വർഷങ്ങൾക്ക് മുമ്പ് ഗൾഫിൽനിന്നും ചെറിയ പെരുന്നാൾ അവധിക്കു നാട്ടിൽ വന്ന ഞാൻ സന്ധ്യ നമസ്‌കാരത്തിനായി പള്ളിയിൽ എത്തിയതായിരുന്നു. നാളെയാണ് പെരുന്നാൾ. ഇന്ന് വ്രതാനുഷ്ഠാനത്തിെൻറ സമാപനമാണ്. വ്രതം അവസാനിപ്പിക്കാനുള്ള സന്ധ്യ സമയത്തെ ബാങ്കുവിളി പ്രതീക്ഷിച്ചു പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ആബാലവൃദ്ധം ജനങ്ങൾ. പള്ളി മുഴുവൻ ഭക്തി സാന്ദ്രമായ നിശ്ശബ്ദത. എെൻറ സ്മൃതികൾ രണ്ടു പതിറ്റാണ്ടു മുൻപത്തെ ബാല്യകാലത്തിെൻറ ആഴങ്ങളിലേക്ക് മുങ്ങിത്താഴ്ന്നു. നിറം മങ്ങിയ ബാല്യത്തിലെ ജീരക ഗന്ധമുള്ള റമദാൻ സ്മരണകൾ പെെട്ടന്ന് കടന്നുവന്നു. പഴയ പള്ളി, മുല്ലാക്ക, തുടങ്ങിയ മുഖ്യ കഥാപാത്രങ്ങൾ ആ സ്മരണകളെ കീഴടക്കി.
അന്ന് വ്രത മാസങ്ങളിൽ കുട്ടികൾ നേരത്തെ തന്നെ പള്ളിയും പരിസരവും കയ്യടക്കും, കുട്ടികളുടെ കലപില ആസഹ്യമാകുമ്പോൾ മുല്ലാക്കയുടെ ശാസന, അതോടെ കുറച്ചു നേരത്തേക്ക് കുട്ടികൾ അടങ്ങും. പള്ളിയിൽ വിളമ്പുന്ന ജീരക കഞ്ഞിയിലാണ് കുട്ടികളുടെ നോട്ടം. അവിടെ ജീരക കഞ്ഞിയുടെ വലിയ കലത്തിൽ ചിരട്ട തവി ഇളക്കി കൊണ്ട് മൂസാക്ക നിൽക്കുകയാണ്. കുട്ടികളുടെ പ്രതീക്ഷ മുഴുവൻ മൂസാക്കയുടെ കരങ്ങളിലേക്കാണ്. ആരുടെ മൺചട്ടിയിലാണ് അധികം കഞ്ഞി വീഴുന്നത് എന്നാണ് എല്ലാവരുടെയും ഉത്ക്കണ്ഠ. അന്ന് ഞങ്ങളുടെ ഗ്രാമത്തിൽ ഏകദേശം കുടുംബങ്ങളും പ്രാരാബ്ദക്കാരാണ്. പ്രത്യേകിച്ച് എെൻറ കുടുംബവും. കടുത്ത ദാരിദ്ര്യം വലകെട്ടിയ എെൻറ വീട്ടിൽ പലനാളുകളിലും അടുപ്പ് പുകഞ്ഞിരുന്നില്ല എന്നതായിരുന്നു സത്യം.
പൊന്നാനിയിൽ നിന്നും ചുമട്ടു തൊഴിലാളിയായി തെൻറനാട്ടിൽ എത്തിയതായിരുന്നു മൂസാക്ക. യുവത്വത്തിെൻറ ആവേശം നഷ്ടപ്പെട്ട മൂസക്കാക്ക് ചുമടെടുക്കുവാനുള്ള ആരോഗ്യം നഷ്ടപ്പെട്ടതോടെ ജീവിതത്തിെൻറ മുന്നോട്ടുള്ള ഗമനം പരുങ്ങലിലായി. തുടർന്നുള്ള അദ്ദേഹത്തിെൻറ ജീവിത പരിസരം പള്ളിയും ചുറ്റുവട്ടവുമായി. റമദാനായാൽ വിശ്വാസികൾക്ക് നോമ്പ് തുറക്കാൻ നൽകുന്ന ജീരക കഞ്ഞിയുടെ ചുമതല അദ്ദേഹത്തിനായിരുന്നു. ഇത് സ്വയം ഏറ്റെടുത്തതോ പള്ളി ഭാരവാഹികൾ ഉത്തരവാദപ്പെടുത്തിയതോ എന്നറിയില്ല. വ്രതാനുഷ്ഠാന കാലയളവിൽ ഒരു നിയോഗമെന്ന നിലയിൽ നിത്യവും തെൻറ കഞ്ഞി വിളമ്പൽ പ്രക്രിയ അദ്ദേഹം നടത്തിയിരുന്നു.
