ദോഹ: പഴയ കറൻസി നോട്ടുകൾ ഡിസംബർ 31നുള്ളിൽ മാറ്റിയെടുക്കണമെന്ന് ഓർമിപ്പിച്ച് ഖത്തറിലെ ബാങ്കുകൾ. ഇതുസംബന്ധിച്ച അറിയിപ്പുകൾ സമൂഹ മാധ്യമ പോസ്റ്റുകളിലൂടെയും മൊബൈൽ എസ്.എം.എസ് വഴിയും സ്വദേശികളെയും വിദേശികളെയും കഴിഞ്ഞ ദിവസങ്ങളിൽ ബാങ്ക് അധികൃതർ ഓർമിപ്പിച്ചു. ഖത്തർ സെൻട്രൽ ബാങ്ക് നിർദേശപ്രകാരം, എ.ടി.എമ്മുകളിലും ശാഖകളിലും പഴയ ബാങ്ക് നോട്ടുകൾ 2021 ഡിസംബർ 31 വരെ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് അഹ്ലി ബാങ്ക് ട്വീറ്റ് ചെയ്തു. അതേസമയം, പഴയ ബാങ്ക്നോട്ടുകളുടെ കാലാവധി സംബന്ധിച്ച് തങ്ങളുടെ ഉപഭോക്താക്കൾക്ക് ദോഹ ബാങ്ക് എസ്.എം.എസ് അയച്ചുതുടങ്ങി. ബാങ്ക് ശാഖകളിലും എ.ടി.എമ്മുകളിലും ഡിസംബർ 31വരെ മാത്രമേ പഴയ നോട്ടുകൾ സ്വീകരിക്കുകയുള്ളൂവെന്ന് ദോഹ ബാങ്ക് ഓർമിപ്പിക്കുന്നു.
ക്യു.ഐ.ബിയും അൽ ഖലീജ് ബാങ്കും പഴയ ബാങ്ക് നോട്ടുകളുടെ കാലാവധി സംബന്ധിച്ച് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഡിസംബർ 13നാണ് നിലവിലുള്ള നാലാം സീരീസ് നോട്ടുകൾ പിൻവലിച്ചത്. കഴിഞ്ഞ ദേശീയ ദിനമായ ഡിസംബർ 18ന് പുതിയ കറൻസി നോട്ടുകൾ പുറത്തിറക്കുകയും ചെയ്തു. ആദ്യ ഘട്ടത്തിൽ 2021 മാർച്ച് വരെയും പിന്നീട് ഉപഭോക്താക്കളുടെ സൗകര്യം പരിഗണിച്ച് ജൂലൈ ഒന്നുവരെയും പഴയ നോട്ടുകൾ മാറ്റുന്നതിനുള്ള കാലാവധി ഖത്തർ സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ചിരുന്നു. പിന്നീടാണ് ഡിസംബർ 31 വരെയാക്കി ദീർഘിപ്പിച്ചത്. ഏറെ പുതുമയോടും പ്രത്യേകതയോടുമാണ് അഞ്ചാം സീരീസിലുള്ള പുതിയ കറൻസികൾ സെൻട്രൽ ബാങ്ക് പുറത്തിറക്കിയത്.
ഡിസംബർ 31നുശേഷം പഴയ നോട്ടുകൾ സാധുത ഇല്ലാത്തതാകും. എന്നാൽ, നോട്ടുകൾ പിൻവലിച്ച തീയതി മുതൽ പത്തുവർഷത്തിനുള്ളിൽ സെൻട്രൽ ബാങ്കിൽ നിന്നുമാത്രം അവ മാറ്റി വാങ്ങാൻ കഴിയും. നിലവിൽതന്നെ എല്ലാ ബാങ്കുകളുടെയും എ.ടി.എമ്മുകളിൽ പഴയ നോട്ടുകൾ നിക്ഷേപിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ പുതിയ നോട്ടുകൾ ലഭിക്കാനുള്ള അവസരവുമുണ്ട്.
200 റിയാലിെൻറ പുതിയ നോട്ടും കഴിഞ്ഞ വർഷം പുറത്തിറങ്ങിയതാണ്. ശൈഖ് അബ്ദുല്ല ബിൻ ജാസിം ആൽഥാനിയുടെ ഫോട്ടോ ആലേഖനം ചെയ്തതാണ് പുതിയ 200െൻറ നോട്ട്. ഖത്തർ നാഷനൽ മ്യൂസിയവും മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ടും നോട്ടിലുണ്ട്. പുതിയ നോട്ടുകളുടെ മുൻവശത്തെ ഡിസൈൻ പരമ്പരാഗത ജ്യാമിതീയ പാറ്റേണുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ദേശീയ പതാകയും ഖത്തരി സസ്യജാലങ്ങളും ഉൾക്കൊള്ളുന്നുമുണ്ട്. നോട്ടിൽ കാണുന്ന പ്രത്യേക കവാടത്തിെൻറ ചിത്രം പരമ്പരാഗത ഖത്തരി വാസ്തുവിദ്യയെയാണ് അടയാളപ്പെടുത്തുന്നത്. നോട്ടിെൻറ പിറകുവശം
ഖത്തരി പാരമ്പര്യം, ഇസ്ലാമിക ചരിത്രം, സംസ്കാരം, സസ്യജാലങ്ങൾ, ജന്തുജാലങ്ങൾ, വിദ്യാഭ്യാസ-കായിക-സാമ്പത്തിക മേഖലയിലെ വികസനമാണ് കാണിക്കുന്നത്. പുതിയ നോട്ടുകളിലെ അക്കങ്ങളും സമാന്തരമായ വരകളും കാഴ്ചത്തകരാർ ഉള്ളവർക്കുകൂടി വിനിമയം എളുപ്പമാക്കാനുള്ളതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.