ദോഹ: ഭക്തിയുടെയും ആത്മസംസ്കരണത്തിന്റെയും വേളയിൽ വായനയുടെ പൂക്കാലമൊരുക്കിയ റമദാൻ പുസ്തകമേളക്ക് തുടക്കമായി. റമദാനിൽ മുതിർന്നവരുടെയും കുട്ടികളുടെയും വായന സംസ്കാരം കൂടി പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് രണ്ടാമത് റമദാൻ പുസ്തകമേളക്ക് ഉംസലാലിലെ ദർബ് അൽ സാഇയിൽ തുടക്കം കുറിച്ചു. സാംസ്കാരിക വകുപ്പ് മന്ത്രി ശൈഖ് അബ്ദുറഹ്മാൻ ബിൻ ഹമദ് ബിൻ ജാസിം ബിൻ ഹമദ് ആൽഥാനി, സഹമന്ത്രിയും ഖത്തർ നാഷനൽ ലൈബ്രറി പ്രസിഡന്റുമായ ഹമദ് ബിൻ അബ്ദുൽ അസീസ് അൽ കുവാരി എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
പുതിയ വേദിയുടെ ലഭ്യതയും വിശാലമായ സ്ഥലവും കൂടുതൽ വൈവിധ്യമാർന്ന പരിപാടികൾക്ക് വേദിയാകാനുള്ള ശേഷിയുമാണ് സൂഖ് വാഖിഫിൽനിന്നും ഉംസലാലിലെ ദർബ് അൽ സാഇയിലേക്ക് റമദാൻ പുസ്തകമേള മാറ്റിയതിന് കാരണമെന്ന് മേധാവി ജാസിം അൽ ബുഐനൈൻ പറഞ്ഞു.
കൂടുതൽ വ്യത്യസ്തവും വൈവിധ്യപൂർണമായതും രണ്ടാമത് മേളയിൽ കൂടുതൽ പ്രസിദ്ധീകരണ സ്ഥാപനങ്ങളും കമ്പനികളും എത്തിയതും ആദ്യ പതിപ്പിൽനിന്നും മേളയെ വ്യത്യസ്തമാക്കുന്നുവെന്നും അൽ ബുഐനൈൻ കൂട്ടിച്ചേർത്തു. പുസ്തകമേള വേദിയിൽ തന്നെ ഇശാ, തറാവീഹ് നമസ്കാരങ്ങൾക്കായി പ്രത്യേകം പള്ളി നിശ്ചയിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
79 പ്രസാധക സ്ഥാപനങ്ങളാണ് ഇത്തവണ പുസ്തകമേളയിൽ പങ്കെടുക്കുന്നത്. കഴിഞ്ഞവർഷത്തേ അപേക്ഷിച്ച് പ്രസാധകരുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായിട്ടുണ്ട്. 31 സ്ഥാപനങ്ങൾ ഖത്തറിൽനിന്നുള്ളവയാണ്. സൗദി അറേബ്യ, തുർക്കി, കുവൈത്ത്, ഈജിപ്ത്, ജോർഡൻ, യു.എ.ഇ, ഇറാഖ്, സിറിയ, ലബനാൻ, തുനീഷ്യ, അൽജീരിയ, കാനഡ, ബ്രിട്ടൻ, ആസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നാണ് ബാക്കി സ്ഥാപനങ്ങൾ. 2022ൽ 48 പ്രസിദ്ധീകരണ സ്ഥാപനങ്ങളാണ് പങ്കെടുത്തിരുന്നത്.
ഇംഗ്ലീഷ്, അറബി ഭാഷകളിലായി കുട്ടികൾക്കുള്ള പുസ്തകങ്ങളും ഈ മേളയിൽ ലഭ്യമാകുമെന്ന് അൽ ബുഐനൈൻ പറഞ്ഞു. പുസ്തകങ്ങൾക്കുപുറമെ, സാംസ്കാരിക മന്ത്രാലയം സംഘടിപ്പിക്കുന്ന മേളയിൽ കലാ-പൈതൃക പ്രവർത്തനങ്ങൾ, മത-സാംസ്കാരിക പ്രഭാഷണങ്ങൾ, സെമിനാറുകൾ, ഗരങ്കാവോ നൈറ്റ്, കുട്ടികൾക്കുള്ള വിവിധ പരിപാടികൾ, ബസാർ ടെന്റ്, ചിൽഡ്രൻസ് തിയറ്റർ എന്നിവയും ഉണ്ടായിരിക്കും.
എല്ലാ ദിവസവും രാത്രി ഒമ്പതുമുതൽ കുട്ടികളുടെ പരിപാടികൾ നടക്കും. മൺപാത്രങ്ങൽ, പ്രവാചകന്മാരുടെ കഥകൾ, ലെഗോ, ഈദ് കാർഡ്, റമദാൻ രൂപങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ശിൽപശാലകളും ഇതിലുൾപ്പെടും. ഏപ്രിൽ അഞ്ച് വരെ വൈകീട്ട് ഏഴ് മുതൽ രാത്രി 12 വരെയാണ് പുസ്തകമേളയുടെ പ്രവർത്തന സമയം. ദോഹ മെട്രോ ഗ്രീൻ ലൈനിൽ റയ്യാൻ അൽ ഖദീം സ്റ്റേഷനിലിറങ്ങി അവിടെനിന്നുള്ള ഷട്ടിൽ ബസ് സർവിസ് വഴി മേളയിലെത്താം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.