ജീരക കഞ്ഞി വിളമ്പിയിരുന്നത് മൺചട്ടികളിലായിരുന്നു. കുട്ടികൾക്ക് ചെറിയ ചട്ടിയും മുതിർന്നവർക്ക് വലിയ ചട്ടിയുമാണ് അനുവദിച്ചിരുന്നത്. കുസൃതിക്കുട്ടികൾ വലിയ ചട്ടിയെടുത്താൽ ഉടൻ വരും മൂസാക്കയുടെ കണ്ണുരുട്ടൽ. പ്രാർത്ഥനക്കു ശേഷം വിശ്വാസികൾ തങ്ങളുടെ വീടുകളിലേക്ക് പോയാൽ പിന്നെ മൂസക്കയും മൺചട്ടികളും മാത്രം പള്ളിയിൽ ബാക്കിയാകും. കഞ്ഞി ബാക്കിയായാൽ (പലപ്പോഴും ബാക്കിയാകാറില്ല) പഴകി ചളുങ്ങിയ തെൻറ ചോറ്റു പാത്രത്തിൽ മൂസക്ക അതൊഴിച്ചു കൊണ്ടുപോകും. അവശേഷിച്ച കഞ്ഞിയുമായി വീട്ടിലേക്കുമടങ്ങുന്ന മൂസാക്കയെ തെല്ലു അസൂയയോടെ നോക്കിയിരുന്നത് ഞാൻ ഓർത്തെടുത്തു . ആയിടക്ക് പള്ളിയിലെ മൺചട്ടി കഴുകുന്ന ജോലി അന്ന് കുട്ടിയായിരുന്ന ഞാൻ ഏറ്റെടുത്തു. തലേന്നാൾ സന്ധ്യക്ക് പള്ളിക്കുളത്തിൽ മൂസക്ക ഇടുന്ന ചട്ടികൾ വൃത്തിയായി കഴുകി അടുക്കി വെച്ചു.
ഇതിൽ സംപ്രീതനായ മൂസക്ക അവശേഷിക്കുന്ന ജീരക കഞ്ഞിയിൽനിന്നും ഒരുഭാഗം എനിക്കും നൽകിതുടങ്ങി. ആ കഞ്ഞിയുമായി വീട്ടിലെത്തുമ്പോൾ സന്തോഷത്തോടെ ഇരു കൈകളും നീട്ടി സ്വീകരിക്കുന്ന എെൻറ ഉമ്മയെ ഓർത്തുപോകുന്നു. ആ മാതാവിെൻറ അന്നത്തെ നോമ്പുതുറയും അത്താഴവുമെല്ലാം ഈ ജീരക കഞ്ഞി മാത്രമായിരുന്നു. അതോടെ ഏതു വിധേനെയും ജീരക കഞ്ഞി സമ്പാദിക്കൽ എെൻറ അവശ്യഘടകമായി . എന്നാൽ ഏതാനും നാൾ എനിക്ക് മൂസാക്ക കഞ്ഞി നൽകിയില്ല. ഇതിൽ വേദനിച്ച എെൻറ കുഞ്ഞു മനസ്സിൽ മൂസാക്കയോട് ദേഷ്യം നുരഞ്ഞു പൊങ്ങി. അതോടെ മൺചട്ടി കഴുകുന്ന ജോലി നിർത്തി പ്രതിഷേധം അറിയിച്ചു. ആയിടെ ഒരുദിവസം മൂസാക്ക പറഞ്ഞു.
രണ്ടു ദിവസം കഞ്ഞി തരാഞ്ഞതിനാൽ നീ ചട്ടി കഴുകൽ നിറുത്തിയല്ലേ. മനപൂർവ്വം തരാത്തതല്ല കുട്ടീ. കഞ്ഞി ഒട്ടും ബാക്കി ഉണ്ടായിരുന്നില്ല. ഈ കഴിഞ്ഞ ദിവസങ്ങളിൽ എെൻറ വീടും പട്ടിണിയായിരുന്നു’. ഇത് പറയുമ്പോൾ മൂസാക്കയുടെ കണ്ണുകളിൽ നീർച്ചാൽ കെട്ടുന്നുണ്ടായിരുന്നോ. ഇല്ല, കാരണം മൂസാക്കയുടെ കണ്ണുകളിൽ ഇനിയും ഒഴുകാൻ കണ്ണുനീർ അവശേഷിക്കുന്നുണ്ടായിരുന്നില്ല. പെട്ടെന്നാണ് മഗ്‌രിബ് ബാങ്കിെൻറ അലയൊലികൾ ഉയർന്നതു. ഒരു ചീള് കാരക്കയും വെള്ളവും ഭക്ഷിച്ചു നോമ്പ് മുറിക്കുന്നതിെൻറ ഒാർമയിൽനിന്നും, ആപ്പിളും, മുസംബിയും ഷമാമും പേറി മുന്നിലിരിക്കുന്ന അലുമിനിയം കണ്ടയിനറിലേക്കു ഉപ്പ് രസമുള്ള ഒരു തുള്ളി ജലം എെൻറ നയനങ്ങളിൽ നിന്നും ഇറ്റുവീണു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.