ദോഹ: ഖത്തർ ലോകകപ്പ് ഫുട്ബാളിന്റെ ഒരു വർഷത്തെ കൗണ്ട് ഡൗൺ മുതൽ ജേതാക്കളായ അർജന്റീന ടീമിനോടൊപ്പമുള്ള വിക്ടറി പരേഡിലും സ്റ്റേഡിയങ്ങളിലും ഫാൻസ് സോണുകളിലും ഫാൻ ആക്ടിവിറ്റികളിൽ നിറഞ്ഞുനിന്ന ഖത്തർ മഞ്ഞപ്പടയുടെ അംഗങ്ങൾക്ക് ആദരവായി അവാർഡ് നൈറ്റ് സംഘടിപ്പിച്ചു. ദോഹ റാഡിസൺ ബ്ലൂ ഹോട്ടലിൽ നടന്ന പരിപാടി മുൻ ഐ.എസ്.സി പ്രസിഡന്റ് ഡോ. മോഹൻ തോമസ് ഉദ്ഘാടനം ചെയ്തു.
എ.എഫ്.സി 2023 ഡയറക്ടർ ജഹാം അൽ കുവാരി വിശിഷ്ടാതിഥി ആയിരുന്നു. ലോകകപ്പിൽ ഖത്തർ മഞ്ഞപ്പട നൽകിയ ആവേശത്തെ പ്രശംസിക്കുകയും അതേ പിന്തുണ അടുത്ത വർഷം ആതിഥ്യം വഹിക്കുന്ന ഏഷ്യ കപ്പ് ടൂർണമെന്റിനും ഉണ്ടാകണമെന്നും ജഹാം അൽ കുവാരി ആവശ്യപ്പെട്ടു. സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെ സീനിയർ കമ്യൂണിറ്റി ഔട്ട്റീച്ച് സ്പെഷലിസ്റ്റ് അനീഷ് ഗംഗാധരൻ, ഐ.സി.ബി.എഫ്, ഐ.സി.സി, ഐ.എസ്.സി പ്രതിനിധികൾ, ക്യു.ഐ.എഫ്.എഫ് സെക്രട്ടറി ഷമീം ചടങ്ങിൽ പങ്കെടുത്ത് അംഗങ്ങളെ ആദരിച്ചു.
ഏഷ്യാ കപ്പിനുള്ള ഖത്തർ മഞ്ഞപ്പടയുടെ ഇന്ത്യൻ ടീം ഫാൻ ജേഴ്സി പ്രകാശനവും ചടങ്ങിൽ നടന്നു. എ.എഫ്.സി ഫുട്ബാൾ കോച്ചിങ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയ ഖത്തർ മഞ്ഞപ്പട പ്രസിഡന്റ് സവാദ് അബ്ദുൽ സലാമിനെയും ജോയന്റ് സെക്രട്ടറി ജാബിറിനെയും ചടങ്ങിൽ ആദരിച്ചു. ഖത്തർ മഞ്ഞപ്പടയുടെ കോർ കമ്മിറ്റി അംഗങ്ങളും മാനേജ്മെന്റ് കമ്മിറ്റി ഭാരവാഹികളും ചടങ്ങിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.