ഖത്തറിൽ പ്രവാസി തൊഴിലാളികളുടെ റിക്രൂട്ട്മെൻറ് സംവിധാനങ്ങൾ നവീകരിക്കുന്നു

ദോഹ: രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ റിക്രൂട്ട്മെൻറ് സംവിധാനങ്ങളും നടപടികളും വികസിപ്പിക്കുന്നതിനായി പുതിയ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് ഭരണനിർവഹണ വികസന തൊഴിൽ സാമൂഹിക മന്ത്രാലയം. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്​ദുൽ അസീസ്​ ആൽഥാനിയുടെ അധ്യക്ഷതയിൽ അമീരി ദീവാനിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ തൊഴിൽ മന്ത്രാലയത്തിെൻറ ഭാവി പദ്ധതികൾ സംബന്ധിച്ച അവതരണത്തിലാണ് വകുപ്പ് മന്ത്രി യൂസുഫ് ബിൻ മുഹമ്മദ് അൽ ഉഥ്മാൻ അൽ ഫഖ്റൂ ഇക്കാര്യം വ്യക്തമാക്കിയത്.

സ്വകാര്യമേഖലയിലെ സ്വദേശിവത്​കരണമുൾപ്പെടെ നിരവധി പദ്ധതികൾ സംബന്ധിച്ചും മന്ത്രിസഭയിൽ തൊഴിൽ മന്ത്രി അവതരിപ്പിച്ചു. സ്വകാര്യമേഖലയിലെ സ്വദേശിവത്​കരണം, തൊഴിൽ നൈപുണ്യവും പ്രാപ്തിയും മാനദണ്ഡമാക്കി പ്രവാസി തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള സംവിധാനങ്ങൾ വികസിപ്പിക്കുക, മിനിമം വേതന പദ്ധതി നടപ്പാക്കുക, തൊഴിലാളികളുടെ വേതന സംരക്ഷണ സംവിധാനം കാര്യക്ഷമമാക്കുക തുടങ്ങി വിവിധ വിഷയങ്ങൾ അദ്ദേഹം മന്ത്രിസഭക്ക് മുമ്പാകെ വിശദീകരിച്ചു.

പ്രധാനമന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരം മന്ത്രാലയങ്ങളും സർക്കാർ ഏജൻസികളും പദ്ധതികളും സംബന്ധിച്ച് അവതരിപ്പിക്കുന്നതിെൻറ ഭാഗമായാണ് തൊഴിൽ മന്ത്രാലയത്തിെൻറ തന്ത്രപ്രധാനനടപടികൾ മന്ത്രിസഭയിൽ അവതരിപ്പിച്ചത്. സർക്കാർ നടപടികൾ കാര്യക്ഷമമാക്കുക, തൊഴിൽ വിപണികൾ നിയന്ത്രിക്കുകയും പ്രവർത്തനക്ഷമമാക്കുകയും വികസിപ്പിക്കുകയും ചെയ്യുക, ഖത്തർ വിഷൻ 2030 സാക്ഷാത്കരിക്കുന്നതിെൻറ ഭാഗമായി സമൂഹത്തിെൻറ ക്ഷേമവും സുസ്​ഥിരതയും ഉറപ്പുവരുത്തുക എന്നിവക്ക് മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്​. ഭരണനിർവഹണ വികസനം, തൊഴിൽ മേഖല, സാമൂഹിക കാര്യങ്ങൾ എന്നീ മേഖലകളിൽ ഉന്നത അന്താരാഷ്​ട്ര നിലവാരത്തിൽ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതും മന്ത്രാലയം ആസൂത്രണം ചെയ്യുന്നതായും മന്ത്രി വ്യക്തമാക്കി.

രണ്ടാമത് ദേശീയ വികസന പദ്ധതിയിൽ തൊഴിൽ മന്ത്രാലയത്തിെൻറ 27 പദ്ധതികളാണുൾപ്പെടുന്നത്. ഇതിൽ അഡ്മിനിസ്​േട്രറ്റിവ് ഡെവലപ്മെൻറ് മേഖലയിൽ ആറ് പദ്ധതികളും തൊഴിൽ മേഖലയിൽ 10 പദ്ധതികളും സാമൂഹിക മേഖലയിൽ 11 പദ്ധതികളും ഉൾപ്പെടുന്നു. അന്താരാഷ്​ട്ര തൊഴിൽ സംഘടനയുമായി സഹകരിച്ച് 26 പദ്ധതികളാണ് മന്ത്രാലയം നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.