിച്ച് തങ്ങളുടെ ജോലി ഭംഗിയായി തന്നെ പൂർത്തിയാക്കി. പിന്നാലെ, അൽ ബെയ്തിൽ ഖത്തറിെൻറ ജയംകൂടിയായതോടെ ഗ്രൂപ്പിൽനിന്ന് രണ്ടാം സ്ഥാനക്കാരായി ക്വാർട്ടർ പ്രവേശം അനായാസമായി. റാബിയ സൈയ്ദ് അൽ അലവി, അർഷാദ് അൽ അലവി, ഖാലിദ് ഖലീഫ എന്നിവരാണ് ഗോൾ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.