ദോഹ: പിന്നിട്ടുനിന്നശേഷം പൊരുതിക്കയറി തുടർച്ചയായ ആറാം ജയം സ്വന്തമാക്കിയ അൽ ദുഹൈൽ ക്യു.എൻ.ബി ഖത്തർ സ്റ്റാർസ് ലീഗ് ഫുട്ബാളിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. അൽ മർഖിയയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് അൽ ദുഹൈൽ കീഴടക്കിയത്.
അഞ്ചു മിനിറ്റിനിടെ മൂന്നു തവണ വലകുലുക്കിയാണ് ഹെർനാൻ ക്രെസ്പോയുടെ ശിഷ്യഗണങ്ങൾ മിടുക്കുകാട്ടിയത്. 13 കളികളിൽ 10 ജയമടക്കം 32 പോയന്റുമായി അൽ ദുഹൈൽ ഒന്നാം സ്ഥാനത്ത് ഏഴു പോയന്റ് ലീഡ് നേടിയിട്ടുണ്ട്. 25 പോയന്റുള്ള അൽ അറബി രണ്ടാമതും 19 പോയന്റുള്ള അൽ സദ്ദ് മൂന്നാമതുമാണ്.
അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 55ാം മിനിറ്റിൽ അലി സഈദ് അൽ മൊഹന്നദിയുടെ ഗോളിലാണ് അൽ മർഖിയ മുന്നിലെത്തിയത്. എന്നാൽ, ഖാലിദ് മുഹമ്മദ് (73ാം മിനിറ്റ്), മൈക്കൽ ഒലൂംഗ (76), നാം തേ ഹീ (78) എന്നിവർ തുടരെ വല കുലുക്കിയതോടെ അൽ ദുഹൈലിന് മിന്നും ജയമായി. മറ്റൊരു മത്സരത്തിൽ അൽ റയ്യാൻ മറുപടിയില്ലാത്ത നാലു ഗോളുകൾക്ക് അൽ അഹ്ലിയെ തകർത്തു. യോഹാൻ ബോലി ഇരട്ട ഗോൾ നേടിയ കളിയിൽ അബ്ദുൽ അസീസ് ഹാതിം, ജീസൺ വാർഗാസ് എന്നിവർ ഓരോ ഗോൾ വീതം നേടി. മുഹമ്മദ് അബ്ദുല്ല അൽ ഇസ്ഹാഖ് 56ാം മിനിറ്റിൽ ചുവപ്പുകാർഡ് കണ്ട് പുറത്തായശേഷം പത്തുപേരുമായാണ് അൽ അഹ്ലി പന്തുതട്ടിയത്. മറ്റൊരു കളിയിൽ അൽ സൈലിയയും ഉമ്മു സലാലും 1-1ന് സമനിലയിൽ പിരിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.