ദോഹ: ക്യു.ഐ.ബി (ഖത്തർ ഇസ്ലാമിക് ബാങ്ക്)യുടെ മൊബൈൽ ആപ്ലിക്കേഷൻ വഴി ഇന്ത്യയിലേക്ക് നേരിട്ട് പണമയക്കാനുള്ള സൗകര്യം ആരംഭിച്ചതായി ബാങ്ക് അറിയിച്ചു. മൊബൈൽ ആപ്പിലെ ഡയറക്ട് റെമിറ്റ് സേവനം വഴിയാണ് ഇന്ത്യയിലെ ബാങ്കുകളിലേക്ക് നേരിട്ട് അതിവേഗം പണമയക്കുന്നതിനുള്ള സൗകര്യമേർപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ വേഗവും വിശ്വാസ്യതയുമുള്ള സേവനങ്ങൾ തങ്ങളുടെ ഉപഭോക്താക്കളിലേക്കെത്തിക്കുകയെന്ന ക്യു.ഐ.ബിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സേവനം.
ഡിസംബർ അവസാനം വരെ ആഴ്ചയിൽ എല്ലാ ദിവസവും 24 മണിക്കൂറും സേവനം സൗജന്യമായിരിക്കും. പുതിയ ഡയറക്ട് റെമിറ്റ് സേവനത്തിലൂടെ ക്യു.ഐ.ബി ഉപഭോക്താക്കൾക്ക് പണമയക്കുന്നതിനുള്ള സൗകര്യം വളരെ ലളിതമാക്കിയിരിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. ലളിതമായും വർധിച്ച സുരക്ഷയോടെയും ഒരു മിനിറ്റിനുള്ളിൽ ഇന്ത്യയിലേക്ക് പണമയക്കാൻ ഇതിലൂടെ സാധിക്കുമെന്നും ക്യു.ഐ.ബി വ്യക്തമാക്കുന്നു.
ഇന്ത്യയിലെ മുൻനിര ബാങ്കുകളിലൊന്നായ എച്ച്.ഡി.എഫ്.സിയുമായി ചേർന്നാണ് ക്യു.ഐ.ബി സേവനം. ഇതിലൂടെ ഇന്ത്യയിലെ ഐ.എം.പി.എസ്, എൻ.ഇ.എഫ്.ടി പെയ്മെൻറ് സർവിസുകളുമായി നേരിട്ട് ബന്ധപ്പെടാനും ക്യു.ഐ.ബിക്ക് സാധിക്കും. ഐ.എം.പി.എസ്, എൻ.ഇ.എഫ്.ടി സൗകര്യമുള്ള ഏത് ബാങ്കിലേക്കും നിമിഷ നേരങ്ങൾക്കുള്ളിൽ പണമയക്കാൻ സാധിക്കുമെന്നതാണ് സവിശേഷത.
പണമയക്കുന്നവർക്ക് ഇടപാടുകൾ ട്രാക്ക് ചെയ്യാനും പുതുക്കിയ വിവരങ്ങൾ അറിയുന്നതിനും കഴിയും. എ.ടി.എം അല്ലെങ്കിൽ ഡെബിറ്റ് കാർഡ് നമ്പറും രഹസ്യ പിൻ നമ്പറും ഉപയോഗിച്ച് എളുപ്പത്തിൽ ആപ്പിൽ രജിസ്റ്റർ ചെയ്യാനും സാധിക്കും. ആപ്പിൾ സ്റ്റോർ, ഗൂഗ്ൾ പ്ലേ സ്റ്റോർ, വാവെ ആപ് ഗാലറി എന്നിവയിൽ ക്യു.ഐ.ബി ആപ് ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.