ദോഹ: രാജ്യത്തെ സ്വകാര്യമേഖലാ സ്ഥാപനങ്ങൾക്ക് സാമ്പത്തിക പിന്തുണയുമായി ഖത്തർ ഡെവലപ്മെന്റ് ബാങ്ക്. സ്വകാര്യ മേഖലകളിലെ കമ്പനികളുടെ സാമ്പത്തിക ഉത്തേജനത്തിന് പാക്കേജുകൾ നടപ്പാക്കണമെന്ന അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നിർദേശം നടപ്പാക്കാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗം ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ഖത്തർ ഡെവലപ്മെൻറ് ബാങ്ക് പലിശരഹിത വായ്പ പ്രഖ്യാപിച്ചത്.
കോവിഡ് കാലത്ത് നടപ്പാക്കിയ സാമ്പത്തിക പാക്കേജായ നാഷനൽ റെസ്പോൺസ് ഗാരണ്ടി പ്രോഗ്രാം (എൻ.ആർ.ജി.പി) പ്രകാരമുള്ള വായ്പ തീർപ്പാക്കിയ ഖത്തരി കമ്പനികൾക്കാണ് ക്യു.ഡി.പിയുടെ പലിശരഹിത ഹ്രസ്വകാല വായ്പ നൽകുക. കോവിഡ് വ്യാപനത്തിനു പിന്നാലെയായിരുന്നു 2020ൽ ഖത്തർ ഡെവലപ്മെന്റ് ബാങ്കിനു കീഴിൽ എൻ.ആർ.ജി.പി പാക്കേജ് അനുവദിച്ചത്.
ക്യു.ഡി.ബി മുഖേനെ നൂറു ശതമാനം ഗാരണ്ടികൾ പ്രാദേശിക ബാങ്കുകൾക്ക് അനുവദിച്ചുകൊണ്ടായിരുന്നു സ്വകാര്യ കമ്പനികൾക്ക് എൻ.ആർ.ജി.പി വായ്പ അനുവദിച്ചത്. തിരിച്ചടവ് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ ഇവ തിരിച്ചടക്കാനും, പുതിയ സാമ്പത്തികപദ്ധതി ഉപയോഗപ്പെടുത്താനും പലിശ രഹിത പദ്ധതി തുണയേകും.
മൂന്നാമത് ഖത്തർ ദേശീയ വികസന നയത്തിന്റെ ഭാഗമായി കൂടിയാണ് സ്വകാര്യമേഖല കമ്പനികൾക്ക് ഉത്തേജനം നൽകുന്ന പാക്കേജുകൾ അവതരിപ്പിക്കുന്നത്. ഈ സംരംഭം ഉപയോഗപ്പെടുത്തുന്നതിന് കമ്പനികളുമായി ആശയ വിനിമയം നടത്തുമെന്ന് ഖത്തർ ഡെവലപ്മെന്റ് ബാങ്ക് അറിയിച്ചു.
എൻ.ആർ.ജി.പി തിരിച്ചടവുകൾ സുതാര്യവും അനായാസവുമാക്കുന്നതിന് പ്രദേശിക ബാങ്കുകളെയും കമ്പനികളെയും ബന്ധിപ്പിച്ച് ക്യു.ഡി.ബി നേരത്തേ ഫിനാൻസിങ് പോർട്ട് ഫോളിയോയും ആരംഭിച്ചിരുന്നു. പുതിയ പലിശരഹിത വായ്പ സ്വകാര്യ മേഖലക്ക് കൂടുതൽ ഉത്തേജനം നൽകാനും അതുവഴി ദേശീയ സമ്പദ് വ്യവസ്ഥ ശക്തമാക്കാനും കഴിയും.
2020ലെ നാഷനൽ റെസ്പോൺസ് ഗാരണ്ടി പ്രോഗ്രാമിലൂടെ പ്രാദേശിക ബാങ്കുകൾക്ക് 500കോടി റിയാലിന്റെ സമ്പൂർണ ഗാരണ്ടിയാണ് ക്യു.ഡി.ബി നൽകിയത്. ഇതുവഴി രാജ്യത്തെ കമ്പനികൾക്ക് മഹാമാരിക്കാലത്ത് ഈടുകളേതുമില്ലാതെ വായ്പയെടുക്കാനും പ്രതിസന്ധിയിൽ പിടിച്ചുനിൽക്കാനും വഴിയൊരുക്കി.
2021 സെപ്റ്റംബറിലെ കണക്കുപ്രകാരം 4200ലേറെ കമ്പനികളാണ് ക്യു.ഡി.ബിയുടെ എൻ.ആർ.ജി.പിക്കായി അപേക്ഷിച്ചത്. ബാധ്യതകൾ, ജീവനക്കാരുടെ ശമ്പളം, വാടക ഉൾപ്പെടെ ആവശ്യങ്ങൾക്ക് ഈ തുക ഉപയോഗിക്കാം എന്ന നിലയിലാണ് വായ്പ നൽകിയത്. രണ്ടു വർഷം ഗ്രേസ് പിരിയഡും, അടുത്ത രണ്ടു വർഷം തിരിച്ചടവും എന്ന നിലയിൽ നാലു വർഷമായിരുന്നു ഈ വായ്പയുടെ കാലാവധി. ഏറ്റവും ഒടുവിലായി ഒരു വർഷം കൂടി തിരിച്ചടവിനുള്ള ഗ്രേസ് പിരിയഡും അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.