ദോഹ: ക്രൂസ് സീസണിൽ ദോഹയിലെത്തിയ സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോഡ് വർധനയുണ്ടായതായി എംവാനി ഖത്തറിന്റെ റിപ്പോർട്ട്. ഏപ്രിൽ പത്തുവരെയുള്ള റിപ്പോർട്ട് അനുസരിച്ച് 2022-2023 ക്രൂസ് സീസണിൽ ഇതുവരെ 2,73,666 യാത്രക്കാർ ദോഹ തുറമുഖത്ത് എത്തിയെന്നാണ് കണക്കുകൾ. യാത്രക്കാരും കപ്പൽ ജീവനക്കാരും ഉൾപ്പെടെയുള്ള സന്ദർശകരുടെ കണക്കാണിത്.
മുൻ ക്രൂസ് സീസണുകളേക്കാൾ റെക്കോഡ് വർധനയാണ് കപ്പൽ യാത്രികരുടെ എണ്ണത്തിലുണ്ടായതെന്ന് എംവാനി ഖത്തർ പ്രഖ്യാപിക്കുന്നു. കഴിഞ്ഞ ഏതാനും വർഷമായി ഖത്തർ ടൂറിസത്തിന്റെ ക്രൂസ് വിനോദസഞ്ചാര പ്രോത്സാഹന പദ്ധതികളോടുള്ള വിദേശ രാജ്യങ്ങളുടെ പിന്തുണയുടെ ഫലമാണ് സഞ്ചാരികളുടെ വരവിലെ വർധന കാണിക്കുന്നത്.
2030 ഖത്തർ ദേശീയ വിഷൻ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നുകൂടിയാണ് കടൽ വഴിയുള്ള ടൂറിസ്റ്റുകളുടെ വരവ് വർധിപ്പിക്കുക എന്നത്.
ലോകകപ്പിനു പിന്നാലെ 2022 ഡിസംബർ 25നാണ് ക്രൂസ് സീസണിന്റെ ഭാഗമായി ആദ്യ കപ്പൽ ദോഹ തീരത്ത് നങ്കൂരമിട്ടത്. ഇതുവരെയായി 55 കപ്പലുകളിൽ സീസണിൽ ദോഹ തീരത്ത് എത്തിയെന്നാണ് റിപ്പോർട്ട്. ഏപ്രിൽ പത്തിനെത്തിയ ജർമനിയിൽനിന്നുള്ള എയ്ഡ കോസ്മയായിരുന്നു ഒടുവിൽ വന്ന ക്രൂസ് കപ്പൽ. 5500 സന്ദർശകരും 1393 ജീവനക്കാരും ഉൾപ്പെടെ വലിയ നിരയുമായാണ് കപ്പൽ ദോഹയിൽ നങ്കൂരമിട്ടത്.
കപ്പൽ വഴിയെത്തുന്ന വിദേശ സഞ്ചാരികളുടെ സാന്നിധ്യം ദോഹ കോർണിഷ്, സൂഖ് വാഖിഫ്, ലുസൈൽ ഉൾപ്പെടെ കേന്ദ്രങ്ങളിൽ വലിയ ഉണർവിനും വഴിയൊരുക്കി. മുൻ വർഷത്തെ അപേക്ഷിച്ച് 166 ശതമാനമാണ് സന്ദർശകരുടെ വരവിലുണ്ടായ വർധന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.