ദോഹ: ഇറാൻ തടവിലാക്കിയ തങ്ങളുടെ പൗരന്മാരുടെ മോചനത്തിന് പിന്തുണ നൽകിയ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് അഭിനന്ദനവും നന്ദിയും അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ സന്ദേശം. ഇറാൻ ജയിലിൽ കഴിഞ്ഞ അഞ്ച് അമേരിക്കൻ പൗരന്മാരെയാണ് ഖത്തറിന്റെ മധ്യസ്ഥ ചർച്ചകൾക്കൊടുവിൽ കഴിഞ്ഞ ദിവസം മോചിപ്പിച്ച് ദോഹവഴി നാട്ടിലേക്കയച്ചത്.
ഇവർ ദോഹയിലെത്തിയതിനു പിന്നാലെയായിരുന്നു അമേരിക്കൻ പ്രസിഡന്റിന്റെ അഭിനന്ദന സന്ദേശമെത്തിയത്. ഇറാന്റെ നടപടിക്ക് പകരമായി അമേരിക്കൻ ജയിലുകളിലെ അഞ്ച് ഇറാനിയന്‍ പൗരന്മാരെയും മോചിപ്പിച്ചിരുന്നു.
മധ്യസ്ഥശ്രമങ്ങൾക്കും സമാധാന കരാർ പ്രാബല്യത്തിൽ വരാനും നേതൃത്വം നൽകിയ ഖത്തർ അമീറിനെയും ഒമാന്‍ സുല്‍ത്താനെയും നന്ദിയും ഞങ്ങളുടെ അഭിനന്ദനവും അറിയിക്കുന്നതായി വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസിഡന്റിന്റെ പ്രസ്താവനയിൽ അറിയിച്ചു.
മാസങ്ങള്‍ നീണ്ട ദൗത്യത്തിലൂടെ ശ്രമകരവും തത്ത്വങ്ങളില്‍ അധിഷ്ഠിതവുമായ കരാര്‍ സുഗമമാക്കാന്‍ ഇരു രാജ്യങ്ങളും വളരെയധികം സഹായിച്ചെന്നും ജോ ബൈഡന് പ്രസ്താവനയില്‍ വ്യക്തമാക്കി. മോചനത്തിനായി സഹായിച്ച സ്വിറ്റ്സര്‍ലൻഡ്, ദക്ഷിണ കൊറിയ എന്നീ സര്‍ക്കാറുകള്‍ക്കും ബൈഡന് നന്ദി അറിയിച്ചിട്ടുണ്ട്.
ഖത്തറിന്റെ മധ്യസ്ഥതയില്‍ ദോഹയില്‍ നടന്ന തുടർ ചർച്ചകൾക്കൊടുവിലായിരുന്നു അന്താരാഷ്ട്രതലത്തിൽ ഏറെ ശ്രദ്ധേയമായ ദൗത്യം പൂർത്തിയാക്കപ്പെടുന്നത്. തെഹ്റാനിൽനിന്ന് ജയിൽമോചിതരായ അഞ്ച് അമേരിക്കൻ പൗരന്മാരെയും വഹിച്ചുള്ള ഖത്തർ എയർവേസ് വിമാനം തിങ്കളാഴ്ച വൈകീട്ട് ദോഹയിലെത്തിയപ്പോൾ സർക്കാർ പ്രതിനിധികൾ ചേർന്ന് സ്വീകരണം നൽകി.
വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ സാലിഹ് അൽ ഖുലൈഫി ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. അഞ്ച് അമേരിക്കൻ പൗരന്മാരും അവരുടെ കുടുംബങ്ങളുമായിരുന്നു ദോഹയിലെത്തി, അധികം വൈകാതെതന്നെ അമേരിക്കയിലേക്കും പറന്നത്. അമേരിക്കയിൽ തടവിലായ അഞ്ച് ഇറാനികളില്‍ രണ്ടുപേർ ദോഹയിലെത്തിയിരുന്നു. മൂന്നുപേർ അമേരിക്കയില്‍തന്നെ തുടരാനാണ് താല്പര്യം പ്രകടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.