ദോഹ: ഇസ്രായേലിന്റെ ദയാരഹിതമായ ആക്രമണത്തിൽ മരണം പെയ്യുന്ന ഫലസ്തീനികൾക്കുള്ള ഐക്യദാർഢ്യമായി വാർഷികാഘോഷം ഉൾപ്പെടെ മുഴുവൻ പരിപാടികളും റദ്ദാക്കി ഖത്തർ ഫിൽഹാർമോണിക് ഓർക്കസ്ട്ര. സമൂഹ മാധ്യമ പേജായ ‘എക്സ്’പ്ലാറ്റ്ഫോം വഴിയാണ് തങ്ങളുടെ ഷെഡ്യൂൾ ചെയ്ത മുഴുവൻ പരിപാടികളും റദ്ദാക്കുന്നതായി ‘ക്യു.പി.ഒ’ അറിയിച്ചത്. ഇസ്രായേലിന്റെ ആക്രമണത്തിൽ ഓരോ ദിവസവും മരിച്ചുവീഴുന്ന ആയിരങ്ങളുടെ കണക്ക് വേദനിപ്പിക്കുന്നു. നിരപരാധികളായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ മരിച്ചുവീഴുമ്പോൾ ആഘോഷ പരിപാടികളുമായി മുന്നോട്ടുപോകാൻ സാധ്യമല്ല.
ഫലസ്തീനികൾക്ക് ഖത്തർ ഫിൽഹാർമോണിക് ഫൗണ്ടേഷൻ ഐക്യദാർഢ്യം അർപ്പിക്കുന്നു -ക്യു.പി.ഒ അറിയിച്ചു. നേരത്തെ ഷെഡ്യൂൾ ചെയ്ത പരിപാടികൾക്കായി ടിക്കറ്റ് വാങ്ങിയവർക്ക് മുഴുവൻ തുകയും തിരികെ നൽകുമെന്നും അധികൃതർ അറിയിച്ചു. റദ്ദാക്കാനുള്ള തീരുമാനം നിരാശപ്പെടുത്തുമെങ്കിലും, ഈ ഘട്ടം ഫലസ്തീനികളുടെ വേദനക്കും ആവശ്യങ്ങൾക്കുമായി ശ്രദ്ധ നൽകേണ്ട സമയാണ്.
അവരുടെ അവകാശങ്ങൾക്കും ദുരിതങ്ങൾക്കുമൊപ്പമാണ് ക്യു.പി.ഒ- പ്രസ്താവനയിൽ പറഞ്ഞു. 2007ൽ ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്സൻ ശൈഖ മൗസ ബിൻത് നാസർ അൽ മിസ്നദ് സ്ഥാപിച്ച ഖത്തർ ഫിൽഹാർമോണിക് ഓർക്കസ്ട്രയുടെ 15ാമത് വാർഷികം വിപുലമായ പരിപാടികളോടെയായിരുന്നു തീരുമാനിച്ചത്. അറബ് കലാ-സംഗീതത്തിന് പ്രോത്സാഹനം നൽകി, അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുക ലക്ഷ്യവുമായാണ് ക്യു.പി.ഒ ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.